27 കോടിയ്ക്ക് വിളിച്ച പന്ത് പരാജയം, ശകാരിച്ചു പറഞ്ഞയച്ച രാഹുൽ ഫോമിൽ. ഗോയങ്കയുടെ അവസ്ഥ.

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ഡൽഹിക്കായി ഓപ്പണറായി ക്രീസിലെത്തിയ കെഎൽ രാഹുൽ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. മത്സരത്തിന്റെ ആദ്യ ഓവർ മുതൽ ചെന്നൈയ്ക്കെതിരെ മികവ് പുലർത്താൻ രാഹുലിന് സാധിച്ചിരുന്നു. മത്സരത്തിൽ 51 പന്തുകൾ നേരിട്ട രാഹുൽ 77 റൺസ് സ്വന്തമാക്കുകയുണ്ടായി. 6 ബൗണ്ടറികളും 3 സിക്സറുകളുമാണ് രാഹുൽ മത്സരത്തിൽ നേടിയത്. ഈ തകർപ്പൻ ഇന്നിംഗ്സിന് പിന്നാലെ വലിയ പരിഹാസങ്ങളാണ് ലക്നൗ സൂപ്പർ ജയന്റ്സ് ഉടമയായ സഞ്ജീവ് ഗോയങ്കയ്ക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. കഴിഞ്ഞ ഐപിഎൽ സീസണിൽ ലക്നൗവിന്റെ നായകനായിരുന്നു രാഹുൽ. എന്നാൽ മത്സരങ്ങളിൽ പരാജയപ്പെടുന്ന സമയത്ത് രാഹുലിനെ ഗോയങ്ക മൈതാനത്ത് പരസ്യമായി വിമർശിച്ചിരുന്നു.

നിരന്തരമായ ഇത്തരം ശകാരങ്ങൾക്ക് ശേഷമാണ് രാഹുൽ ലക്നൗ ടീമിനെ ഉപേക്ഷിക്കാൻ തയ്യാറായത്. പിന്നീട് മെഗാ ലേലത്തിൽ എത്തുകയും 14 കോടി രൂപയ്ക്ക് രാഹുലിനെ ഡൽഹി സ്വന്തമാക്കുകയും ചെയ്തു ഇതേസമയം രാഹുലിന്റെ ഒഴിവിലേക്ക് ലക്നൗ കണ്ടെത്തിയ ബാറ്ററാണ് റിഷഭ് പന്ത്. 27 കോടി രൂപയ്ക്കായിരുന്നു പന്തിനെ ലക്നൗ ടീമിലെത്തിച്ചത്. പക്ഷേ ഇതുവരെ രാഹുലിന്റെ പകരക്കാരനായ പന്തിന് ഈ ഐപിഎല്ലിൽ ഫോം കണ്ടെത്താൻ സാധിച്ചില്ല. മറുവശത്ത് രാഹുൽ മികച്ച ഫോമിലേക്ക് കുതിക്കുകയും ചെയ്യുന്നു. ഇത് ഗോയങ്കയെ പോലെയുള്ള മോശം ഓണർമാർക്ക് കിട്ടിയ തിരിച്ചടിയാണ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ കുറിക്കുന്നത്.

രാഹുലിന് പകരം 27 കോടി രൂപയ്ക്ക് കൊട്ടിഘോഷിച്ചു ലക്നൗ ടീമിലെത്തിയ റിഷഭ് പന്തിന് 4 മത്സരങ്ങളിൽ നിന്ന് നേടാൻ സാധിച്ചത് 19 റൺസ് മാത്രമാണ്. ഇതുമാത്രമല്ല വിക്കറ്റ് കീപ്പിങ്ങിലും വളരെ മോശം പ്രകടനമായിരുന്നു പന്ത് കാഴ്ച വച്ചത്. അതേസമയം തന്റെ ഭാര്യയുടെ പ്രസവം കഴിഞ്ഞ് ഐപിഎല്ലിലേക്ക് എത്തിയ രാഹുൽ ആദ്യ 2 മത്സരങ്ങളിലും മികവ് പുലർത്തി. ആദ്യ മത്സരത്തിൽ വലിയ ഇന്നിങ്സ് കളിക്കാൻ സാധിച്ചില്ലെങ്കിലും 15 റൺസ് സ്വന്തമാക്കിയാണ് രാഹുൽ മടങ്ങിയത്. ശേഷമാണ് ഇപ്പോൾ ചെന്നൈയ്ക്കെതിരെയും രാഹുൽ അടിച്ചു തകർത്തത്.

മത്സരത്തിൽ രാഹുലിന്റെ ഇന്നിങ്സാണ് ഡൽഹി ക്യാപ്പിറ്റൽസിന്റെ വിജയത്തിൽ വലിയ നിർണായകമായത്. അർത്ഥ സെഞ്ച്വറി നേടിയ രാഹുലിന്റെ മികവിൽ ഡൽഹി നിശ്ചിത 20 ഓവറുകളിൽ 183 റൺസ് സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിംഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് പൂർണമായും അടിയറവ് പറയുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 158 റൺസ് മാത്രമാണ് ചെന്നൈ സൂപ്പർ കിംഗ്സിന് സ്വന്തമാക്കാൻ സാധിച്ചത് ഇങ്ങനെ മത്സരത്തിൽ 25 റൺസിന്റെ വിജയം ഡൽഹി സ്വന്തമാക്കുകയാണ് ഉണ്ടായത്. ഡൽഹിയുടെ തുടർച്ചയായ മൂന്നാം വിജയമാണ് മത്സരത്തിൽ പിറന്നത്.