അവിശ്വസനീയ റെക്കോർഡ് ഇനി ബുമ്രയ്ക്ക് സ്വന്തം. അത്യപൂർവ നേട്ടം.

bumrah vs england

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ തകർപ്പൻ ബോളിംഗ് പ്രകടനമാണ് ഇന്ത്യൻ പേസർ ബൂമ്ര പുറത്തെടുത്തത്. മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ തുരത്തിയെറിയുന്നതിൽ പ്രധാന പങ്കു തന്നെ ബുമ്ര വഹിക്കുകയുണ്ടായി.

ഇംഗ്ലണ്ട് നിരയിലെ 6 വിക്കറ്റുകളാണ് ഈ സ്റ്റാർ പേസർ വീഴ്ത്തിയത്. കേവലം 45 റൺസ് മാത്രം വിട്ട് നൽകിയായിരുന്നു ബൂമ്രയുടെ ഈ നേട്ടം. ഈ പ്രകടനത്തോടെ ഒരു വമ്പൻ റെക്കോർഡും ബുമ്ര തന്റെ പേരിൽ ചേർക്കുകയുണ്ടായി.

ഇന്ത്യയ്ക്കായി ഏറ്റവും വേഗതയിൽ 150 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കുന്ന പേസർ എന്ന നാഴികക്കല്ലാണ് ബൂമ്ര സ്വന്തമാക്കിയത്. മാത്രമല്ല ഇന്ത്യക്കായി ഏറ്റവും വേഗതയിൽ 150 വിക്കറ്റുകൾ സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായും ബുമ്ര മാറി.

മത്സരത്തിൽ ഇംഗ്ലണ്ട് നായകൻ സ്റ്റോക്സിനെ പുറത്താക്കിയാണ് ബുമ്ര ടെസ്റ്റ് മത്സരങ്ങളിലെ തന്റെ 150ആമത്തെ വിക്കറ്റ് സ്വന്തമാക്കിയത്. ഇന്ത്യയ്ക്കായി ഏറ്റവും വേഗതയിൽ 150 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബൂമ്ര ഇപ്പോൾ. 29 മത്സരങ്ങളിൽ നിന്ന് 150 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കിയ അശ്വിനാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്.

32 മത്സരങ്ങളിൽ നിന്ന് 150 ടെസ്റ്റ്‌ വിക്കറ്റുകൾ സ്വന്തമാക്കിയ ജഡേജ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ശേഷമാണ് 34 മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റുകൾ സ്വന്തമാക്കിയ ബൂമ്ര മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. 34 മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റുകൾ പൂർത്തീകരിച്ച അനിൽ കുംബ്ലെ, പ്രസന്ന എന്നിവർ നാലും അഞ്ചും സ്ഥാനങ്ങളിൽ തുടരുകയാണ്.

Read Also -  വിനയ് കുമാർ വേണ്ട, സഹീർ ഖാനെ ബോളിംഗ് കോച്ചാക്കാൻ ബിസിസിഐ. ലിസ്റ്റിൽ മറ്റൊരു ഇന്ത്യൻ ബോളറും.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗതയിൽ 150 വിക്കറ്റുകൾ സ്വന്തമാക്കിയ ഏഷ്യയിലെ പേസർമാരുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തെത്താനും ബുമ്രക്ക് ഈ പ്രകടനത്തോടെ സാധിച്ചു. 27 മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റുകൾ സ്വന്തമാക്കിയ പാക്കിസ്ഥാൻ പേസർ വഖാർ യൂനിസാണ് ഏഷ്യയിൽ ഏറ്റവും വേഗതയിൽ ഈ റെക്കോർഡ് പൂർത്തീകരിച്ചത്. ശേഷമാണ് ഇപ്പോൾ ബൂമ്ര ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. 37 മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റുകൾ സ്വന്തമാക്കിയ പാകിസ്താന്റെ ഇമ്രാൻ ഖാൻ, ശുഐബ് അക്തർ എന്നിവർ ലിസ്റ്റിൽ മൂന്നും നാലും സ്ഥാനത്ത് നിൽക്കുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ജയസ്വാളിന്റെ ഡബിൾ സെഞ്ചുറിയുടെ മികവിൽ ആദ്യ ഇന്നിംഗ്സിൽ 396 റൺസ് സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ജയ്സ്വാൾ 290 പന്തുകളിൽ 209 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ബുമ്ര എറിഞ്ഞിടുകയായിരുന്നു.

ഇംഗ്ലണ്ട് നിരയിൽ 76 റൺസ് നേടിയ ഓപ്പണർ ക്രോളിയാണ് ടോപ് സ്കോറർ. കേവലം 253 റൺസിന് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് അവസാനിച്ചു. ഇതോടെ ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്സിൽ 143 റൺസിന്റെ ലീഡും ലഭിച്ചിട്ടുണ്ട്. മൂന്നാം ദിവസം ശക്തമായ ബാറ്റിംഗ് പ്രകടനത്തോടെ ഈ ലീഡ് വർദ്ധിപ്പിച്ച് ഇംഗ്ലണ്ടിനെ പൂർണമായും സമ്മർദ്ദത്തിലാക്കാനാണ് ഇന്ത്യൻ ബാറ്റർമാരുടെ ശ്രമം.

Scroll to Top