അവസാന ഓവറിൽ ഹർഷിദ് റാണയ്ക്ക് നൽകിയ ഉപദേശം. തുറന്ന് പറഞ്ഞ് അയ്യർ.

harshit

ഹൈദരാബാദ് ടീമിനെതിരായ മത്സരത്തിൽ ഒരു ആവേശോജ്ജ്വല വിജയം തന്നെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം സ്വന്തമാക്കിയത്. മത്സരത്തിൽ വലിയ പരാജയത്തിൽ നിന്ന് അവസാന ഓവറിൽ കൊൽക്കത്ത തിരിച്ചു വരികയായിരുന്നു. യുവ പേസർ ഹർഷിദ് റാണ എറിഞ്ഞ ഇരുപതാം ഓവറാണ് കൊൽക്കത്തയെ വിജയത്തിൽ എത്തിച്ചത്.

അവസാന ഓവറിൽ ഹൈദരാബാദിന് വിജയിക്കാൻ വേണ്ടിയിരുന്നത് 13 റൺസാണ്. അപകടകാരികളായ ക്ലാസനും ഷഹബാസ് അഹമ്മദുമായിരുന്നു ക്രീസിൽ. എന്നാൽ അവസാന ഓവറിൽ മികച്ച രീതിയിൽ പന്തറിഞ്ഞ റാണ കേവലം 8 റൺസ് മാത്രമാണ് വഴങ്ങിയത്. ഇതോടെ 4 റൺസിന്റെ വിജയം കൊൽക്കത്തയ്ക്ക് കൈവന്നു. മത്സരത്തിൽ അവസാന ഓവർ എറിയുന്നതിന് മുൻപ് താൻ റാണയ്ക്ക് നൽകിയ ഉപദേശത്തെ പറ്റി ശ്രേയസ് അയ്യർ സംസാരിച്ചു.

മത്സര ഫലത്തെ നോക്കാതെ സ്വന്തം കഴിവിൽ വിശ്വാസം അർപ്പിക്കാനാണ് താൻ റാണയോട് പറഞ്ഞത് എന്ന് ശ്രേയസ് വ്യക്തമാക്കുന്നു. “മത്സരത്തിന്റെ പതിനേഴാം ഓവർ മുതൽ ഞങ്ങൾ വലിയ രീതിയിൽ സമ്മർദ്ദത്തിലായിരുന്നു. അവസാന ഓവറിൽ എന്തും സംഭവിക്കാം എന്ന കണക്കുകൂട്ടൽ ഞങ്ങൾക്കുണ്ടായിരുന്നു. ഹൈദരാബാദിന് അവസാന ഓവറിൽ വേണ്ടിയിരുന്നത് 13 റൺസ് മാത്രമാണ്.”

“ഞങ്ങളെ സംബന്ധിച്ച് ഏറ്റവും അനുഭവസമ്പത്തുള്ള ബോളറും അവസാന ഓവർ എറിയാൻ ഉണ്ടായിരുന്നില്ല. പക്ഷേ ഹർഷിദ് റാണയിൽ ഞാൻ അങ്ങേയറ്റം വിശ്വാസം അർപ്പിച്ചിരുന്നു. സ്വന്തം കഴിവിൽ വിശ്വാസമർപ്പിക്കാനാണ് ഞാൻ ഓവറിന് മുൻപ് അവനോട് പറഞ്ഞത്. മറ്റെന്തു സംഭവിച്ചാലും അത് വിഷയമാവില്ല എന്നും റാണയെ ഞാൻ ഓർമിപ്പിച്ചു.”- ശ്രേയസ് പറയുന്നു.

Read Also -  പന്ത് ലോകകപ്പ് ടീമിൽ ഉണ്ടാവും. സഞ്ജുവും വരണമെന്ന് ആഗ്രഹിക്കുന്നു. സൗരവ് ഗാംഗുലി പറയുന്നു.

“മത്സരത്തിന്റെ അവസാന ഓവർ ബോൾ ചെയ്യുന്നതിന് മുൻപ് റാണയെയും വലിയ ഭയത്തിൽ തന്നെയാണ് കണ്ടത്. അവന്റെ കണ്ണുകളിലേക്ക് നോക്കി ‘സുഹൃത്തേ ഇത് നിന്റെ സമയമാണ്’ എന്ന് ഞാൻ പറഞ്ഞു. മാത്രമല്ല കളിയിൽ എന്തു സംഭവിച്ചാലും അത് വലിയ കാര്യമാക്കേണ്ടതില്ല എന്നും അവനോട് ഞാൻ സൂചിപ്പിച്ചു. തന്റെ വിശ്വാസത്തിൽ ഉറച്ചുനിന്നു പന്തറിയൂ എന്നായിരുന്നു ഞാൻ റാണയോട് പറഞ്ഞത്.”- ശ്രേയസ് അയ്യർ കൂട്ടിച്ചേർത്തു. ഒപ്പം മത്സരത്തിൽ വളരെ മികച്ച പ്രകടനം പുറത്തെടുത്ത ആന്ദ്ര റസലിനെയും സുനിൽ നരെയനെയും പ്രശംസിക്കാനും അയ്യർ മറന്നില്ല.

“നരേയ്നും റസലും ഒരുപാട് അനുഭവ സമ്പത്തുള്ള താരങ്ങളാണ്. ബാറ്റുകൊണ്ടും ബോളുകൊണ്ടും മത്സരത്തിൽ മികവു പുലർത്താൻ റസലിന് സാധിച്ചു. അത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. നരേയ്നും ബോളിങ്ങിൽ ഉജ്ജ്വല പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. രണ്ടുപേരും ഞങ്ങളുടെ ടീമിലുള്ളത് വളരെ മികച്ച കാര്യമായി എനിക്ക് തോന്നുന്നു.”- ശ്രേയസ് പറഞ്ഞു വെക്കുന്നു.

മത്സരത്തിൽ 25 പന്തുകൾ നേരിട്ട റസൽ 3 ബൗണ്ടറികളും 7 സിക്സറുകളുമടക്കം 64 റൺസ് ആണ് നേടിയത്. മാത്രമല്ല മത്സരത്തിൽ നിർണായകമായ രണ്ടു വിക്കറ്റുകൾ സ്വന്തമാക്കാനും റസലിന് സാധിച്ചിരുന്നു.

Scroll to Top