ഏകദിന ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ചിട്ടും ട്വന്റി20യിൽ അത് ആവർത്തിക്കാൻ സാധിക്കാതെ വന്നതിന്റെ നിരാശയിലാണ് സഞ്ജു സാംസൺ. വിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ 5 മത്സരങ്ങളിൽ നിന്ന് 32 റൺസാണ് സഞ്ജു നേടിയത്. 3 ഇന്നിംഗ്സുകളിലും വളരെ മോശം ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു സഞ്ജു പുറത്തെടുത്തത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനായി മുൻനിരയിൽ കളിക്കുന്ന സഞ്ജുവിനെ ഇന്ത്യ മധ്യനിരയിലാണ് ബാറ്റ് ചെയിച്ചിരുന്നത്. പരമ്പരയിലെ മത്സരങ്ങളിലൊക്കെയും അഞ്ചാം നമ്പറിലാണ് സഞ്ജു എത്തിയത്. ഇതും സഞ്ജുവിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട് എന്നാണ് മുൻ ഇന്ത്യൻ താരമായ അഭിഷേക് നായർ പറയുന്നത്.
ഇന്ത്യയുടെ ട്വന്റി20 ടീമിലെ സഞ്ജുവിന്റെ സ്ഥാനത്തെ ചോദ്യം ചെയ്താണ് അഭിഷേക് നായർ സംസാരിച്ചത്. സാധിക്കുമെങ്കിൽ സഞ്ജുവിനെ മുൻനിരയിൽ തന്നെ ഇറക്കാൻ ഇന്ത്യ തയ്യാറാവണമെന്ന് അഭിഷേക് പറയുന്നു. “സഞ്ജു പരമ്പരയിൽ വലിയൊരു അവസരമാണോ നഷ്ടപ്പെടുത്തിയത് എന്ന കാര്യം എനിക്കറിയില്ല. അയാൾക്ക് വീണ്ടും അവസരങ്ങൾ ലഭിക്കുക തന്നെ ചെയ്യും. കാരണം അയാൾ സഞ്ജു സാംസനാണ്. നിലവിൽ സഞ്ജുവിനെ പറ്റി ചോദിക്കാനുള്ളത് ഒരു ചോദ്യമാണ്. സഞ്ജു ഒരു ആറാം നമ്പർ ബാറ്ററാണോ? അയാൾ ഇപ്പോൾ ആറാം നമ്പറിലാണോ ബാറ്റ് ചെയ്യുന്നത്?”- അഭിഷേക് നായർ ചോദിക്കുന്നു.
“ഈ പരമ്പരയിൽ അയാൾ ആറാം നമ്പറിൽ ബാറ്റ് ചെയ്തിട്ടില്ല. എന്നെ സംബന്ധിച്ച് ഇത് സഞ്ജുവിന് പുതിയൊരു റോളാണ്. അയാൾ മൂന്നു ഇന്നിംഗ്സുകൾ കളിച്ചെങ്കിലും യാതൊരു തര ഇമ്പ്രഷനും ഉണ്ടാക്കാൻ സാധിച്ചില്ല. അവസരങ്ങൾ നൽകുമ്പോൾ സഞ്ജു റൺസ് കണ്ടെത്തണം എന്ന രീതിയിൽ പ്രസ്താവനകൾ പുറത്തുവന്നേക്കാം. പക്ഷേ അവസാന ട്വന്റി20 മത്സരത്തിൽ പോലും അഞ്ചാം നമ്പറിലാണ് സഞ്ജു സാംസൺ കളിച്ചത്.”- അഭിഷേക് നായർ പറയുന്നു.
“സഞ്ജുവിനെ മികച്ച രീതിയിൽ ഉപയോഗിക്കണമെങ്കിൽ ഇന്ത്യ അയാളെ മൂന്നാം നമ്പറിൽ തന്നെ ഇറക്കണം. കാരണം അതാണ് അയാളുടെ പൊസിഷൻ. ആ നമ്പറിലാണ് സഞ്ജുവിന് ബാറ്റ് ചെയ്ത് ശീലം. അവിടെയാണ് അയാൾ വിജയകരമായി മാറിയിട്ടുള്ളത്. മറ്റൊരു സ്ഥാനത്തും അയാളെ കളിപ്പിക്കാൻ പാടില്ല. അഥവാ അഞ്ചോ ആറോ നമ്പരാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ, സഞ്ജുവിന് പകരം റിങ്കു സിംഗിനെ ടീമിൽ എത്തിക്കണം.
ആദ്യ മൂന്നിൽ ഇന്ത്യയ്ക്ക് സഞ്ജു സാംസനെ കളിപ്പിക്കാൻ സാധിച്ചാൽ അയാളിൽ നിന്നും മികച്ച പ്രകടനങ്ങൾ പ്രതീക്ഷിക്കാം. കാരണം പവർപ്ലെയിൽ മികച്ച ഷോട്ടുകൾ കളിക്കാനും, സ്പിന്നർമാരെ നന്നായി നേരിടാനും സഞ്ജുവിന് സാധിക്കും. അതുകൊണ്ടുതന്നെ അതാണ് അയാൾക്ക് ഏറ്റവും ഉത്തമമായ പൊസിഷൻ.”- അഭിഷേക് നായർ പറഞ്ഞുവയ്ക്കുന്നു.