ഇന്ത്യൻ ക്രിക്കറ്റ് ആരാധകരിൽ വളരെ ചുരുങ്ങിയ കാലയളവിൽ വളരെ ഏറെ ആരാധകരെ സൃഷ്ടിച്ച താരമാണ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ. ഒരിടവേളക്ക് ശേഷം വീണ്ടും ഇന്ത്യൻ ടീമിലേക്ക് വിളി വന്ന സഞ്ജുവിന്റെ മികച്ച സ്ഥിരതയാർന്ന ബാറ്റിങ് പ്രകടനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളി ക്രിക്കറ്റ് ആരാധകർ.അടുത്ത മാസം ലങ്കയിൽ നടക്കുന്ന ഏകദിന, ടി :20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ സഞ്ജുവിൽ നിന്നും മികച്ച പ്രകടനവും വരാനിരിക്കുന്ന ടി :20 ലോകകപ്പിലേക്ക് ഉറപ്പായ ഒരു സ്ഥാനവുമാണ് ആരാധകർ എല്ലാവരും പ്രതീക്ഷിക്കുന്നത്. ഇത്തവണത്തെ ഐപിൽ സീസണിൽ രാജസ്ഥാൻ റോയൽസ് ടീമിനെ നയിച്ച സഞ്ജുവിന് വിലയേറിയ ഉപദേശം നൽകുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.
ശ്രീലങ്കക്ക് എതിരായ പരമ്പരയിൽ സഞ്ജു ആദ്യ ഇലവനിൽ ഇഷാൻ കിഷൻ കൂടി സ്‌ക്വാഡിൽ നിൽക്കേ വേഗം അവസരം നേടുമോ എന്നതിൽ ആകാശ് ചോപ്ര സംശയം പ്രകടിപ്പിക്കുന്നുണ്ട്. “വരുന്ന പരമ്പരകളിൽ സഞ്ജുവിന് അവസരം ലഭിക്കുമോ എന്നെനിക്കറിയില്ല. പക്ഷേ സഞ്ജു ഒരു കാര്യം വിശദമാക്കിയിട്ടുണ്ട് അവന്റെ ശൈലിയിൽ മാറ്റം വരുത്തില്ല എന്ന്.രാജസ്ഥാൻ ടീമിൽ മികച്ച പ്രകടനം നടത്തിയ അദ്ദേഹം മുൻ ഇതിഹാസ വിക്കറ്റ് കീപ്പർ നായകൻ ധോണിയെ ചില കാര്യങ്ങളിൽ കണ്ടുപഠിക്കണം എന്നാണ് എന്റെ അഭിപ്രായം “ചോപ്ര വാചാലനായി.
“പല താരങ്ങളും അശ്രദ്ധയോടെ പല തവണയും കളിക്കുന്നത് നാം കണ്ടിട്ടുണ്ട് ധോണിയെ പോലെ കളിക്കാൻ സഞ്ജു ശ്രമിക്കണം.വളരെ ശ്രദ്ധയോടെ നമ്മുടെ സാഹചര്യം അനുസരിച്ചാകണം സഞ്ജു കളിക്കേണ്ടത്.പിച്ചും ഒപ്പം ടീമും എന്താണ് മത്സരങ്ങളിൽ ആവശ്യപെടുന്നത് അതിന് അനുസൃതമായി സഞ്ജു ശൈലിയിൽ മാറ്റം വരുത്തണം.ഒരേ ശൈലി എന്നും എല്ലാവർക്കും പാകം ആകണമെന്നില്ല. ഒരേ ശൈലിക്ക് പുറമെ നമ്മൾ കളിക്കുന്ന സാഹചര്യം കൂടി പരിശോധിച്ചാകണം കളിക്കേണ്ടത് “ചോപ്ര തന്റെ അഭിപ്രായം വിശദമാക്കി.
ഇത്തവണത്തെ ഐപിൽ സീസണിൽ കളിച്ച ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ സഞ്ജു രാഹുൽ ദ്രാവിഡ് വീണ്ടും പരിശീലക റോളിൽ എത്തുന്ന ടീമിനായി കളിക്കുമ്പോൾ ഇരട്ടി ആവേശത്തിലാണ്. ഈ സീസണിൽ കളിച്ച ഏഴ് കളികളിൽ 277 റൺസ് അടിച്ചെടുത്തു.