11 വര്‍ഷത്തെ കാത്തിരിപ്പ്. ഐസിസി കിരീടം ചൂടി ടീം ഇന്ത്യ. സൗത്താഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം

GRQTqVVbQAAPhfW scaled

2024 ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ആവേശ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 8 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. 2007ലെ പ്രാഥമിക ട്വന്റി20 ലോകകപ്പിൽ ആയിരുന്നു ഇന്ത്യ ഇതിനു മുൻപ് കിരീടം ചൂടിയത്. ശേഷം കഴിഞ്ഞ ടൂർണമെന്റ്കളിൽ നോക്ക് ഔട്ട് സ്റ്റേജിൽ എത്താൻ സാധിച്ചെങ്കിലും ഇന്ത്യയ്ക്ക് കിരീടം സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. പക്ഷേ ദക്ഷിണാഫ്രിക്കെതിരായ ഫൈനലിൽ ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യ 11 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച രീതിയിൽ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് തുടങ്ങാൻ സാധിച്ചെങ്കിലും പിന്നീട് ഒരു ദുരന്തമുണ്ടായി. നായകൻ രോഹിത് ശർമ(9) റിഷഭ് പന്ത്(0) സൂര്യകുമാർ യാദവ്(3) എന്നിവർ പവർപ്ലേ ഓവറുകളിൽ തന്നെ കൂടാരം കയറിയത് ഇന്ത്യക്ക് തിരിച്ചടിയായി. പക്ഷേ വിരാട് കോഹ്ലിയും അക്ഷർ പട്ടേലും ചേർന്ന് ഇന്ത്യയെ കൈപിടിച്ചു കയറ്റുന്നതാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ ഇന്ത്യക്കായി പക്വതയാർന്ന ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കാനാണ് ശ്രമിച്ചത്. 72 റൺസ് ആയിരുന്നു ഇരുവരും ചേർന്ന് ഇന്ത്യക്കായി കൂട്ടിച്ചേർത്തത്.

കോഹ്ലി മത്സരത്തിൽ 59 പന്തുകളിൽ 76 റൺസാണ് നേടിയത്. അക്ഷർ പട്ടേൽ 31 പന്തുകളിൽ 47 റൺസും നേടി. ഒപ്പം അവസാന ഓവറുകളിൽ ശിവം ദുബെയും അടിച്ചു തകർത്തോടെ ഇന്ത്യ ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു. ദുബെ 16 പന്തുകളിൽ 27 റൺസാണ് നേടിയത്. ഇതോടെ ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് എന്ന സ്കോറിൽ എത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ഓപ്പണർ ഹെൻട്രിക്സിനെ(4) വീഴ്ത്താൻ ബുമ്രയ്ക്ക് സാധിച്ചു. ശേഷം നായകൻ മാക്രവും(4) കൂടാരം കയറിയതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ ഉയർന്നു. പക്ഷേ മൂന്നാം വിക്കറ്റിൽ വെടിക്കെട്ട് കൂട്ടുകെട്ടാണ് ഡികോക്കും സ്റ്റബ്സും ചേർന്ന് കെട്ടിപ്പടുത്തത്.

Read Also -  കൊല്ലത്തിന്റെ വിജയറൺ അവസാനിപ്പിച്ച് കൊച്ചി ടൈഗേഴ്സ്. 18 റൺസിന്റെ ആവേശവിജയം.

ഡികോക്ക് 31 പന്തുകളിൽ 39 റൺസ് നേടി. 21 പന്തുകളില്‍ 31 റൺസായിരുന്നു സ്റ്റബ്സ് നേടിയത്. ശേഷമെത്തിയ ക്ലാസനും അടിച്ചു തകർത്തതോടെ ഇന്ത്യയുടെ വിജയ പ്രതീക്ഷകൾ കുറയാൻ തുടങ്ങി. അവസാന ഓവറുകളിൽ കൃത്യമായി ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചുവിടാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. മത്സരത്തിന്റെ പതിനഞ്ചാം ഓവറിൽ അക്ഷറിനെതിരെ 22 റൺസാണ് ക്ലാസൻ നേടിയത്. ഇതോടെ മത്സരം പൂർണമായും ഇന്ത്യയുടെ കൈവിട്ടു പോവുകയായിരുന്നു. മത്സരത്തിൽ 23 പന്തുകളിൽ ക്ലാസൻ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിക്കുകയുണ്ടായി. മത്സരത്തിന്റെ പതിനേഴാം ഓവറിലാണ് ഹർദിക് പാണ്ട്യ ക്ലാസനെ പുറത്താക്കിയത്. ആ സമയത്ത് ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 23 പന്തുകളിൽ 26 റൺസ് മാത്രമാണ്.

പതിനേഴാം ഓവറിൽ 4 റൺസ് മാത്രമായിരുന്നു പാണ്ട്യ വഴങ്ങിയത്. ശേഷം അടുത്ത ഓവർ ബൂമ്രയ്ക്ക് നൽകാനുള്ള രോഹിത്തിന്റെ തീരുമാനം ഫലം കണ്ടു. ഓവറിലെ നാലാം പന്തിൽ മാർക്കോ യാൻസനെ പുറത്താക്കി ബൂമ്ര വീര്യം കാട്ടി. മാത്രമല്ല ഓവറിൽ രണ്ടു റൺസ് മാത്രമാണ് ബൂമ്ര വഴങ്ങിയത്. ഇതോടെ അവസാന 2 ഓവറുകളിലെ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 20 റൺസായി മാറി. കേവലം 4 റൺസ് മാത്രമാണ് അർഷദീപ് സിംഗ് 19ആം ഓവറിൽ വഴങ്ങിയത്. ഇതോടെ ദക്ഷിണാഫ്രിക്കയുടെ അവസാന ഓവറിലെ വിജയലക്ഷ്യം 16 റൺസായി മാറുകയായിരുന്നു.

അവസാന ഓവറിലെ ആദ്യ പന്തിൽ സൂര്യകുമാറിന്റെ ഒരു ഉഗ്രൻ ക്യാച്ചിലൂടെ മില്ലർ പുറത്തായി. അടുത്ത പന്തിൽ റബാഡ ഒരു ബൗണ്ടറി സ്വന്തമാക്കി. എന്നാൽ പിന്നീടുള്ള പന്തുകളിൽ ഹാർദിക് മികവ് പുലർത്തിയപ്പോൾ ഇന്ത്യ വിജയം സ്വന്തമക്കുകയായിരുന്നു.. മത്സരത്തിൽ 8 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്.

Scroll to Top