കഴിഞ്ഞ സമയങ്ങളിൽ ടെസ്റ്റ് മത്സരങ്ങളിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ പുറത്തെടുത്തിട്ടുള്ളത്. ബോർഡർ- ഗവാസ്കർ ട്രോഫിയിലടക്കം രോഹിത്തിന്റെയും കോഹ്ലിയുടെയും മോശം പ്രകടനങ്ങൾ ഇന്ത്യയെ ബാധിക്കുകയുണ്ടായി. ശേഷം പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ നിന്ന് രോഹിത് സ്വമേധയാ ഒഴിവാകുകയാണ് ഉണ്ടായത്.
ഇതിന് ശേഷം രോഹിത് ശർമയുടെ ടെസ്റ്റ് നായകത്വം അടക്കമുള്ള കാര്യങ്ങളെ സംബന്ധിച്ച് വലിയ രീതിയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റിലെ രോഹിത്തിന്റെ ഭാവിയെ സംബന്ധിച്ച് വലിയ ആശങ്ക നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ രോഹിത്തിന് പകരക്കാരനായി ഇന്ത്യയുടെ ടെസ്റ്റ് നായകനാവാൻ സാധിക്കുന്ന 3 താരങ്ങൾ ആരൊക്കെയാണ് എന്ന് പരിശോധിക്കാം.
1. ജസ്‌പ്രീത് ബുമ്ര
നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഉപ നായകനാണ് ജസ്പ്രീത് ബുമ്ര. മാത്രമല്ല ഓസ്ട്രേലിയക്കെതിരെ ഇന്ത്യയെ 2 ടെസ്റ്റ് മത്സരങ്ങളിൽ നയിക്കാനും താരത്തിന് സാധിച്ചു. ഇതുവരെ 3 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച താരം നിലവിൽ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരമാണ്. അതുകൊണ്ടു തന്നെ ഇന്ത്യയ്ക്ക് ബൂമ്രയെ ടെസ്റ്റ് നായകനായി ഉയർത്തിക്കൊണ്ടു വരാൻ സാധിക്കും.
2. റിഷഭ് പന്ത്
ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ X ഫാക്ടറാണ് റിഷഭ് പന്ത്. നിലവിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാൾ കൂടിയാണ് പന്ത്. 27കാരനായ പന്ത് 2022ൽ ഇന്ത്യയുടെ നായക സ്ഥാനത്തേക്ക് എത്തിയിരുന്നു. ഇന്ത്യയെ ഒരു ട്വന്റി20 പരമ്പരയിൽ നയിക്കാനുള്ള അവസരം അന്ന് പന്തിന് ലഭിച്ചു. മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗിലടക്കം നായകനെന്ന നിലയിൽ മികവ് പുലർത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.
3. കെഎൽ രാഹുൽ
2021ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഉപനായകനായി കെഎൽ രാഹുൽ ടീമിനൊപ്പം ഉണ്ടായിരുന്നു. ഇന്ത്യൻ ടീമിനെ 3 ടെസ്റ്റ് മത്സരങ്ങളിലാണ് രാഹുൽ നയിച്ചിട്ടുള്ളത്. ബംഗ്ലാദേശിനെതിരെ നടന്ന ഈ ടെസ്റ്റ് പരമ്പരയിൽ 2- 0 എന്ന നിലയിൽ ഇന്ത്യ വിജയവും സ്വന്തമാക്കിയിരുന്നു. പക്ഷേ പിന്നീട് രാഹുലിന് ടീമിലെ തന്റെ സ്ഥാനം നഷ്ടമായി. ശേഷമാണ് ഇപ്പോൾ ഇന്ത്യയുടെ മുൻനിരയിൽ രാഹുൽ സ്ഥാനം കണ്ടെത്തിയിരിക്കുന്നത്. പെർത്തിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചത് രാഹുലിന്റെ പ്രകടനമായിരുന്നു. ഇക്കാരണങ്ങളാൽ ഇന്ത്യയുടെ ടെസ്റ്റ് നായകനായി മികവ് പുലർത്താൻ സാധിക്കുന്ന താരമാണ് രാഹുൽ എന്ന് നിസംശയം പറയാം.