വളരെ പക്വതയാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ചാണ് ഇത്തവണ ഇന്ത്യ ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയത്. ടീമിനുള്ളിലെ മുഴുവൻ താരങ്ങളും ഇന്ത്യക്കായി മികവ് പുലർത്തുകയുണ്ടായി. ഇന്ത്യൻ സ്ക്വാഡിലുള്ള 15 താരങ്ങളിൽ 10 പേരും ഐപിഎൽ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ളവരായിരുന്നു. എന്നാൽ ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി സ്ക്വാഡിൽ വിജയം സ്വന്തമാക്കിയ 5 താരങ്ങൾ ഒരിക്കൽപോലും ഐപിഎൽ കിരീടത്തിൽ മുത്തമിടാത്തവരാണ്. അവർ ആരൊക്കെയാണ് എന്ന് പരിശോധിക്കാം.
- വിരാട് കോഹ്ലി
ഇതുവരെ ഐപിഎൽ കിരീടം സ്വന്തമാക്കാൻ സാധിക്കാത്ത ഒരു താരമാണ് വിരാട് കോഹ്ലി. ഐപിഎല്ലിന്റെ തുടക്കം മുതൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിനെ പ്രധാന താരമായിരുന്നു കോഹ്ലി. 2013 മുതൽ 2021 വരെ ബാംഗ്ലൂർ ടീമിനെ നയിക്കാനും കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ നായകൻ എന്ന നിലയിലും കോഹ്ലി പരാജയപ്പെട്ടു.
- കെ എൽ രാഹുൽ
2013ൽ ബാംഗ്ലൂരിനൊപ്പം ഐപിഎൽ കരിയർ ആരംഭിച്ച രാഹുൽ പിന്നീട് ഹൈദരാബാദ് ടീമിലേക്ക് ചേക്കേറുകയുണ്ടായി. ശേഷം പഞ്ചാബ് ടീമിനായും ലക്നൗ ടീമിനായും കളിക്കാൻ രാഹുലിന് അവസരം ലഭിച്ചു. പക്ഷേ 4 ടീമുകളിൽ കളിച്ചിട്ടും രാഹുലിന് ഒരിക്കൽപോലും ഐപിഎൽ കിരീടം സ്വന്തമാക്കാൻ സാധിച്ചില്ല. 2025 ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ ഭാഗമാണ് രാഹുൽ. ഇതുവരെയും കിരീടം സ്വന്തമാക്കാത്ത ഫ്രാഞ്ചൈസിയാണ് ഡൽഹി.
- റിഷഭ് പന്ത്
ഐപിഎല്ലിന്റെ 2016 മുതൽ 2024 വരെയുള്ള എഡിഷനുകളിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ ഭാഗമായിരുന്നു പന്ത്. 3 വർഷത്തോളം ഡൽഹി ഫ്രാഞ്ചൈസിയെ നയിക്കാനുള്ള അവസരം പന്തിന് ലഭിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെയും ഡൽഹി ഐപിഎൽ കിരീടം സ്വന്തമാക്കിയിട്ടില്ല. 2025 ഐപിഎൽ മെഗാ ലേലത്തിൽ റെക്കോർഡ് തുകയ്ക്കാണ് പന്തിനെ ലക്നൗ സ്വന്തമാക്കിയത്. ഇത്തവണയെങ്കിലും ഐപിഎൽ കിരീടത്തിൽ മുത്തമിടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പന്ത്.
- അർഷദീപ് സിംഗ്
2019ൽ പഞ്ചാബ് കിങ്‌സ് ടീമിന് വേണ്ടിയാണ് അർഷദീപ് ഐപിഎൽ അരങ്ങേറ്റം കുറിച്ചത്. ശേഷം ടീമിനായി ഇതുവരെ കളിക്കാൻ താരത്തിന് സാധിച്ചു. 2025 മെഗാലേലത്തിൽ 18 കോടി രൂപയ്ക്കാണ് പഞ്ചാബ് താരത്തെ തിരികെ വാങ്ങിയത്. എന്നാൽ ഇതുവരെയും ഒരു ഐപിഎൽ കിരീടം സ്വന്തമാക്കാൻ അർഷാദീപിന് സാധിച്ചിട്ടില്ല.
- വാഷിംഗ്‌ടൺ സുന്ദർ
തന്റെ കരിയറിൽ 3 ഐപിഎൽ സീസണുകളാണ് വാഷിംഗ്ടൺ സുന്ദർ കളിച്ചിട്ടുള്ളത്. ഇതുവരെയും കിരീടം സ്വന്തമാക്കാൻ സുന്ദറിന് സാധിച്ചിട്ടില്ല. റൈസിംഗ് പൂനെ സൂപ്പർജയന്റ് ടീമിനൊപ്പം ആയിരുന്നു വാഷിംഗ്ടൺ കരിയർ ആരംഭിച്ചത്. ശേഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായും ഹൈദരാബാദിനായും താരം കളിച്ചു. 2025 മെഗാ ലേലത്തിൽ ഗുജറാത്ത് ടൈറ്റൻസാണ് സുന്ദറിനെ സ്വന്തമാക്കിയത്.