ചെന്നൈ സൂപ്പർ കിംഗ്സിന്റെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിന് ശേഷം മഹേന്ദ്ര സിംഗ് ധോണിയ്ക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിംഗും ഇർഫാൻ പത്താനും. മത്സരത്തിൽ ഒമ്പതാമനായി ആയിരുന്നു മഹേന്ദ്ര സിംഗ് ധോണി ക്രീസിലെത്തിയത്.
ഇത് ധോണിയുടെ ഭാഗത്ത് നിന്നും വന്ന വലിയൊരു പിഴവാണ് എന്ന് പത്താനും ഹർഭജനും പറയുകയുണ്ടായി. ഇത്തരത്തിൽ ഒമ്പതാം നമ്പരിൽ കളിക്കാനായി ഒരു ബാറ്ററെ ഒരു ടീമിനും നിലവിൽ ആവശ്യമില്ല എന്ന് ഹര്‍ഭജൻ പറഞ്ഞു. ധോണി കുറച്ചുകൂടി ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തുകൊണ്ട് മുന്നോട്ട് വരേണ്ട സമയമായി എന്നാണ് ഹർഭജൻ കൂട്ടിച്ചേർത്തത്.
ചെന്നൈ ടീമിലെ ധോണിയുടെ ബാറ്റിംഗ് പൊസിഷനെ സംബന്ധിച്ചുള്ള തർക്കങ്ങൾ 2024 ഐപിഎൽ സീസൺ ആരംഭിച്ചത് മുതൽ നിലനിൽക്കുകയാണ്. 224 എന്ന വമ്പൻ സ്ട്രൈക്ക് റേറ്റ് ഉണ്ടായിട്ടും ധോണി പല മത്സരങ്ങളിലും ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ബാറ്റിംഗ് ഓർഡറിൽ മുകളിലേക്ക് വരുന്നില്ല. ഇതിനുശേഷമാണ് പത്താനും ഹർഭജനും തങ്ങളുടെ വിമർശനം അറിയിച്ചത്.
“മഹേന്ദ്ര സിംഗ് ധോണി ഒമ്പതാം നമ്പരിൽ ബാറ്റ് ചെയ്യാൻ ഇറങ്ങുന്നത് ചെന്നൈയെ യാതൊരു തരത്തിലും സഹായിക്കുന്നില്ല. ടീമിന്റെ മികച്ച മുന്നോട്ടു പോക്കിനും ഇത് തടസ്സമാകുന്നു. അദ്ദേഹത്തിന് 42 വയസ്സായി എന്ന കാര്യം ഞാൻ മനസ്സിലാക്കുന്നു. പക്ഷേ അദ്ദേഹം ഇപ്പോൾ മികച്ച ഫോമിലാണുള്ളത്. കൃത്യമായി ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തുകൊണ്ട് ബാറ്റിംഗിൽ കുറച്ച് മുകളിലായി ഇറങ്ങാൻ ധോണി തയ്യാറാവണം. കേവലം 4-5 ഓവറുകളെങ്കിലും ധോണി ബാറ്റ് ചെയ്യാൻ ശ്രമിക്കണം. അവസാന രണ്ട് ഓവറുകളിൽ മാത്രമാണ് ഇപ്പോൾ ധോണി ബാറ്റ് ചെയ്യുന്നത്. അത് ചെന്നൈയെ വലിയ രീതിയിൽ സഹായിക്കില്ല.’- പത്താൻ പറയുന്നു.
“ചെന്നൈ സൂപ്പർ കിങ്സിന് ഇത്തവണത്തെ പ്ലേയോഫിൽ എത്തണമെങ്കിൽ ഇനിയും അവർക്ക് 90% മത്സരങ്ങളിൽ വിജയം നേടേണ്ടതുണ്ട്. ഒരു സീനിയർ താരം എന്ന നിലയ്ക്ക് ധോണി ഇക്കാര്യം മനസ്സിലാക്കി ബാറ്റിംഗിൽ കുറച്ച് മുകളിലായി ഇറങ്ങണം. കഴിഞ്ഞ കുറച്ച് സാഹചര്യങ്ങളിൽ ധോണി അങ്ങനെയല്ല ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ ഇനിയും അതേ കാര്യം ആവർത്തിക്കുന്നത് ശരിയല്ല. മുംബൈയ്ക്കെതിരായ മത്സരത്തിൽ കൃത്യമായ ഇമ്പാക്ട് ഉണ്ടാക്കാൻ ധോണിയ്ക്ക് സാധിച്ചിരുന്നു. പക്ഷേ പഞ്ചാബിനെതിരായ സാഹചര്യത്തിൽ ധോണി നേരത്തെ ഇറങ്ങേണ്ടത് ടീമിന്റെ ആവശ്യമായിരുന്നു. ഒരിക്കലും ധോണിയ്ക്ക് പകരം താക്കൂറിനെ ആ സമയത്ത് ഇറക്കാൻ പാടില്ലായിരുന്നു. ഒമ്പതാം നമ്പരിൽ ധോണി ബാറ്റ് ചെയ്യാൻ പാടില്ല.”- പത്താൻ കൂട്ടിച്ചേർത്തു..
ഇതേ അഭിപ്രായം തന്നെയാണ് ഹർഭജൻ സിംഗും പങ്കുവെച്ചത്. “ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാനാണ് ധോണി ഉദ്ദേശിക്കുന്നതെങ്കിൽ, ധോണി കളിക്കാതിരിക്കുന്നത് നല്ലത്. അതിന് പകരം ഒരു പേസ് ബോളറെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താൻ ചെന്നൈ തയ്യാറാവണം. ധോണി തന്നെയാണ് തീരുമാനങ്ങൾ എടുക്കുന്നത്. ഇത്തരത്തിലാണ് ഉദ്ദേശിക്കുന്നതെങ്കിൽ ധോണി ടീമിൽ കളിക്കാതിരിക്കുക. ഇന്ന് താക്കൂറാണ് ധോണിയ്ക്ക് മുൻപിൽ ഇറങ്ങിയത്. താക്കൂറിന് യാതൊരു തരത്തിലും ധോണിയെ പോലെ ആക്രമണം അഴിച്ചുവിടാൻ സാധിക്കില്ല. എന്തുകൊണ്ടാണ് ധോണി പിഴവ് ആവർത്തിക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. എന്തായാലും ധോണിയുടെ തീരുമാനം തന്നെയാവും ഇത്. ഇത്തരത്തിൽ പിന്നിലേക്ക് പോകുന്ന ധോണിയുടെ തീരുമാനം യാതൊരു തരത്തിലും ഞാൻ അംഗീകരിക്കില്ല.”- ഹർഭജൻ പറഞ്ഞു.