ബുദ്ധിയില്ലാത്ത ക്യാപ്റ്റൻ, ധോണിയാകാൻ ശ്രമിക്കുന്നു. പാണ്ഡ്യയെ വിമർശിച്ച് വെങ്കിടേഷ് പ്രസാദ്.

വളരെയധികം നിരാശാജനകമായ പ്രകടനമായിരുന്നു ഇന്ത്യ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ പുറത്തെടുത്തത്. പരമ്പരയിലെ 3 മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യ പൂർണ്ണമായും അടിയറവ് പറയുകയുണ്ടായി. നായകൻ എന്ന നിലയിൽ ഹർദിക് പാണ്ഡ്യയുടെ മോശം തീരുമാനങ്ങളും പരമ്പരയിലെ ഇന്ത്യയുടെ പരാജയത്തിൽ വലിയ പങ്കുവഹിക്കുകയുണ്ടായി.

പരമ്പരയ്ക്ക് ശേഷം വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഹർദിക് പാണ്ഡ്യക്കെതിരെ ഉയരുന്നത്. ഹർദിക്കിന്റെ വളരെ മോശം ക്യാപ്റ്റൻസി തന്നെയാണ് പലരും പരാജയ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ പരമ്പരയിൽ ഹർദിക്കിന് പറ്റിയ പാളിച്ചകൾ ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുന്നത് ഇന്ത്യയുടെ മുൻ താരം വെങ്കിടേഷ് പ്രസാദാണ്.

പലപ്പോഴും ഹർദിക് പാണ്ഡ്യ ധോണിയെ അനുകരിക്കാൻ ശ്രമിക്കുകയാണെന്നും, അല്ലാതെ യാതൊരു പദ്ധതികളും അയാൾക്കില്ല എന്നുമാണ് വെങ്കിടേഷ് പ്രസാദ് പറയുന്നത്. “ഇന്ത്യയുടെ താരങ്ങൾ ഇനിയും തങ്ങളുടെ പ്രതിഭ മെച്ചപ്പെടുത്തേണ്ടതുണ്ട്. പരമ്പരയിൽ പല സമയത്തും ക്യാപ്റ്റൻ ഉത്തരമില്ലാതെ നിൽക്കുന്നതാണ് കാണുന്നത്. ബൗളർമാർക്ക് ബാറ്റ് ചെയ്യാൻ സാധിക്കില്ല. ബാറ്റർമാർക്ക് പന്തറിയാനും സാധിക്കില്ല. ഇതാണ് ഇപ്പോഴത്തെ ഇന്ത്യയുടെ അവസ്ഥ. ചില ഇഷ്ട താരങ്ങളെ ടീം കണ്ണടച്ചു വിശ്വസിക്കുന്നു. ടീം തിരഞ്ഞെടുപ്പിൽ പലപ്പോഴും സ്ഥിരത കാണാനും സാധിക്കില്ല.”- പ്രസാദ് പറയുന്നു.

ഇന്ത്യൻ ടീമിന്റെ അസന്തുലിതാവസ്ഥയാണ് പ്രസാദ് വലിയ രീതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇന്ത്യക്കായി കഴിഞ്ഞ സമയങ്ങളിൽ മികവ് പുലർത്താൻ ഹർദിക് പാണ്ഡ്യയ്ക്ക് സാധിച്ചിട്ടില്ല. നായകൻ എന്ന നിലയിൽ ഹർദിക് വലിയ പരാജയം തന്നെയായി മാറി. ടീമിലെ മറ്റു താരങ്ങളുടെ പ്രകടനത്തിലും വലിയ മാറ്റമില്ല.

ആർക്കും തന്നെ സ്ഥിരതയില്ല എന്നതാണ് വസ്തുത. 2024 ട്വന്റി20 ലോകകപ്പിനായി യുവതാരങ്ങളെ ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കുന്ന ഇന്ത്യക്ക് കിട്ടിയ തിരിച്ചടി തന്നെയായിരുന്നു പരമ്പരയിലെ പരാജയം. ഈ അത്ഭുത പരാജയത്തിനുശേഷം എങ്ങനെ ഇന്ത്യ തിരികെ ട്രാക്കിലേക്ക് എത്തുമെന്ന ആകാംക്ഷയിലാണ് ആരാധകർ.

മുൻപ് വിൻഡിസിനെതിരായ ടെസ്റ്റ് പരമ്പരയിലും ഏകദിന പരമ്പരയിലും മികവുപുലർത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇരു പരമ്പരകളിലും ഇന്ത്യ ആധികാരികമായി തന്നെ വിജയം സ്വന്തമാക്കുകയുണ്ടായി. എന്നാൽ ആദ്യ ട്വന്റി20 മത്സരങ്ങളിൽ പരാജയം ഏറ്റുവാങ്ങി ഇന്ത്യ അടിയറവ് പറയുകയുണ്ടായി. സീനിയർ താരങ്ങളില്ലാതെ ഇന്ത്യൻ ടീം എത്രമാത്രം ദുർബലമാണ് എന്ന് വരച്ചുകാട്ടിയ പരമ്പര കൂടിയാണ് അവസാനിക്കുന്നത്.