ഇന്ത്യ- ബംഗ്ലാദേശ് പരമ്പരയിലെ 7 ഗെയിം ചെയ്ഞ്ചർമാർ. ജഡേജയും പന്തും ലിസ്റ്റിൽ.

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര സെപ്റ്റംബർ 19നാണ് ആരംഭിക്കുന്നത്. ചെന്നൈയിലാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്. പാക്കിസ്ഥാൻ ടീമിനെ അവരുടെ മുന്നിൽ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തോടെയാണ് ഇത്തവണ ബംഗ്ലാദേശ് ഇന്ത്യക്കെതിരെ കളത്തിൽ ഇറങ്ങുന്നത്.

ഈ സാഹചര്യത്തിൽ മത്സരം ആവേശകരമാവും എന്ന കാര്യത്തിൽ സംശയമില്ല. ഇരു ടീമിലെയും പലതാരങ്ങളും മത്സരം മാറ്റിമറിക്കുന്നതിൽ പ്രധാന ഘടകങ്ങളായി മാറിയേക്കും. ഇത്തരത്തിൽ ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിൽ മത്സരഫലത്തെ മാറ്റിമറിക്കാൻ സാധിക്കുന്ന 7 താരങ്ങളെ പരിശോധിക്കാം.

1. യശസ്വി ജയസ്വാൾ

ചെറിയ കാലയളവിനുള്ളിൽ തന്നെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയ താരമാണ് ജയസ്വാൾ. ഇതുവരെ തന്റെ ടെസ്റ്റ് കരിയറിൽ 9 മത്സരങ്ങളിൽ നിന്ന് 1028 റൺസാണ് ഈ യുവതാരം സ്വന്തമാക്കിയിട്ടുള്ളത്. ഏത് സാഹചര്യത്തിലും ആക്രമണ ശൈലിയിൽ കളിക്കാൻ സാധിക്കും എന്നതാണ് ജയസ്വാളിന്റെ ശക്തി. മാത്രമല്ല സമ്മർദ്ദ സാഹചര്യങ്ങളിൽ ടീമിന്റെ നട്ടെല്ലായി മാറാനും കഴിഞ്ഞ സമയങ്ങളിൽ ജയസ്വാളിന് സാധിച്ചിട്ടുണ്ട്. അതിനാൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും ജയസ്വാൾ മത്സരം മാറ്റിമറിക്കാൻ സാധിക്കുന്ന താരമാണ്.

2. ലിറ്റൻ ദാസ്

ഏറെക്കാലങ്ങളായി ബംഗ്ലാദേശ് മധ്യനിരയുടെ നട്ടെല്ലാണ് ലിറ്റൻ ദാസ്. കഴിഞ്ഞ പരമ്പരകളിലൊക്കെയും ബംഗ്ലാദേശിനായി വെടിക്കെട്ട് പ്രകടനങ്ങളാണ് താരം കാഴ്ചവെച്ചിട്ടുള്ളത്. 43 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 2655 റൺസാണ് ബംഗ്ലാദേശിനായി ലിറ്റൻ ദാസ് സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യയ്ക്കെതിരായ പരമ്പരയിലും ലിറ്റൻ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ് ആരാധകർ.

3. മെഹദി ഹസൻ മിറാസ്

ചുരുങ്ങിയ സമയം കൊണ്ട് തന്നെ ബംഗ്ലാദേശിന്റെ പ്രീമിയം സ്പിന്നറായി മാറാൻ മെഹദി ഹസൻ മിറാസിന് സാധിച്ചിട്ടുണ്ട്. 2022ലെ ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം താരം കാഴ്ചവച്ചിരുന്നു. ഇന്ത്യൻ ബാറ്റർമാർക്ക് വലിയ ഭീഷണി സൃഷ്ടിക്കാൻ ഇതിനോടകം മെഹദി ഹസന് സാധിച്ചിട്ടുണ്ട്. 44 ടെസ്റ്റ്‌ മത്സരങ്ങളിൽ നിന്ന് 147 വിക്കറ്റുകളാണ് ബംഗ്ലാദേശിനായി താരം സ്വന്തമാക്കിയിട്ടുള്ളത്.

4. ഹസൻ മഹ്മൂദ്

ബംഗ്ലാദേശ് സ്ക്വാഡിലെ ഏറ്റവും പുതിയ താരങ്ങളിൽ ഒരാളാണ് ഹസൻ മഹ്മൂദ്. ഈ വർഷത്തിന്റെ തുടക്കത്തിലാണ് മഹമൂദ് അരങ്ങേറ്റം കുറിച്ചത്. ഏകദിന ക്രിക്കറ്റിൽ ഇതിനോടകം മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചിട്ടുള്ളത്. 22 ഏകദിന മത്സരങ്ങളിൽ നിന്ന് 30 വിക്കറ്റുകൾ താരം സ്വന്തമാക്കി കഴിഞ്ഞു. കൃത്യമായ പേസിൽ ബോളിൽ ചലനങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നതാണ് ഹസൻ മഹമൂദിനെ അപകടകാരിയായ ബോളറാക്കി മാറ്റുന്നത്.

5. റിഷഭ് പന്ത്

2022ന് ശേഷം പരിക്കിന്റെ പിടിയിലായിരുന്ന പന്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ കാണാൻ പോകുന്നത്. ആക്രമണ ബാറ്റിംഗ് ശൈലിയിൽ മാച്ച് വിന്നിങ് പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിക്കുന്ന താരമാണ് പന്ത്. ഞൊടിയിടയിൽ മത്സരത്തിന്റെ ഗതി മാറ്റിമറിക്കാൻ പന്തിന് സാധിക്കും ഇതുവരെ ഇന്ത്യക്കായി 33 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 2271 റൺസാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.

6. സർഫറാസ് ഖാൻ

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് ശ്രദ്ധ നേടിയ താരമാണ് സർഫറാസ് ഖാൻ. കഴിഞ്ഞ വർഷങ്ങളിലൊക്കെയും ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരത പുലർത്താൻ സർഫറാസിന് സാധിച്ചിരുന്നു. ശേഷം ദേശീയ ടീമിലേക്ക് താരത്തിന് വിളിയെത്തി. ഇംഗ്ലണ്ടിനെതിരായ തന്റെ അരങ്ങേറ്റ പരമ്പരയിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇതുവരെ 5 ഇന്നിംഗ്സുകളിൽ നിന്നും 3 അർദ്ധ സെഞ്ച്വറികൾ സർഫറാസ് സ്വന്തമാക്കിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെയും ഇന്ത്യയുടെ നട്ടെല്ലാവാൻ താരത്തിന് സാധിക്കും.

7. രവീന്ദ്ര ജഡേജ

ബാറ്റുകൊണ്ടും ബോളുകൊണ്ടും മത്സരത്തിന്റെ ഫലത്തെ മാറ്റിമറിക്കാൻ സാധിക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് രവീന്ദ്ര ജഡേജ. ഇതുവരെ ഇന്ത്യക്കായി 72 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ജഡേജ 3036 റൺസാണ് സ്വന്തമാക്കിയിട്ടുള്ളത്. 294 വിക്കറ്റുകളും ജഡേജ തന്റെ പേരിൽ ചേർത്തു കഴിഞ്ഞു. ബംഗ്ലാദേശിനെതിരെയും ജഡേജയുടെ മികച്ച പ്രകടനം തന്നെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

Previous article“അവരാണ് ഭാവിയിലെ കോഹ്ലിയും രോഹിതും ” ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം.
Next articleഅന്ന് ധോണി കട്ടക്കലിപ്പിൽ ആ കുപ്പി ചവിട്ടിതെറിപ്പിച്ചു. ക്യാപ്റ്റൻ കൂളിന് ശാന്തത നഷ്ടപെട്ട നിമിഷം. ബദരിനാഥ് വെളിപ്പെടുത്തുന്നു