കോഹ്ലി ടെസ്റ്റ്‌ പരമ്പരയിൽ നിന്ന് മാറി നിൽക്കാനുള്ള കാരണമിതാണ്. തുറന്ന് പറഞ്ഞ് എ ബി ഡിവില്ലിയേഴ്സ്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യ വളരെയധികം മിസ്സ് ചെയ്ത താരമാണ് വിരാട് കോഹ്ലി. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലായി കളിച്ചിട്ടുള്ള കോഹ്ലി തന്റെ വ്യക്തിപരമായ കാരണങ്ങൾ മൂലം രണ്ട് ടെസ്റ്റ്‌ മത്സരങ്ങളിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.

ഇപ്പോൾ കോഹ്ലി ഇത്തരത്തിൽ മാറിനിൽക്കാനുള്ള വ്യക്തമായ കാരണം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. കോഹ്ലിയും ഭാര്യ അനുഷ്ക ശർമയും തങ്ങളുടെ രണ്ടാമത്തെ കുട്ടിയെ പ്രതീക്ഷിച്ചിരിക്കുകയാണെന്നും, ഇക്കാരണങ്ങളാണ് കോഹ്ലിക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും മാറി നിൽക്കേണ്ടി വന്നത് എന്നുമാണ് ഡിവില്ലിയേഴ്സ് വെളിപ്പെടുത്തിയിരിക്കുന്നത്.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡിവില്ലിയേഴ്സ് ഇക്കാര്യം സ്ഥിരീകരിച്ചത്. യൂട്യൂബ് ചാനലിൽ, കോഹ്ലി ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്നും മാറി നിന്നതിനെപ്പറ്റി ഡിവില്ലിയേഴ്സിനോട് ആരാധകർ ചോദിക്കുകയുണ്ടായി. അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കായി കോഹ്ലി തിരികെ വരുമോ എന്നതായിരുന്നു ചോദ്യം. ഇതിന് ഡിവില്ലിയേഴ്സ് നൽകിയ മറുപടി ഇങ്ങനെയാണ്.

“കോഹ്ലിക്ക് കാര്യങ്ങളൊക്കെയും സുഖമാണ് എന്ന് ഞാൻ കരുതുന്നു. കുറച്ചു സമയം അദ്ദേഹം കുടുംബത്തിനൊപ്പം ചിലവഴിക്കുകയാണ്. അതുകൊണ്ടാണ് ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് മാറി നിൽക്കേണ്ടി വന്നത്. ഞാൻ ഇവിടെ ഒന്നും തന്നെ സ്ഥിരീകരിക്കുന്നില്ല. എനിക്കും കോഹ്ലി തിരികെ ടീമിലേക്ക് വരുന്നത് കാണാൻ ആഗ്രഹമുണ്ട്. എന്തായാലും കോഹ്ലി ഓക്കെയാണ്.”- ഡിവില്ലിയേഴ്സ് പറഞ്ഞു.

ശേഷമാണ് ഡിവില്ലിയേഴ്സ് ഇക്കാര്യത്തിൽ വലിയ വ്യക്തത വരുത്തിയത്. “കോഹ്ലിയുടെ രണ്ടാമത്തെ കുട്ടിയെ പ്രതീക്ഷിച്ചിരിക്കുകയാണ് അദ്ദേഹവും ഭാര്യയും. അതിനാൽ തന്നെ ഇത് കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ട സമയമാണ്. വളരെ പ്രാധാന്യമേറിയ സമയം തന്നെയാണ്. നമ്മൾ നമ്മുടെ വ്യക്തിഗപരമായ കാര്യങ്ങളിൽ സത്യസന്ധതയും നിഷ്കളങ്കതയും പുലർത്തിയില്ലെങ്കിൽ നമ്മുടെ വഴികളിൽ തടസ്സം ഉണ്ടാവുക തന്നെ ചെയ്യും.

എല്ലാ ആളുകൾക്കും തങ്ങളുടെ കുടുംബമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് ഞാൻ കരുതുന്നു. അതുകൊണ്ടു തന്നെ വിരാട്ടും ഇപ്പോൾ കുടുംബത്തിനൊപ്പമാണ്.”- ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് കേവലം 3 ദിവസങ്ങൾക്ക് മുൻപായിരുന്നു കോഹ്ലി വ്യക്തിപരമായ കാരണങ്ങൾ മൂലം ആദ്യ ടെസ്റ്റുകളിൽ നിന്ന് മാറിനിന്നത്. ഇതേ സംബന്ധിച്ച് ബിസിസിഐ പുറത്തുവിട്ട പ്രസ്താവന ഇങ്ങനെയാണ്.

“വിരാട് കോഹ്ലി ഇന്ത്യൻ നായകൻ രോഹിത് ശർമയോട് സംസാരിക്കുകയുണ്ടായി. രാജ്യത്തെ പ്രതിനിധീകരിക്കുക എന്നതിനാണ് കോഹ്ലി മുൻഗണന കൊടുക്കുന്നത് എന്ന് ടീം മാനേജ്മെന്റിനും സെലക്ടർമാർക്കും കൃത്യമായ ബോധ്യമുള്ളതാണ്. എന്നാൽ ചില വ്യക്തിപരമായ കാരണങ്ങൾ മൂലം കോഹ്ലിക്ക് മാറി നിൽക്കേണ്ടി വന്നിരിക്കുകയാണ്.”- പ്രസ്താവനയിൽ പറയുന്നു.

Previous articleഅവിശ്വസനീയ റെക്കോർഡ് ഇനി ബുമ്രയ്ക്ക് സ്വന്തം. അത്യപൂർവ നേട്ടം.
Next articleബൂമ്രയുടെ പ്രകടനത്തിന്റെ ക്രെഡിറ്റ്‌ രോഹിതിന് അർഹതപെട്ടത്. കാരണം വ്യക്തമാക്കി സഹീർ ഖാൻ.