നിയമലംഘനം നടത്തി ഇന്ത്യ. ഇംഗ്ലണ്ടിന് 5 റൺസ് സൗജന്യമായി നൽകി അമ്പയർ. സംഭവം ഇങ്ങനെ.

അപൂർവ്വ സംഭവങ്ങൾ കൊണ്ട് സമ്പന്നമാണ് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരം. മത്സരത്തിന്റെ ആദ്യ ദിവസം മുതൽ ഒരുപാട് നാടകീയ രംഗങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ടാം ദിവസവും അത് ആവർത്തിക്കുന്നതിന്റെ സൂചനയാണ് ആദ്യ സെഷനിൽ ലഭിച്ചത്.

മത്സരത്തിൽ രവിചന്ദ്രൻ അശ്വിൻ പിച്ചിന്റെ മധ്യഭാഗത്ത് കൂടി റൺസ് സ്വന്തമാക്കുന്നതിനായി ഓടിയതിന്റെ പേരിൽ, അമ്പയർ ഇംഗ്ലണ്ടിന് 5 റൺസ് പെനാൽറ്റി നൽകിയതാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ സാധാരണയായി സംഭവിക്കാത്ത ഒരു കാര്യമാണ് ഇത്. അതിനാൽ തന്നെ ക്രിക്കറ്റ് ലോകം ഈ പെനാൽറ്റിയെ സംബന്ധിച്ചുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.

f74b22f0 8d7d 45aa a34c 1f9396dc604b

ഒരു കാരണവശാലും പിച്ചിന്റെ മധ്യ ഭാഗത്ത് കൂടി ഓടി റൺസ് സ്വന്തമാക്കാൻ ഒരു ബാറ്റർക്ക് സാധിക്കില്ല. അത് പിച്ചിന്റെ അവസ്ഥയെ ബാധിക്കും എന്നതുകൊണ്ട് അമ്പയർമാരടക്കം അതിനെ എതിർക്കാറാണുള്ളത്. എന്നാൽ ഇന്ത്യ തങ്ങളുടെ ഇന്നിംഗ്സിൽ തുടർച്ചയായി ഇത്തരത്തിൽ പിച്ചിന്റെ മധ്യ ഭാഗത്ത് കൂടി റൺസ് എടുക്കാൻ ഓടിയതാണ് പിഴ ലഭിക്കാനുള്ള കാരണം.

ഇന്നിംഗ്സിന്റെ ആദ്യ സമയത്ത് രവീന്ദ്ര ജഡേജയായിരുന്നു ഇത്തരത്തിൽ മധ്യഭാഗത്ത് കൂടി ഓടി റൺസ് എടുക്കാൻ ശ്രമിച്ചത്. ഇത് അപ്പോൾ തന്നെ അമ്പയർ ശ്രദ്ധിക്കുകയും ജഡേജയ്ക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ അതിന് ശേഷം മത്സരത്തിന്റെ രണ്ടാം ദിവസം അശ്വിനും ഇത്തരത്തിൽ ആവർത്തിച്ചതോടെയാണ് അമ്പയർ ശിക്ഷ വിധിച്ചത്.

5 റൺസാണ് ഇതിന്റെ പേരിൽ ഇംഗ്ലണ്ട് ടീമിന് അമ്പയർ നൽകിയത്. അതായത് ഇംഗ്ലണ്ട് ഇന്നിംഗ്സ് ആരംഭിക്കുന്നത് 5ന് 0 എന്ന നിലയിൽ ആയിരിക്കും. ക്രിക്കറ്റിൽ ഇത് സർവസാധാരണമായ കാര്യമല്ല. അതിനാൽ തന്നെ ഇതിന്റെ നിയമപരമായ കാര്യങ്ങൾ വരും ദിവസങ്ങളിൽ ക്രിക്കറ്റ് ലോകം ചർച്ചചെയ്യും എന്നത് ഉറപ്പാണ്. മറുവശത്ത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ആദ്യ ദിവസം നായകൻ രോഹിത് ശർമയും രവീന്ദ്ര ജഡേജയും സെഞ്ച്വറികൾ സ്വന്തമാക്കിയിരുന്നു.

രണ്ടാം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ജഡേജയും കുൽദീപും പുറത്തായെങ്കിലും മികച്ച ബാറ്റിംഗ് പ്രകടനമാണ് അശ്വിൻ കാഴ്ചവയ്ക്കുന്നത്. ആദ്യ ഇന്നിങ്സിൽ 400 റൺസിന് മുകളിൽ കണ്ടെത്തുക എന്നതാണ് ഇന്ത്യയുടെ പ്രാഥമിക ലക്ഷ്യം. നിലവിൽ പിച്ച് ബാറ്റിംഗിന് അനുകൂലമാണ്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് ബാസ്ബോൾ തന്ത്രം പ്രയോഗിക്കാനും സാധ്യതകൾ ഏറെയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ റൺസ് കണ്ടെത്തി ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കുക എന്ന തന്ത്രമാണ് ഇന്ത്യയ്ക്ക് മുൻപിലുള്ളത്.

Previous article2024 ലോകകപ്പിൽ രോഹിത് തന്നെ ഇന്ത്യയെ നയിക്കും. സ്ഥിരീകരിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ.
Next articleബിസിസിഐയ്ക്ക് പുല്ലുവില കൽപ്പിച്ച് ഇഷാൻ കിഷൻ. അവസാന രഞ്ജി ട്രോഫി മത്സരത്തിലും കളിക്കില്ല.