എല്ലാകാലത്തും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് ശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. 2008ൽ ഐപിഎൽ ആരംഭിച്ചത് മുതൽ ട്വന്റി20 ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ ലീഗിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ലീഗായി ഇന്ത്യൻ പ്രീമിയർ ലീഗ് തുടരുന്നതും.
2024 ഇന്ത്യൻ പ്രീമിയർ ലീഗിന് നാളെ ചെന്നൈയിൽ തുടക്കമാവുകയാണ്. ഇത്തവണയും വലിയ മാറ്റങ്ങളും വിപ്ലവകരമായ തീരുമാനങ്ങളുമായാണ് ഐപിഎൽ മുൻപിലേക്ക് എത്തുന്നത്. കഴിഞ്ഞ ഐപിഎല്ലിൽ നിന്ന് വ്യത്യസ്തമായി പുതിയ അഞ്ച് നിയമങ്ങളോളം ഇത്തവണത്തെ ഐപിഎല്ലിൽ കാണാൻ സാധിക്കും. നമുക്ക് അത് പരിശോധിക്കാം.
പ്രധാനമായും കുട്ടി ക്രിക്കറ്റിൽ ബോളർമാർക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനാണ് ഇത്തവണ ഐപിഎല്ലിൽ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഒരു ബോളർക്ക് ഒരു ഓവറിൽ രണ്ട് ബൗൺസറുകൾ എറിയാനുള്ള അനുവാദം ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഉണ്ടാവും.
കഴിഞ്ഞ സമയങ്ങളിൽ ബാറ്റർമാർ വലിയ രീതിയിൽ ട്വന്റി20 ക്രിക്കറ്റിൽ ആനുകൂല്യം നേടിയിരുന്നു. ഇക്കാര്യത്തിൽ തുല്യത വരുത്താനായാണ് രണ്ടു ബൗൺസർ എന്ന നിയമം കൊണ്ടുവരുന്നത്. നിലവിൽ ആഭ്യന്തര ട്വന്റി20 ക്രിക്കറ്റുകളിൽ ഈ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. എന്നിരുന്നാലും 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വലിയ മാറ്റം ഉണ്ടാക്കാൻ പോകുന്ന നിയമം തന്നെയാവും ഈ ബൗൺസർ വിപ്ലവം.
മറ്റൊരു പ്രധാനപ്പെട്ട മാറ്റം റിവ്യൂവിലാണ്. സാധാരണയായി ഇന്ത്യൻ പ്രീമിയർ ലീഗിൽ സ്റ്റമ്പിങ്ങിന് നൽകുന്ന റിവ്യൂകളിൽ ക്യാച്ച് ഔട്ട് പരിശോധിക്കറില്ല. അങ്ങനെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ നിയമവും. പക്ഷേ ഐപിഎല്ലിൽ ഇത്തവണ നിയമത്തിൽ വ്യത്യാസമുണ്ട്. സ്റ്റമ്പിങ്ങിനായി അമ്പയർ റിവ്യൂ നൽകിയാലും അത് ക്യാച്ച് ആണോ എന്ന് ടിവി അമ്പയർ പരിശോധിക്കും.
വൈഡുകളും നോബോളുകളും പരിശോധിക്കൻ ഐപിഎല്ലിൽ റിവ്യൂവുണ്ട്. എല്ലാം കൂടി ഒരു ടീമിന് രണ്ട് റിവ്യൂവാണ് ഒരു ഇന്നിംഗ്സിൽ നൽകുന്നത്. അതേസമയം ഇത്തവണത്തെ ഐപിഎല്ലിൽ സാധാരണ പോലെ സ്റ്റോപ്പ് ക്ലോക്ക് ഉണ്ടാകില്ല. ടീമിന് ആവശ്യമായ സമയമെടുത്ത് റിവ്യൂ നൽകാവുന്നതാണ്.
സാങ്കേതിക വിദ്യയുടെ വലിയൊരു മാറ്റവും ഇത്തവണത്തെ ഐപിഎല്ലിൽ കാണാനാവും. ഓൺഫീൽഡ് അമ്പയറുടെ തീരുമാനം റിവ്യൂ ചെയ്യുന്ന തേർഡ് അമ്പയർക്ക് സ്മാർട്ട് റിപ്ലൈ സിസ്റ്റം അടക്കമുള്ളവ ഇത്തവണ ലഭിക്കുന്നതാണ്. ഇതിലൂടെ വളരെ കൃത്യതയും വ്യക്തതയുമായ രീതിയിൽ തീരുമാനങ്ങൾ കൈക്കൊള്ളാൻ അമ്പയർക്ക് സാധിക്കും. റിവ്യൂ കൂടുതൽ കൃത്യമായി പരിശോധിക്കുന്നതിനായി സ്പ്ലിറ്റ് സ്ക്രീൻ സാങ്കേതികവിദ്യയും ഇത്തവണത്തെ ഐപിഎല്ലിലുണ്ട്.
കൂടുതൽ മികവാർന്ന ദൃശ്യങ്ങൾ ലഭിക്കുന്നതിനായി ഫ്രെയിം റേറ്റ് ഉള്ള ക്യാമറകളും ഇത്തവണ ഐപിഎല്ലിൽ കാണാൻ സാധിക്കും. ഇങ്ങനെ ഒരുപാട് മാറ്റങ്ങളുമായാണ് 2024 ഇന്ത്യൻ പ്രീമിയർ ലീഗ് ഒരുങ്ങുന്നത്.