അന്ന് ധോണി കട്ടക്കലിപ്പിൽ ആ കുപ്പി ചവിട്ടിതെറിപ്പിച്ചു. ക്യാപ്റ്റൻ കൂളിന് ശാന്തത നഷ്ടപെട്ട നിമിഷം. ബദരിനാഥ് വെളിപ്പെടുത്തുന്നു

dhoni finish vs punjab

കളിക്കളത്തിലായാലും കളിക്കളത്തിന് പുറത്തായാലും ശാന്തത കൈവിടാത്ത താരമായിരുന്നു മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. നായകൻ എന്ന വാക്കിന് മറ്റൊരു നിർവചനം ഉണ്ടാക്കിയെടുത്തതിൽ ധോണിയ്ക്ക് വലിയൊരു പങ്കുണ്ട്.

എത്ര സമ്മർദ്ദ സാഹചര്യങ്ങളിൽ നിന്നാലും തന്റെ സഹതാരങ്ങളോട് ദേഷ്യപ്പെടുകയോ, ശാന്തതവിട്ട് പെരുമാറുകയോ ധോണി ചെയ്യാറില്ല. അതുകൊണ്ടു തന്നെയാണ് ധോണിയെ ക്യാപ്റ്റൻ കൂൾ എന്ന് എല്ലാവരും വിളിക്കുന്നത്. പക്ഷേ മൈതാനത്തിന് പുറത്ത് ധോണി ശാന്തത കൈവിട്ട ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദരിനാഥ് പറയുന്നത്.

ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ മഹേന്ദ്ര സിംഗ് ധോണിയ്ക്കൊപ്പം 6 സീസണുകളോളം കളിച്ച താരമാണ് ബദരീനാഥ്. ചെന്നൈക്കായി മികച്ച പ്രകടനം പുറത്തെടുക്കാനും ബദരിനാഥിന് സാധിച്ചിരുന്നു. ഐപിഎല്ലിനിടെ താൻ ധോണി ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ട് എന്ന് ബദരിനാഥ് പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിൽ നൽകിയ അഭിമുഖത്തിലാണ് താരം സംഭവം പങ്കുവെച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെയാണ് ഡ്രസിങ് റൂമിൽ ധോണി ശാന്തത കൈവിട്ടത് എന്നാണ് ബദരിനാഥ് ചൂണ്ടിക്കാട്ടുന്നത്

മത്സരത്തിൽ ചെന്നൈയ്ക്ക് വിജയിക്കാൻ, ചെറിയ വിജയലക്ഷം മറികടന്നാൽ മതിയായിരുന്നു. എന്നാൽ തുടരെ വിക്കറ്റുകൾ നഷ്ടമായത് ചെന്നൈയെ ബാധിച്ചു ഈ മത്സരത്തിനിടെ ധോണി കോപത്തിലായി എന്ന് ബദരിനാഥ് പറയുന്നു.

Read Also -  നിതീഷിനും റിങ്കുവിനും മുൻപിൽ അടിതെറ്റി ബംഗ്ലകൾ. പരമ്പര സ്വന്തമാക്കി ഇന്ത്യ.

“മഹേന്ദ്ര സിംഗ് ധോണിയും ഒരു മനുഷ്യൻ തന്നെയാണ്. അദ്ദേഹവും ചില സമയങ്ങളിൽ ശാന്തത കൈവിടാറുണ്ട്. പക്ഷേ അത്തരം ഒരു സംഭവമുണ്ടായത് ഒരിക്കലും മൈതാനത്ത് ആയിരുന്നില്ല. തന്റെ ശാന്തത നഷ്ടമായി എന്ന് എതിർ ടീമിനെ ഒരിക്കലും ധോണി അറിയിച്ചിരുന്നില്ല. അന്ന് ചെന്നൈയുടെ ബാംഗ്ലൂരിനെതിരായ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. 110 റൺസ് മതിയായിരുന്നു ഞങ്ങൾക്ക് മത്സരത്തിൽ വിജയിക്കാൻ. പക്ഷേ ഞങ്ങളുടെ വിക്കറ്റുകൾ നിരന്തരം നഷ്ടമായി. അങ്ങനെ മത്സരത്തിൽ ഞങ്ങൾ പരാജയപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ധോണിയെ ഞാൻ ദേഷ്യപ്പെട്ട് കണ്ടത്.”- ബദരിനാഥ് പറയുന്നു.

“മത്സരത്തിൽ അനിൽ കുംബ്ലെയ്ക്കെതിരെ ഒരു ലാപ് ഷോട്ട് കളിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. അങ്ങനെ എൽബിഡബ്ല്യു ആയി ഞാൻ പുറത്താവുകയായിരുന്നു. അതിന് ശേഷം ഞാൻ ഡ്രസ്സിംഗ് റൂമിൽ ഇരിക്കുകയായിരുന്നു. ഈ സമയത്ത് മഹേന്ദ്രസിംഗ് ധോണി ഡ്രസ്സിംഗ് റൂമിലേക്ക് എത്തി. അവിടെ ഒരു ചെറിയ വെള്ളക്കുപ്പി ഉണ്ടായിരുന്നു. ധോണി ആ വെള്ളക്കുപ്പി ഒറ്റ ചവിട്ടിന് പുറത്തെറിഞ്ഞു. ഒരു നിമിഷം ഞാൻ പകച്ചുപോയി. ആരും തന്നെ അത്തരമൊരു രംഗം കാണാൻ ആഗ്രഹിക്കുന്നില്ല. അന്ന് ധോണിയുടെ മുഖത്ത് നോക്കാൻ പോലും ഞങ്ങൾക്ക് പറ്റിയിരുന്നില്ല. അദ്ദേഹം ഒന്നുംതന്നെ ഞങ്ങളോട് പറഞ്ഞില്ല. അന്ന് ഒരു ടീം മീറ്റിംഗ് പോലും ഉണ്ടായിരുന്നില്ല.”- ബദരിനാഥ് കൂട്ടിച്ചേർക്കുന്നു.

Scroll to Top