പൂജാരക്ക് വിശ്രമമോ ഞാൻ വിശ്വസിക്കില്ല :തുറന്ന് പറഞ്ഞ് ആകാശ് ചോപ്ര

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ നിർണായക ടെസ്റ്റ് പരമ്പരകളാണ് വരാനിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഓഗസ്റ്റ് നാലിന് തുടക്കം കുറിക്കുന്ന ടെസ്റ്റ് പരമ്പര ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് രണ്ടാം എഡിഷന്റെ തുടക്കവുമാണ്. നിലവിൽ പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിൽ തുടരുന്ന ഇന്ത്യൻ സ്‌ക്വാഡിലെ താരങ്ങൾക്കും ടീം മാനേജ്മെന്റിനും ഭീഷണിയായി സ്റ്റാർ വിക്കറ്റ് കീപ്പർ റിഷാബ് പന്തിന് കോവിഡ് കഴിഞ്ഞ ദിവസം സ്ഥിതീകരിച്ചിരുന്നു. ന്യൂസിലാൻഡ് ടീമിനോട് ഫൈനലിൽ എട്ട് വിക്കറ്റ് തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിൽ വരുന്ന പരമ്പരകൾക്ക് മുൻപേ മാറ്റങ്ങൾ സംഭവിക്കുമെന്നാണ് പല ആരാധകരുടെയും അഭിപ്രായം.മൂന്നാം നമ്പറിലെ വിശ്വസത് ബാറ്റ്‌സ്മാൻ ചേതേശ്വർ പൂജാര ഇംഗ്ലണ്ടിന് എതിരെ ടെസ്റ്റ് പരമ്പര കളിക്കില്ലായെന്നുള്ള ചില വാർത്തകൾ സജീവമാണ്.

എന്നാൽ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പര ഇന്ത്യൻ ബാറ്റിങ് ലൈനപ്പിൽ ഏതാനും ചില മാറ്റങ്ങൾക്ക് കാരണമായി മാറാം എന്ന് തുറന്ന് സമ്മതിക്കുന്ന മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ്‌ നിരീക്ഷകനുമായ ആകാശ് ചോപ്ര പൂജാര ടെസ്റ്റ് പരമ്പര കളിക്കില്ല എന്നുള്ള വാർത്തകളെ എല്ലാം തള്ളിക്കളയുന്നു.പലപ്പോഴും അമിത പ്രതിരോധത്തിൽ ശ്രദ്ധിച്ചുള്ള പൂജാര ബാറ്റിങ് ശൈലി ആരാധകർക്കിടയിൽ പോലും വിമർശനത്തിന് കാരണമായി വിലയിരുത്താറുണ്ട് എങ്കിലും താരത്തെ ടെസ്റ്റ് മത്സരങ്ങളിലെ പ്ലെയിങ് ഇലവനിൽ നിന്നും ഒഴിവാക്കുവാനുള്ള സാധ്യത ആകാശ് ചോപ്ര കാണുന്നില്ല.

“നിലയുറപ്പിച്ചാൽ ഇന്നും ഇന്ത്യൻ ടീമിന് മികച്ച ഇന്നിങ്സ് നൽകുവാൻ മൂന്നാം നമ്പറിൽ ബാറ്റിംഗിന് എത്തുന്ന പൂജാരക്ക് കഴിയും. അവൻ സ്കോറിങ് മികവിൽ എത്തുവാൻ അൽപ്പം സമയമെടുക്കും പക്ഷേ ഇംഗ്ലണ്ടിൽ കഴിഞ്ഞ പരമ്പരയിൽ സെഞ്ച്വറി നേടിയ താരമാണ് പൂജാര. അവന്റെ ഇംഗ്ലണ്ടിലെ ശരാശരി 30ൽ താഴെ മാത്രമാണ്. ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയിൽ പൂജാരക്ക് വിശ്രമം നൽകുമെന്നുള്ള വാർത്തകൾ ഞാൻ കണ്ടെങ്കിലും അതൊന്നും ഞാൻ ഒട്ടും വിശ്വസിക്കില്ല “ചോപ്ര തന്റെ അഭിപ്രായം വ്യക്തമാക്കി.