രോഹിത് എന്തിന് വിരമിക്കണം? അവന്റെ ക്യാപ്റ്റൻസി റെക്കോർഡ് അപാരം ; ഡിവില്ലിയേഴ്സ്

ഇന്ത്യൻ നായകൻ രോഹിത് ശർമ 2027 ഏകദിന ലോകകപ്പ് വരെ ടീമിൽ കളിക്കണമെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. രോഹിത് ശർമയുടെ നേതൃത്വത്തിൽ ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

ഇതോടെ ഇന്ത്യക്കായി ഒന്നിലധികം ഐസിസി ഇവന്റുകളിൽ കിരീടം സ്വന്തമാക്കുന്ന രണ്ടാമത്തെ നായകനായി രോഹിത് മാറുകയും ചെയ്തു. മുൻപ് 2024 ട്വന്റി20 ലോകകപ്പ് രോഹിത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. നിലവിൽ മികച്ച രീതിയിൽ കളിക്കുന്ന രോഹിത് ശർമ ഒരുകാരണവശാലും ഇപ്പോൾ വിരമിക്കാൻ പാടില്ല എന്നാണ് ഡിവില്ലിയേഴ്സ് പറയുന്നത്.

2027 ലോകകപ്പ് വരെ കളിക്കാൻ തനിക്ക് ആഗ്രഹമുണ്ട് എന്ന് രോഹിത് ശർമ ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം പറഞ്ഞിരുന്നു. ഈ തീരുമാനത്തെ പിന്തുണച്ചാണ് ഡിവില്ലിയേഴ്സ് സംസാരിച്ചത്.

“നമുക്ക് രോഹിത് ശർമയുമായി മറ്റുള്ള നായകന്മാരെ താരതമ്യം ചെയ്തു നോക്കാം. രോഹിത്തിന്റെ വിജയ ശതമാനം വളരെ വലുത് തന്നെയാണ്. 74% വിജയം നായകൻ എന്ന നിലയിൽ സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചു. മുൻപുണ്ടായിരുന്ന പല നായകന്മാരെക്കാളും കൂടുതലാണ് രോഹിത്തിന്റെ വിജയ ശതമാനം. ഈ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകനായി രോഹിത് ശർമ മാറും. മാത്രമല്ല ഏകദിന ക്രിക്കറ്റിൽ നിന്ന് താനിപ്പോൾ വിരമിക്കുന്നില്ല എന്ന കാര്യം പത്ര സമ്മേളനത്തിൽ തന്നെ രോഹിത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.”- ഡിവില്ലിയേഴ്സ് പറഞ്ഞു.

“എന്തിനാണ് ഇപ്പോൾ രോഹിത് ശർമ വിരമിക്കുന്നത്? കാരണം നായകൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും വലിയ റെക്കോർഡുകൾ തന്നെയാണ് രോഹിത് ഇതിനോടകം സ്വന്തമാക്കിയിട്ടുള്ളത്. ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനൽ മത്സരത്തിൽ 83 പന്തുകളിൽ 76 റൺസ് നേടാൻ രോഹിത് ശർമയ്ക്ക് സാധിച്ചിരുന്നു. ഇങ്ങനെ ഇന്ത്യക്കൊരു അവിസ്മരണീയ തുടക്കമാണ് രോഹിത് നൽകിയത്. അതാണ് മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്. നിലവിൽ ഇന്ത്യയെ മുന്നിൽ നിന്ന് നയിക്കാൻ രോഹിതിന് സാധിക്കുന്നുണ്ട്. സമ്മർദ്ദ സാഹചര്യത്തിൽ ടീമിനെ കൈപിടിച്ച് കയറ്റുന്നുമുണ്ട്.”- ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.

“നിലവിൽ രോഹിത് യാതൊരു കാരണവശാലും വിരമിക്കാൻ പാടില്ല. വിമർശനങ്ങൾ കേൾക്കാനും രോഹിത് നിൽക്കേണ്ടതില്ല. കാരണം അവന്റെ റെക്കോർഡുകളാണ് എല്ലാത്തിനുമുള്ള ഉത്തരം. മാത്രമല്ല തന്റെ മത്സരത്തിൽ വലിയ മാറ്റമുണ്ടാക്കാനും രോഹിത്തിന് സാധിച്ചിട്ടുണ്ട്. മുൻപ് പവർപ്ലേ ഓവറുകളിൽ വളരെ കുറഞ്ഞ സ്ട്രൈക്ക് റേറ്റിലായിരുന്നു രോഹിത് ശർമ കളിച്ചിരുന്നത്. പക്ഷേ 2022ന് ശേഷം രോഹിത് ശർമയുടെ സ്ട്രൈക്ക് റേറ്റ് 115ലേക്ക് മാറി. ആദ്യ പവർപ്ലേയിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകാനും രോഹിത്തിന് സാധിച്ചു. ഇത്തരത്തിൽ തന്റെ മത്സരത്തിൽ രോഹിത് മാറ്റമുണ്ടാക്കി.”- ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.

Previous article“എപ്പോഴും ധോണി ഭായുടെ കൂടെ നിൽക്കാനാണ് ഇഷ്ടം. ഇതൊക്കെ ഒരു സ്വപ്നം പോലെ”- സഞ്ജു സാംസൺ