ഇന്ത്യയുടെ ട്വന്റി20 സ്ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നിരാശ പരത്തുന്ന ഇന്നിങ്സുമായി മലയാളി താരം സഞ്ജു സാംസൺ. ഹൈദരാബാദിനെതിരായ മത്സരത്തിൽ ഒരു റൺ പോലും സ്വന്തമാക്കാൻ സാധിക്കാതെയാണ് സഞ്ജു സാംസൺ കൂടാരം കയറിയത്. മത്സരത്തിൽ 3 പന്തുകൾ നേരിട്ട സഞ്ജു പൂജ്യനായി മടങ്ങുകയുണ്ടായി.
ഭുവനേശ്വർ കുമാറിന്റെ ഒരു തകർപ്പൻ പന്തിൽ സഞ്ജുവിന്റെ കുറ്റി തെറിക്കുകയായിരുന്നു. മുൻപ് ഇന്ത്യയുടെ സ്ക്വാഡിലുള്ള പല താരങ്ങളും ഇത്തരത്തിൽ മോശം പ്രകടനം പുറത്തെടുത്തിരുന്നു. എന്തായാലും സഞ്ജുവിനെ സംബന്ധിച്ച് നിരാശ ഉണ്ടാക്കുന്ന ഒരു പ്രകടനം തന്നെയാണ് മത്സരത്തിൽ കാഴ്ച വച്ചിരിക്കുന്നത്.
മത്സരത്തിൽ 202 എന്ന വിജയലക്ഷ്യം മുന്നിൽകണ്ട് ഇറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ ബട്ലറുടെ വിക്കറ്റ് നഷ്ടമായി. ശേഷമാണ് മൂന്നാമനായി സഞ്ജു ക്രീസിലെത്തിയത്. ഭുവനേശ്വറിന്റെ ആദ്യ 2 പന്തുകൾ കരുതലോടെ നേരിടാൻ സഞ്ജുവിന് സാധിച്ചു. ശേഷം മൂന്നാമതായി ഭുവനേശ്വർ എറിഞ്ഞത് ഒരു അത്ഭുത ബോൾ തന്നെയായിരുന്നു. ഒരു ഇൻസ്വിങ്ങറിലൂടെയാണ് ഭുവനേശ്വർ സഞ്ജുവിനെതിരെ പ്രതികരിച്ചത്. പന്തിന്റെ ദിശ കൃത്യമായി നിർണയിക്കാൻ സാധിക്കാതെ വന്ന സഞ്ജുവിന് പന്തുമായി കോൺടാക്ട് ഉണ്ടാക്കാൻ സാധിച്ചില്ല. ഇതോടെ സഞ്ജുവിന്റെ മധ്യ സ്റ്റമ്പ് തെറിക്കുകയായിരുന്നു.
ഇങ്ങനെ രാജസ്ഥാന് മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ തങ്ങളുടെ പ്രധാന രണ്ടു ബാറ്റർമാരെ നഷ്ടമാവുകയുണ്ടായി. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും വമ്പൻ പ്രകടനങ്ങൾ പുറത്തെടുത്ത രാജസ്ഥാൻ നായകന്റെ ഒരു മോശം ഇന്നിങ്സാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. ഇന്ത്യയുടെ ലോകകപ്പിനുള്ള സ്ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പല ബാറ്റർമാരും, അതിന് ശേഷം മോശം പ്രകടനം തന്നെയാണ് പുറത്തെടുത്തിട്ടുള്ളത്. സഞ്ജുവിന്റെ ഈ പ്രകടനം ഇന്ത്യയ്ക്ക് വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട് എന്നതാണ് വസ്തുതാപരമായ മറ്റൊരു കാര്യം.
മത്സരത്തിലേക്ക് കടന്നുവന്നാൽ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിനായി വെടിക്കെട്ട് പ്രകടനം തുടക്കത്തിൽ കാഴ്ചവച്ചത് ഓപ്പണർ ഹെഡ് ആണ്. പതിവിന് വിപരീതമായി കരുതലോടെ കളിച്ച ഹെഡ് 44 പന്തുകളിൽ 58 റൺസ് സ്വന്തമാക്കുകയുണ്ടായി. ഒപ്പം മധ്യനിരയിൽ 42 പന്തുകളിൽ 76 റൺസ് നേടിയ നിതീഷ് റെഡിയും അടിച്ചുതകർത്തതോടെ ഹൈദരാബാദ് ഒരു കൂറ്റൻ സ്കോറിലേക്ക് ചലിക്കുകയായിരുന്നു. 3 ബൗണ്ടറികളും 8 സിക്സറുകളുമാണ് നിതീഷിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ഒപ്പം അവസാന ഓവറുകളിൽ 19 പന്തുകളിൽ 42 റൺസ് സ്വന്തമാക്കിയ ക്ലാസൻ കൂടി അടിച്ചു തകർത്തതോടെ ഹൈദരാബാദ് 201 എന്ന ശക്തമായ സ്കോറിൽ എത്തുകയായിരുന്നു.