ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 369 റൺസിന് എല്ലാവരും പുറത്തായി .രണ്ടാം ദിനം 274 -5 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഓസീസ് ടീമിന് ശേഷിച്ച 5 വിക്കറ്റുകളും ആദ്യ സെക്ഷനിൽ തന്നെ നഷ്ടമാകുകയായിരുന്നു .അർദ്ധ സെഞ്ച്വറി നേടിയ നായകൻ ടിം പെയിന്റെ ഇന്നിങ്‌സാണ് ഓസ്‌ട്രേലിയക്ക് രണ്ടാം ദിനം സഹായകമായത് . ഓസീസ് ഒന്നാം ഇന്നിംഗ്സ് അവസാനിച്ചതോടെ ലഞ്ച് ഇടവേളക്കായി മത്സരം പിരിഞ്ഞു .
നായകൻ പെയിനും ആൾറൗണ്ടർ ഗ്രീനും ആറാം വിക്കറ്റിൽ മികച്ച പ്രതിരോധം തീർത്താണ് ഒന്നാം ദിനം കളി അവസാനിപ്പിച്ചത് .ഇരുവരും മികച്ച രീതിയിൽ രണ്ടാം ദിനവും ഇന്ത്യൻ ബൗളർമാരെ നേരിട്ടതോടെ വലിയൊരു ഒന്നാം ഇന്നിംഗ്സ് സ്കോർ ഓസ്‌ട്രേലിയൻ ടീം സ്വപ്നം കണ്ടു .എന്നാൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയതിന് തൊട്ട് പിറകെ നായകൻ പെയിനെ താക്കൂർ മടക്കി .സ്ലിപ്പിൽ രോഹിതിന് ക്യാച്ച് നൽകി ഓസീസ് നായകൻ മടങ്ങി . 104 പന്തിൽ 6 ഫോറിന്റെ സഹായത്തോടെ താരം 50 റൺസ് നേടി .
പിന്നീട് തുടർച്ചയായി വിക്കറ്റുകൾ ആതിഥേയ ടീമിന് നഷ്ടമായി . ഗ്രീൻ അരങ്ങേറ്റ താരം സുന്ദറിന്റെ ഒന്നാന്തരമൊരു പന്തിൽ ക്ലീൻ ബൗൾഡ് ആയി . താരം 47 റൺസ് നേടി . പിന്നാലെ പാറ്റ് കമ്മിൻസ് താക്കൂറിന്റെ പന്തിൽ വിക്കറ്റിന് മുൻപിൽ കുരുങ്ങി .അമ്പയർ തീരുമാനത്തിനെതിരെ താരം റിവ്യൂ ചെയ്‌തെങ്കിലും മൂന്നാം അമ്പയറും ഔട്ട് വിളിക്കുകയായിരുന്നു .
എന്നാൽ ഒൻപതാം വിക്കറ്റിൽ ഒത്തുചേർന്ന ലിയോൺ : സ്റ്റാർക്ക് സഖ്യം ഇന്ത്യക്ക് തലവേദന സൃഷ്ടിച്ചു .
അതിവേഗ ബാറ്റിങ്ങാൽ ഇന്ത്യൻ ബൗളർമാരെ ബൗണ്ടറി കടത്തിയ ലിയോൺ 22 പന്തിൽ 4 ഫോറിന്റെ അകമ്പടിയോടെ 24 റൺസ് നേടി .ഒടുവിൽ സുന്ദറിനെ സ്വീപ് ചെയ്യാനുള്ള ശ്രമത്തിനിടയിൽ ലിയോൺ ക്ലീൻ ബൗൾഡ് ആയി .
അരങ്ങേറ്റക്കാർ നടരാജന്റെ ഊഴമായിരുന്നു പിന്നീട് . താരം മികച്ച ഒരു ഫുൾ പന്തിൽ ഹേസൽവുഡിനെ ക്ലീൻ ബൗൾഡ് ആക്കി . 11 റൺസാണ് താരം നേടിയത് . 20 റൺസ് അടിച്ചെടുത്ത സ്റ്റാർക്ക് പുറത്താവാതെ നിന്നു . ഇന്ത്യക്കായി ബൗളിങ്ങിൽ അരങ്ങേറ്റക്കാർ തിളങ്ങുന്ന കാഴ്ചയാണ് ബ്രിസ്‌ബേൻ ഗ്രൗണ്ടിൽ നാം കണ്ടത് .
3 വിക്കറ്റുകളായി വാഷിംഗ്‌ടൺ സുന്ദർ , നടരാജൻ എന്നിവർ അരങ്ങേറ്റ ടെസ്റ്റ് ഗംഭീരമാക്കി . 3 വിക്കറ്റുമായി വലംകയ്യൻ പേസർ താക്കൂറും തിളങ്ങി .
മുഹമ്മദ് സിറാജിനാണ് ശേഷിച്ച ഒരു വിക്കറ്റ് .ഓപ്പണർ ഡേവിഡ് വാർണറിന്റെ വിക്കറ്റ് താരം ഓസീസ് ഇന്നിങ്സിലെ ആദ്യ ഓവറിൽ തന്നെ വീഴ്ത്തിയിരുന്നു .