ഇന്ത്യയ്ക്കായി വളരെക്കാലം വിക്കറ്റ് കീപ്പറായി സേവനമനുഷ്ഠിച്ച താരമായിരുന്നു മഹേന്ദ്ര സിംഗ് ധോണി. എന്നാൽ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യയ്ക്ക് ഏകദിനങ്ങളിൽ മികച്ച ഒരു വിക്കറ്റ് കീപ്പറെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ധോണിയ്ക്ക് പകരക്കാരനായി വന്നത് റിഷഭ് പന്തായിരുന്നു. പക്ഷേ ടെസ്റ്റ് മത്സരങ്ങളിൽ ഒഴികെ മറ്റു 2 ഫോർമാറ്റുകളിലും ഇന്ത്യക്കായി തിളങ്ങാൻ പന്തിന് കഴിഞ്ഞില്ല.
ശ്രീലങ്കക്കെതിരെ നടന്ന 3 ഏകദിന മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ റിഷഭ് പന്തും കെഎൽ രാഹുലും ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാരായി ഉണ്ടായിരുന്നുവെങ്കിലും മോശം പ്രകടനം തന്നെയാണ് മത്സരങ്ങളിൽ കാഴ്ചവച്ചത്. കഴിവ് തെളിയിക്കാൻ ഇതിനോടകം തന്നെ ഇരു താരങ്ങൾക്കും ഒരുപാട് അവസരം ഇന്ത്യ നൽകി കഴിഞ്ഞു. എന്നാൽ പലപ്പോഴും ഇരുവരും പരാജയപ്പെട്ടു. ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഏകദിനത്തിൽ കളിപ്പിക്കാൻ സാധിക്കുന്ന 3 വിക്കറ്റ് കീപ്പർമാരെ പരിശോധിക്കാം.
1. സഞ്ജു സാംസൺ
ഏകദിന ക്രിക്കറ്റിൽ വളരെ മികച്ച റെക്കോർഡ് ഉണ്ടായിട്ടും ഇന്ത്യ വേണ്ട രീതിയിൽ പരിഗണിക്കാത്ത താരമാണ് മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ. തന്റെ അവസാന ഏകദിന മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി നേടിയ സഞ്ജുവിനെ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലും ഇന്ത്യ അവഗണിക്കുകയുണ്ടായി. ഇനിയും സഞ്ജുവിന് നേരെ കണ്ണടയ്ക്കാൻ ഇന്ത്യൻ ടീമിന് സാധിക്കില്ല.
അതിനാൽ തന്നെ ഏകദിന ടീമിൽ സഞ്ജു ഒരു സ്ഥാനം അർഹിക്കുന്നുണ്ട്. തുടർച്ചയായി 10- 15 ഏകദിന മത്സരങ്ങളെങ്കിലും സഞ്ജു സാംസന് നൽകേണ്ടത് ഇന്ത്യയെ സംബന്ധിച്ച് ആവശ്യമാണ്. ഇതുവരെ ഇന്ത്യൻ ടീമിൽ 10 ഏകദിന മത്സരങ്ങൾ സ്ഥിരമായി കളിക്കാൻ സഞ്ജുവിന് സാധിച്ചിട്ടില്ല. 16 ഏകദിന മത്സരങ്ങൾ ഇതുവരെ ഇന്ത്യക്കായി കളിച്ച സഞ്ജു സാംസന്റെ ശരാശരി 56.67 റൺസാണ്.
2. ജിതേഷ് ശർമ
ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് പരീക്ഷിക്കാൻ സാധിക്കുന്ന മറ്റൊരു വിക്കറ്റ് കീപ്പർ ജിതേഷ് ശർമയാണ്. ട്വന്റി20 ക്രിക്കറ്റിൽ ഇതുവരെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച് ഇന്ത്യയെ ഞെട്ടിക്കാൻ ജിതേഷിന് സാധിച്ചിട്ടുണ്ട്. പക്ഷേ ഏകദിന ക്രിക്കറ്റിൽ ഇതുവരെയും ജിതേഷ് ഇന്ത്യക്കായി കളിച്ചിട്ടില്ല. ഇതുവരെ ട്വന്റി20 ക്രിക്കറ്റിൽ 7 മത്സരങ്ങൾ ഇന്ത്യയ്ക്കായി ജിതേഷ് ശർമ കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 100 റൺസ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ വിദർഭ താരമാണ് ജിതേഷ് ശർമ. തരക്കേടില്ലാത്ത റെക്കോർഡുകൾ തന്നെയാണ് ജിതേഷിനുള്ളത്. ലിസ്റ്റ് എ കരിയറിൽ 43 മത്സരങ്ങളിൽ നിന്ന് 1350 റൺസാണ് ജിതേഷ് സ്വന്തമാക്കിയിട്ടുള്ളത്.
3. ബാബാ ഇന്ദ്രജിത്ത്
ഇതുവരെയും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കളിക്കാൻ ഇന്ദ്രജിത്തിന് സാധിച്ചിട്ടില്ല. എന്നിരുന്നാലും ഇന്ത്യക്ക് പരീക്ഷിക്കാൻ സാധിക്കുന്ന മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്ററാണ് ഇന്ദ്രജിത്ത്. ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാടിനായി തട്ടുപൊളിപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച പാരമ്പര്യമാണ് ഇന്ദ്രജിത്തിനുള്ളത്. സ്ഥിരതയാണ് ഇന്ദ്രജിത്തിനെ ഏറ്റവും മികച്ച താരമാക്കി മാറ്റുന്നത്. കഴിഞ്ഞ വർഷം നടന്ന വിജയ് ഹസാരെ ട്രോഫിയിൽ ടോപ് സ്കോററായി മാറാൻ ഇന്ദ്രജിത്തിന് സാധിച്ചിരുന്നു. ഇതുവരെ ലിസ്റ്റ് എ കരിയറിൽ 51 ഇന്നിംഗ്സുകളിൽ നിന്ന് 1617 റൺസ് ഈ യുവതാരം സ്വന്തമാക്കിയിട്ടുണ്ട്.