2022 സീസണിന് സമാനമായ രീതിയിൽ 2023ലും അത്ര മികച്ച തുടക്കമല്ല മുംബൈ ഇന്ത്യൻസ് ടീമിന് ലഭിച്ചിരിക്കുന്നത്. തങ്ങളുടെ ആദ്യ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ എട്ടു വിക്കറ്റിന്റെ പരാജയം മുംബൈ ഏറ്റുവാങ്ങുകയുണ്ടായി. ഇതിൽ പ്രധാന കാരണമായി മാറിയത് മുംബൈയുടെ മുൻനിര ബാറ്റർമാരുടെ പരാജയം ആയിരുന്നു. വലിയ പ്രതീക്ഷയോടെയെത്തിയ മുൻനിര ആദ്യ മത്സരത്തിൽ കൂപ്പുകുത്തി വീഴുന്നതാണ് കാണാൻ സാധിച്ചത്.
മത്സരത്തിൽ നായകൻ രോഹിത് ശർമ 10 പന്തുകൾ നേരിട്ട് കേവലം ഒരു റൺ മാത്രമാണ് നേടിയത്. മത്സരത്തിൽ തനിക്ക് ലഭിച്ച ലൈഫ് പോലും മുതലാക്കാൻ രോഹിത്തിന് സാധിച്ചില്ല. ഈ മോശം പ്രകടനത്തിനുശേഷം രോഹിത്തിന്റെ പേരിൽ ഒരു നാണക്കേടിന്റെ റെക്കോർഡ് കൂടി സൃഷ്ടിക്കപ്പെടുകയുണ്ടായി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം തവണ 5 റൺസിൽ താഴെ പുറത്താകുന്ന താരം എന്ന റെക്കോർഡാണ് രോഹിത് ശർമ്മയ്ക്ക് വന്നുചേർന്നിരിക്കുന്നത്.
![5 റൺസിന് താഴെ പുറത്തായത് 50 തവണ. ഐപിഎല്ലിൽ രോഹിതിന് നാണക്കേടിന്റെ റെക്കോർഡ്. 1 31b1e0d8 05c1 4c35 9b39 74db318050f2](https://sportsfan.in/wp-content/uploads/2023/04/31b1e0d8-05c1-4c35-9b39-74db318050f2-1024x682.webp)
ഇതുവരെ ഐപിഎല്ലിൽ 50 തവണയാണ് രോഹിത് 5 റൺസിന് താഴെ പുറത്തായിട്ടുള്ളത്. പലർക്കും രോഹിത്തിന്റെ ഈ കണക്കുകൾ അത്ഭുതമാണ് ഉണ്ടാക്കുന്നത്. 44 തവണ 5 റൺസിനപ്പുറം കടക്കാത്ത ദിനേശ് കാർത്തിക്കാണ് ഈ ലിസ്റ്റിൽ രണ്ടാമനായുള്ളത്. റോബിൻ ഉത്തപ്പ 41 തവണ അഞ്ച് റൺസ് പിന്നിടാൻ സാധിക്കാതെ കൂടാരം കയറിയിട്ടുണ്ട്. ഇതോടൊപ്പം മിസ്റ്റർ ഐപിഎൽ സുരേഷ് റെയ്‌ന 40 തവണ ഈ മാജിക് നമ്പർ കടക്കാനാവാതെ ബുദ്ധിമുട്ടുകയുണ്ടായി. ഇതിൽ രോഹിത്തിനെ സംബന്ധിച്ച് വളരെ വലിയ നാണക്കേട് തന്നെയാണ് ഉണ്ടായിരിക്കുന്നത്.
സമീപകാലത്ത് ഇന്ത്യയ്ക്കായും ആഭ്യന്തര ക്രിക്കറ്റിലും അത്ര മികച്ച പ്രകടനങ്ങളല്ല രോഹിത് ശർമ കാഴ്ചവയ്ക്കുന്നത്. മുംബൈക്കായി കഴിഞ്ഞ സീസണിൽ ഒരു അർത്ഥസെഞ്ച്വറി നേടാൻ പോലും രോഹിത്തിന് സാധിച്ചിരുന്നില്ലm പലപ്പോഴും ക്രീസിലുറക്കാൻ ശ്രമിക്കുന്ന രോഹിത് ഏതെങ്കിലും അനാവശ്യ ഷോട്ട് കളിച്ചു പുറത്താകാറാണ് പതിവ്. രോഹിത്തിന്റെ ഈ ബാറ്റിംഗ് പ്രകടനം മുംബൈ ഇന്ത്യൻസിന് മാത്രമല്ല ഇന്ത്യൻ ടീമിനും ആശങ്കകൾ ഉണ്ടാക്കുന്നുണ്ട്. 2023ൽ ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം മോശം പ്രകടനങ്ങൾ രോഹിത് ശർമ ആവർത്തിക്കുകയാണെങ്കിൽ അത് ഇന്ത്യൻ ടീമിനെ ബാധിക്കാൻ സാധ്യതയുണ്ട്.
![5 റൺസിന് താഴെ പുറത്തായത് 50 തവണ. ഐപിഎല്ലിൽ രോഹിതിന് നാണക്കേടിന്റെ റെക്കോർഡ്. 2 2982cd59 8383 4a35 a08c cb033d29daab](https://sportsfan.in/wp-content/uploads/2023/04/2982cd59-8383-4a35-a08c-cb033d29daab-1024x682.webp)
ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിലും മോശം ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു രോഹിത് ശർമ കാഴ്ച വച്ചത്. 2021ലെ സീസണിലാണ് രോഹിത് അവസാനമായി ഒരു അർത്ഥസെഞ്ചുറി നേടിയത്. ചില മത്സരങ്ങളിൽ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലെടുക്കുന്നതിൽ രോഹിത് പരാജയപ്പെടുകയാണ് ഉണ്ടായത്. കഴിഞ്ഞവർഷത്തെ മുംബൈയുടെ പ്രകടനത്തിലും രോഹിത്തിന്റെ ഈ പതിഞ്ഞ ഭാവം ബാധിച്ചിട്ടുണ്ട് എന്ന് ഉറപ്പാണ്