സഞ്ജുവും ഋതുരാജും പുറത്ത്, ദുബെയ്ക്ക് കൂടുതൽ അവസരങ്ങൾ. ഇതെന്ത് ടീമെന്ന് മുൻ ഇന്ത്യൻ താരം ശ്രീകാന്ത്.

sanju samson 141940794

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ വമ്പൻ പരാജയത്തിന് ശേഷം ഇന്ത്യൻ സെലക്ടർമാർക്കും പരിശീലകൻ ഗൗതം ഗംഭീറിനും വിമർശനവുമായി ഇന്ത്യൻ താരം കെ ശ്രീകാന്ത്. പരമ്പരയിലെടുത്ത ചില മോശം തീരുമാനങ്ങളെ ചൂണ്ടിക്കാട്ടിയാണ് ശ്രീകാന്ത് വിമർശിച്ചത്. കഴിവുള്ള പലതാരങ്ങളെയും പുറത്തിറക്കുകയാണ് ഗംഭീർ ഇതുവരെ ചെയ്തിട്ടുള്ളത് എന്ന് ശ്രീകാന്ത് പറയുന്നു.

മാത്രമല്ല ഇന്ത്യയുടെ ഓൾറൗണ്ടർ ശിവം ദുബെയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകിയതിനെയും ശ്രീകാന്ത് ചോദ്യം ചെയ്തു. മോശം പ്രകടനങ്ങൾ ആവർത്തിച്ചിട്ടും എന്തിനാണ് ദുബെയെ പോലെയുള്ള താരങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നത് എന്നും ശ്രീകാന്ത് ചോദിക്കുകയുണ്ടായി. ഒപ്പം സഞ്ജുവിനെയും ജയസ്വാളിനെയും ടീമിൽ ഉൾപ്പെടുത്താത്തതിനേയും ശ്രീകാന്ത് വിമർശിച്ചു.

“എന്തുകൊണ്ടാണ് ഋതുരാജിന് ഇന്ത്യയുടെ ടീമിൽ അവസരം നൽകാത്തത്? ഇന്ത്യൻ ടീമിൽ സ്ഥാനമാർഹിക്കുന്ന താരം തന്നെയാണ് ഋതുരാജ്. പക്ഷേ വേണ്ട രീതിയിൽ ഋതുരാജിന് ടീമിൽ അവസരങ്ങൾ ലഭിക്കുന്നില്ല. സഞ്ജു സാംസന്റെയും കാര്യം മറ്റൊന്നല്ല. സഞ്ജുവിനും ഏകദിന ടീമിൽ സ്ഥാനം ലഭിച്ചില്ല. എന്തുകൊണ്ടാണ് ഇവർക്കൊന്നും കൂടുതൽ അവസരങ്ങൾ നൽകാത്തത്? അതേസമയം ശിവം ദുബെയ്ക്ക് ഇന്ത്യ കൂടുതൽ അവസരങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. അവന് മാത്രമാണോ അവസരങ്ങൾ നൽകേണ്ടത്? എല്ലാവർക്കും അത് നൽകാൻ ഇന്ത്യ തയ്യാറാകണ്ടേ.”- ശ്രീകാന്ത് ചോദിക്കുന്നു.

Read Also -  ചെന്നൈയല്ല, രോഹിത് ഇത്തവണ ഈ 2 ടീമുകളിൽ ഒന്നിൽ കളിക്കും. ഹർഭജൻ സിംഗ് പറയുന്നു.

മറുവശത്ത് സിറാജ് അടക്കമുള്ള ബോളർമാരെ വിമർശിക്കാനും ശ്രീകാന്ത് മറന്നില്ല. സിറാജ് ഒരു ശരാശരി ബോളർ മാത്രമാണ് എന്ന് ശ്രീകാന്ത് പറയുകയുണ്ടായി. “ഒരുകാരണവശാലും മുഹമ്മദ് സിറാജിനെ ഒരു മികച്ച ബോളറായി കാണാൻ നമുക്ക് സാധിക്കില്ല. ഒരു ശരാശരി താരം മാത്രമാണ് സിറാജ്. മാത്രമല്ല അവൻ ബാറ്റർമാർക്ക് പലപ്പോഴും റൺസ് വാരിക്കോരി കൊടുക്കാറുണ്ട്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീമിൽ കളിക്കുമ്പോഴും സിറാജ് ഇത്തരത്തിലാണ് പന്ത് എറിഞ്ഞിരുന്നത്. സിറാജിന്റെ മത്സരത്തിലെ സമീപനത്തോട് എനിക്ക് താല്പര്യമില്ല.”- ശ്രീകാന്ത് കൂട്ടിച്ചേർത്തു.

“എല്ലാ മത്സരങ്ങളിലും താൻ ആക്രമണ മനോഭാവത്തോടെയാണ് കളിക്കുന്നത് എന്ന് കാണിക്കാനായി സിറാജ് ഷോ ഇറക്കുകയാണ് ചെയ്യുന്നത്. സിറാജ് ജസ്പ്രീത് ബൂമ്രയെ കണ്ടുപഠിക്കാൻ തയ്യാറാവണം. നന്നായി ബോൾ ചെയ്യാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ മൈതാനത്ത് ആളാവാൻ നോക്കിയിട്ട് യാതൊരു കാര്യവുമില്ല.”- ശ്രീകാന്ത് പറഞ്ഞുവയ്ക്കുന്നു. വലിയ വിമർശനങ്ങൾ തന്നെയാണ് ഏകദിന പരമ്പരയിലെ പരാജയത്തിന് ശേഷം ശ്രീകാന്ത് ഉന്നയിച്ചിരിക്കുന്നത്. ഇതൊക്കെയും കണക്കിലെടുത്ത് അടുത്ത മത്സരങ്ങളിലൂടെ തിരികെ വരേണ്ടത് ഇന്ത്യയ്ക്ക് അത്യാവശ്യമാണ്.

Scroll to Top