ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലേലത്തിലെ ചരിത്ര പരമായ നേട്ടം കൊയ്താണ് ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്ക് കൊൽക്കത്ത ടീമിലേക്ക് ചേക്കേറിയത്. 24.75 കോടി രൂപക്കാണ് സ്റ്റാർക്കിനെ കൊൽക്കത്ത സ്വന്തമാക്കിയത്. അതിനാൽ തന്നെ വളരെ വലിയ പ്രതീക്ഷയോടെയാണ് കൊൽക്കത്ത സ്റ്റാർക്കിനെ നോക്കി കണ്ടത്. എന്നാൽ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ഈ വമ്പൻ താരം നിറം മങ്ങുന്നതാണ് കാണാൻ സാധിച്ചത്.
ഹൈദരാബാദിനെതിരായ കൊൽക്കത്തയുടെ മത്സരത്തിൽ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് സ്റ്റാർക്കിൽ നിന്ന് ഉണ്ടായത്. മത്സരത്തിൽ 4 ഓവറുകൾ പന്തറിഞ്ഞ സ്റ്റാർക് വിട്ടുകൊടുത്തത് 53 റൺസാണ്. മാത്രമല്ല ഒരു വിക്കറ്റ് പോലും മത്സരത്തിൽ നേടാനും സ്റ്റാർക്കിന് സാധിച്ചില്ല.
9 വർഷങ്ങൾക്കുശേഷം ഐപിഎല്ലിലേക്ക് തിരികെയെത്തിയ സ്റ്റാർക്കിന് വലിയ തിരിച്ചടി തന്നെയാണ് ആദ്യ മത്സരത്തിലെ ഈ മോശം പ്രകടനം. സ്റ്റാർക്കിനായി റെക്കോർഡ് തുക മുടക്കിയ കൊൽക്കത്തയ്ക്കും നിരാശ മാത്രമായിരുന്നു ഫലം. ഇതിന് മുൻപ് തന്നെ ഐപിഎൽ കരിയറിൽ ഒരിക്കൽ പോലും സ്റ്റാർക്ക് 50 റൺസിന് മുകളിൽ വഴങ്ങിയിട്ടില്ല. എന്നാൽ ഇതോടുകൂടി ആ റെക്കോർഡും പേരിൽ ചേർക്കേണ്ടി വന്നു.
സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ രീതിയിലുള്ള പരിഹാസങ്ങളാണ് സ്റ്റാർക്കിനെതിരെ ഉയർന്നിരിക്കുന്നത്. എന്തിനാണ് ഇത്തരം ഒരു ബോളർക്ക് ഇത്രയും വലിയ തുക നൽകിയത് എന്നാണ് ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ ചോദിക്കുന്നത്.
എന്നാൽ 25 കോടി രൂപ മുടക്കി കൊൽക്കത്ത സ്വന്തമാക്കിയ സ്റ്റാർക്ക് ടീമിനെ പരാജയത്തിന് വക്കിൽ വരെ എത്തിച്ചപ്പോൾ, കൊൽക്കത്തയുടെ ഹീറോ ആയി മാറിയത് വെറും 20 ലക്ഷം രൂപയുടെ ഇന്ത്യൻ താരമായിരുന്നു. പത്തൊമ്പതാം ഓവറിൽ സ്റ്റാർക്ക് 26 റൺസ് വിട്ടുനൽകിയപ്പോൾ അവസാന ഓവറിൽ 13 റൺസ് പ്രതിരോധിക്കാൻ ഹർഷിത് റാണയ്ക്ക് സാധിച്ചു. മാത്രമല്ല അവസാന ഓവറിൽ നിർണായകമായ രണ്ടു വിക്കറ്റുകളും സ്വന്തമാക്കാൻ ഈ യുവതാരത്തിന് സാധിച്ചിരുന്നു. ഇത് മത്സരത്തിൽ വലിയ വഴിത്തിരിവ് ഉണ്ടാക്കുകയും ചെയ്തു.
എന്തായാലും ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും പ്രാധാന്യമുള്ളത് താരങ്ങളുടെ പ്രകടനം തന്നെയാണ് എന്ന് വെളിപ്പെടുത്തുന്ന കണക്കുകളാണ് ഇത്. ഒരു താരത്തിനായി എത്ര വലിയ തുക മുടക്കിയാലും ആ താരത്തിന്റെ നിലവാരവും ഇന്ത്യൻ പിച്ചുകളിലെ പ്രകടനവും വലിയ പ്രാധാന്യമർഹിക്കുന്നു എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. എന്നിരുന്നാലും വരും മത്സരങ്ങളിൽ സ്റ്റാർക്ക് ശക്തമായ രീതിയിൽ തന്നെ കൊൽക്കത്തക്കായി തിരിച്ചു വരേണ്ടതുണ്ട്. അല്ലാത്തപക്ഷം കൊൽക്കത്ത വളരെയധികം പഴികേൾക്കും എന്ന കാര്യത്തിൽ സംശയമില്ല.