ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം എഡിഷന് മുമ്പ് വിക്കറ്റ് കീപ്പർ റിഷാഭ് പന്തിന് പകരക്കാരനെ കണ്ടെത്തി ഡൽഹി ക്യാപിറ്റൽസ്. ബംഗാളിന്റെ കീപ്പർ- ബാറ്റർ അഭിഷേക് പോറലാണ് പരിക്കേറ്റ റിഷഭ് പന്തിന് പകരക്കാനായി ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തുന്നത്. കഴിഞ്ഞ വർഷാവസാനമായിരുന്നു ലോക ക്രിക്കറ്റിനെ ഞെട്ടിച്ച കാർ അപകടം ഉണ്ടായത്. അപകടത്തിൽ വലിയ രീതിയിൽ പരിക്കേറ്റ റിഷഭ് പന്ത് ഇതുവരെ ടീമിലേക്ക് തിരികെയെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ വിക്കറ്റ് കീപ്പറെ ഡൽഹി കണ്ടെത്തിയിരിക്കുന്നത്.
“നിലവിലെ സീസണിലേക്ക് ഡൽഹി റിഷാഭ് പന്തിന് പകരം അഭിഷേക് പോറലിനെ ടീമിലെത്തിക്കാനാണ് ശ്രമിക്കുന്നത്. നിലവിൽ പോറൽ 21കാരനാണ്. റിക്കി പോണ്ടിങ്ങിന്റെയും സൗരവ് ഗാംഗുലിയുടെയും കീഴിൽ ടീമിൽ ഒരുപാട് മെച്ചമുണ്ടാക്കാൻ പൊറലിന് സാധിച്ചേക്കും. മാത്രമല്ല പന്ത് ടീമിലേക്ക് തിരികെയെത്തിയാലും വിക്കറ്റ് കീപ്പർ എന്ന നിലയിൽ രണ്ടാം ഓപ്ഷനായി പോറലിനെ കണക്കാക്കാൻ സാധിക്കും. എന്നിരുന്നാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ലക്നൗവിനെതിരായ ആദ്യ മത്സരത്തിൽ സർഫറാസാവും ഡൽഹിയുടെ വിക്കറ്റ് കീപ്പറാവുക. ഈ പരീക്ഷണം വിജയിക്കുകയാണെങ്കിൽ അദ്ദേഹം തന്നെ ടീമിൽ തുടരാനാണ് സാധ്യത.”- ഐപിഎല്ലുമായി ബന്ധപ്പെട്ട ഒരു സോഴ്സ് അറിയിച്ചു.
ഒരുപാട് ആഭ്യന്തര മത്സരങ്ങൾ കളിച്ച പരിചയം അഭിഷേക് പോറലിന് ഇല്ലെങ്കിലും, തരക്കേടില്ലാത്ത റെക്കോർഡുകൾ സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇതുവരെ 16 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് പോറൽ കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 6 അർത്ഥസെഞ്ച്വറികൾ പോറൽ നേടിയിട്ടുണ്ട്. വിക്കറ്റിന് പിന്നിൽ 66 പുറത്താക്കലുകളിൽ പോറൽ പങ്കാളിയായിട്ടുണ്ട്. കേവലം മൂന്ന് ആഭ്യന്തര മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളതെങ്കിലും ഡൽഹി അഭിഷേക് പോറലിനെ വിശ്വസിക്കുകയാണ് ഇപ്പോൾ.
നിലവിൽ 2023 ഐപിഎല്ലിൽ മികവാർന്ന ടീം തന്നെയാണ് ഡൽഹി ക്യാപിറ്റൽസ്. പന്തിന്റെ അഭാവത്തിൽ ഡേവിഡ് വാർണറാണ് ഈ സീസണിൽ ഡൽഹിയെ നയിക്കുന്നത്. ഡൽഹിയുടെ ആദ്യ മത്സരം ഏപ്രിൽ ഒന്നിന് ലക്നൗ ടീമിനെതിരെയാണ് നടക്കുന്നത്. മികച്ച ഒരു തുടക്കം നേടി ഐപിഎല്ലിൽ വലിയ ടീമായി മാറാൻ തന്നെയാണ് ഡൽഹിയുടെ ശ്രമം.