2023 ഏകദിന ലോകകപ്പ് അടുത്തു വന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കിരീടം ഉയർത്താനുള്ള തയ്യാറെടുപ്പുകളിൽ തന്നെയാണ് ഇന്ത്യൻ ടീം. ഇന്ത്യയിൽ നടക്കുന്നതുകൊണ്ടുതന്നെ 2023 ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് തന്നെയാണ് ഏറ്റവും സാധ്യതയുള്ളത്. മുൻപ് 2011ൽ ഇന്ത്യയിൽ ലോകകപ്പ് നടന്നപ്പോൾ ഇന്ത്യ തന്നെയായിരുന്നു ജേതാക്കൾ. ആ പ്രതീക്ഷയിലാണ് ഇത്തവണയും ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ ഇത്തവണത്തെ ലോകകപ്പിന് മുന്നോടിയായി ഒരുപാട് മത്സരങ്ങൾ ഇന്ത്യ കളിക്കുന്നില്ല.
അതുകൊണ്ടുതന്നെ മികച്ച ഒരു ഇലവണ ഏറ്റവും വേഗതയിൽ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ. ഈ മാസം 27ന് വെസ്റ്റിൻഡീസിനെതിരെ തുടങ്ങുന്ന ഏകദിന പരമ്പര ഇതിൽ പ്രധാന പങ്കുവഹിക്കാനും സാധ്യതയുണ്ട്. പ്രധാനമായും യുവതാരങ്ങളെ കൂടുതലായി അണിനിരത്തിക്കൊണ്ട് ഒരു ടീം കെട്ടിപ്പടുക്കാൻ തന്നെയാണ് ഇന്ത്യ ശ്രമിക്കുന്നത്. ഈ അവസ്ഥയിൽ മലയാളി താരം സഞ്ജു സാംസനും ടീമിൽ ഇടം ലഭിക്കും എന്നാണ് കരുതുന്നത്. സഞ്ജുവിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയാൽ ഇന്ത്യക്ക് ഒരുപാട് ഗുണങ്ങളുണ്ടാവും.
ഇതിൽ പ്രധാനപ്പെട്ട ഒന്ന് സഞ്ജുവിന്റെ പരിചയസമ്പന്ന തന്നെയാണ്. 28 വയസ്സുകാരനായ സഞ്ജു സാംസൺ ഇതുവരെ ഇന്ത്യക്കായി 28 അന്താരാഷ്ട്ര മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ. പക്ഷേ ഇന്ത്യൻ പ്രീമിയർ ലീഗിൽ 152 ഓളം മത്സരങ്ങൾ കളിച്ച അനുഭവം സഞ്ജുവിനുണ്ട്. മാത്രമല്ല ലിസ്റ്റ് എ ക്രിക്കറ്റിൽ 110ന് മുകളിൽ മത്സരങ്ങൾ സഞ്ജു കളിച്ചിരിക്കുന്നു. ഐപിഎല്ലിൽ രാജസ്ഥാൻ ടീമിന്റെ നായകനായാണ് സഞ്ജു സാംസൺ കഴിഞ്ഞ സീസണുകളിൽ കളിച്ചിട്ടുള്ളത്. ഇത്തരത്തിൽ മികവുപുലർത്തിയിട്ടുള്ള സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ എത്തുകയാണെങ്കിൽ അത് ഇന്ത്യയ്ക്ക് ഒരുപാട് ഗുണം ചെയ്യും എന്നത് ഉറപ്പാണ്.
സഞ്ജുവിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന് ഏത് പൊസിഷനിലും കളിക്കാനുള്ള ആർജ്ജവമാണ്. ഇന്ത്യൻ ടീമിലും രാജസ്ഥാൻ ടീമിലും വിവിധ പൊസിഷനുകളിൽ കളിച്ചിട്ടുള്ള പാരമ്പര്യം സഞ്ജുവിനുണ്ട്. ടീമിന്റെ ഏത് സാഹചര്യത്തിലും മൈതാനത്തിറങ്ങി മികവു കാട്ടാൻ സഞ്ജുവിന് സാധിക്കാറുണ്ട്. സാഹചര്യങ്ങൾക്ക് അനുസരിച്ച് തന്റെ കളിയിൽ മാറ്റം വരുത്താനും അതിനനുസരിച്ച് ചിന്തിക്കാനും പ്രത്യേക കഴിവ് തന്നെ സഞ്ജുവിനുണ്ട്. ആക്രമിച്ചു കളിക്കേണ്ട സമയത്ത് ആക്രമിച്ചും, പ്രതിരോധിക്കേണ്ട സമയത്ത് പ്രതിരോധിച്ചും കളിക്കാനുള്ള സഞ്ജുവിന്റെ കഴിവ് ലോകകപ്പിൽ ഇന്ത്യയ്ക്ക് ഗുണം ചെയ്തേക്കും.
ഇതോടൊപ്പം സഞ്ജു സാംസൺ ഒരു വിക്കറ്റ് കീപ്പറാണ് എന്നതും ഇന്ത്യക്ക് ഗുണം ചെയ്യും. നിലവിൽ ഇന്ത്യ കെ എൽ രാഹുലിനെയാണ് കൂടുതലായി ഈ സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നത്. പക്ഷേ കഴിഞ്ഞ സമയങ്ങളിലെ രാഹുലിന്റെ മോശം പ്രകടനങ്ങളും ഒപ്പം പരിക്കുമൊക്കെ അദ്ദേഹത്തിന്റെ ടീമിലെ സ്ഥാനത്തെ ബാധിച്ചേക്കും. ഇങ്ങനെയുള്ളപ്പോൾ സഞ്ജു ടീമിലെത്തിയാൽ അത് ടീമിന് കൂടുതൽ ശക്തി പകരും.