2027 ലോകകപ്പിൽ കോഹ്ലിയ്ക്ക് പകരക്കാരാവാൻ 3 താരങ്ങൾ.

2027ൽ നടക്കാൻ പോകുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി തന്റെ വിരമിക്കൽ പ്രഖ്യാപിക്കുമെന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇത്തരത്തിൽ വിരാട് കോഹ്ലി വിരമിക്കുകയാണെങ്കിൽ മൂന്നാം നമ്പരിൽ പകരക്കാരായി പരിഗണിക്കാവുന്ന 3 താരങ്ങളുണ്ട്. ഇവർ ആരൊക്കെയാണെന്ന് നോക്കാം.

  1. സായി സുദർശൻ

വിരാട് കോഹ്ലിയുടെ അതേ ശൈലിയിൽ ബാറ്റ് ചെയ്യാൻ സാധിക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് സായി സുദർശൻ. സമീപകാലത്ത് ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനങ്ങളാണ് സായി കാഴ്ചവച്ചിരുന്നത്. 2025 ഇന്ത്യൻ പ്രീമിയർ ലീഗിലും സായി എന്ന ബാറ്ററുടെ ഏകാഗ്രത ലോക ക്രിക്കറ്റ് മനസ്സിലാക്കിയതാണ്. മാത്രമല്ല ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കാനും സായിക്ക് സാധിച്ചിരുന്നു. ബാറ്റിംഗിൽ സ്ഥിരത പുലർത്താൻ സാധിക്കും എന്നതാണ് സായി സുദർശനെ മറ്റുപല താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

  1. തിലക് വർമ

കോഹ്ലിയ്ക്ക് പകരക്കാരനായി വളർന്നു വരാൻ സാധിക്കുന്ന ഒരു ബാറ്ററാണ് തിലക് വർമ. നിലവിൽ ഇന്ത്യയുടെ ട്വന്റി20 ടീമിലെ പ്രധാന താരങ്ങളിൽ ഒരാളാണ് തിലക്. ട്വന്റി20 ടീമിൽ കഴിഞ്ഞ മത്സരങ്ങളിൽ ഒക്കെയും മൂന്നാം നമ്പറിൽ കളിക്കാനും മികവ് പുലർത്താനും താരത്തിന് സാധിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ട്വന്റി20 പരമ്പരയിൽ തുടർച്ചയായി 2 സെഞ്ച്വറികൾ സ്വന്തമാക്കാൻ തിലകിന് കഴിഞ്ഞു. അതിനാൽ തന്നെ കോഹ്ലിയെ പോലെ ആങ്കർ റോളിൽ മികവ് പുലർത്താനും തിലകിന് സാധിക്കും.

  1. റിയാൻ പരഗ്

ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ താരമായ പരഗാണ് ഈ ലിസ്റ്റിൽ വരുന്ന മറ്റൊരു താരം. ഒരു വലംകയ്യാൻ ബാറ്ററായും വലംകൈയ്യൻ ബോളറായും ഒരേസമയം മികവ് പുലർത്താൻ സാധിക്കുന്ന താരമാണ് പരഗ്. മറ്റു 2 താരങ്ങളെക്കാൾ കൂടുതൽ ആക്രമണ ശൈലിയിലാണ് പരഗ് ബാറ്റ് ചെയ്യാറുള്ളത്. ഇന്നിംഗ്സ് ആങ്കർ ചെയ്യാൻ കഴിവുള്ള പരഗിന്, വേണ്ടി വന്നാൽ ടീമിനെ ബോളിംഗിലും സഹായിക്കാൻ സാധിക്കും. ഇന്ത്യയ്ക്കായി ഇതുവരെ ഒരു ഏകദിന മത്സരമാണ് പരഗ് കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 3 വിക്കറ്റുകൾ താരം സ്വന്തമാക്കിയിരുന്നു.