“ഈ വിജയം വളരെ സ്പെഷ്യൽ, കൃത്യമായി തന്ത്രങ്ങൾ നടപ്പിലാക്കി “- സൂര്യകുമാർ യാദവ്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ട്വന്റി20 മത്സരത്തിലും ഉജ്ജ്വല വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി സഞ്ജു സാംസണും തിലക് വർമയും തകർപ്പൻ സെഞ്ച്വറികൾ സ്വന്തമാക്കുകയുണ്ടായി.

ഇതോടെ ഇന്ത്യ മത്സരത്തിൽ ഒരു കൂറ്റന്‍ സ്കോറിലേക്ക് എത്തുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 283 റൺസ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ തുടക്കത്തിൽ തന്നെ ഇന്ത്യൻ ബോളർമാർ വരിഞ്ഞു മുറുകുകയുണ്ടായി. ഇന്ത്യക്കായി ബോളിങ്ങിൽ അർഷദീപ് സിംഗ് മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ ദക്ഷിണാഫ്രിക്ക കേവലം 148 റൺസിന് പുറത്തായി. ഇതോടെ മത്സരത്തിൽ 135 റൺസിന്റെ വിജയമാണ് ഇന്ത്യ കൈവരിച്ചത്. പരമ്പരയിലെ ഈ വമ്പൻ വിജയത്തെ പറ്റി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് സംസാരിക്കുകയുണ്ടായി.

കൃത്യമായി ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചതാണ് പരമ്പരയിലെ വലിയ വിജയത്തിന് കാരണമായി മാറിയത് എന്നാണ് സൂര്യ പറഞ്ഞത്. “വ്യക്തമായ രീതിയിൽ സാഹചര്യങ്ങൾ മനസ്സിലാക്കുകയും അതിനനുസരിച്ച് പെരുമാറുകയുമാണ് ഞങ്ങൾ ചെയ്തത്. ഡർബനിൽ എത്തിയ ഉടൻ തന്നെ ഞങ്ങളുടെ തന്ത്രങ്ങൾ വളരെ വ്യക്തമായിരുന്നു. കഴിഞ്ഞ തവണ ഇവിടെ മത്സരിക്കാനായി എത്തിയപ്പോഴും ഇതേ ബ്രാൻഡ് ഓഫ് ക്രിക്കറ്റ് തന്നെയാണ് ഞങ്ങൾ കളിച്ചത്. അത് തുടരാനാണ് ഈ പരമ്പരയിലും തയ്യാറായത്. കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് ശേഷം 2-1 എന്ന നിലയിൽ ഞങ്ങൾ മുൻപിലായിരുന്നു. അതുകൊണ്ടു തന്നെ ഇന്ന് മത്സരഫലം നോക്കാതെ ഞങ്ങളുടേതായ രീതിയിൽ കളിക്കാൻ തന്നെയാണ് ശ്രമിച്ചത്.”- സൂര്യകുമാർ പറഞ്ഞു.

“തിലക് വർമയും സഞ്ജു സാംസണും അഭിഷേക് ശർമയും മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. ഇവരിൽ നിന്ന് ഒരാളുടെ ഇന്നിംഗ്സ് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ കുറച്ചു ബുദ്ധിമുട്ടും. കാരണം അത്രമാത്രം മികച്ച പ്രകടനമാണ് ഇവർ കാഴ്ചവച്ചത്. കഴിഞ്ഞ തവണ ഞങ്ങൾ ഇവിടെ പര്യടനത്തിന് എത്തിയപ്പോൾ ലൈറ്റുകൾ ഓണായിരിക്കുന്ന സമയത്തും ചൂടു കുറയുന്ന സമയത്തും പിച്ച് വ്യത്യസ്തമായി പ്രതികരിച്ചിരുന്നു. അതാണ് ഞങ്ങൾ ഇവിടെ പിന്തുടർന്നത്. കൃത്യമായി ലൈനും ലങ്തും പാലിച്ച് മുൻപോട്ടു പോവാനാണ് ഞങ്ങൾ ശ്രമിച്ചത്.”- സൂര്യകുമാർ കൂട്ടിച്ചേർത്തു..

“ഐസിസി ലോകകപ്പിൽ വലിയ വിജയം സ്വന്തമാക്കിയത് ഞങ്ങൾക്കൊക്കെയും ആത്മവിശ്വാസം നൽകിയിട്ടുണ്ട്. സാധാരണയായി ദക്ഷിണാഫ്രിക്കൻ പര്യടനങ്ങൾ വളരെ വെല്ലുവിളികൾ നിറഞ്ഞതാണ്. ഇവിടെ വന്ന് ഇത്തരമൊരു വിജയം സ്വന്തമാക്കുക എന്നത് ചെറിയ കാര്യമല്ല. അതുകൊണ്ടുതന്നെ ഈ വിജയം ഞങ്ങൾക്ക് സ്പെഷ്യലാണ്. ഇത് ഒരുപാട് കാലം ഓർമയിൽ ഉണ്ടാകും. ഞങ്ങളുടെ പരിശീലകരും സപ്പോർട്ടിംഗ് സ്റ്റാഫുകളും വളരെ ആസ്വദിച്ചാണ് ഈ പരമ്പരയെ കണ്ടിരുന്നത്. നിങ്ങൾക്ക് ആവശ്യമുള്ളത് നിങ്ങൾ ചെയ്തോളൂ, ഞങ്ങൾ ഇവിടെയിരുന്ന് മത്സരം ആസ്വദിക്കാം എന്ന നിലപാടാണ് ഞങ്ങളുടെ സപ്പോർട്ടിംഗ് സ്റ്റാഫുകൾ കൈക്കൊണ്ടത്. അതുതന്നെയാണ് ഇന്ന് സംഭവിച്ചതും. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയാണെങ്കിൽ ബോർഡിൽ റൺസ് കണ്ടെത്തണം എന്ന് മാത്രമായിരുന്നു അവർ ഇന്നു പറഞ്ഞത്.”- സൂര്യകുമാർ പറഞ്ഞു വയ്ക്കുന്നു.

Previous articleരാജകീയ വിജയം. ആഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ വിജയഗാഥ,  പരമ്പര നേട്ടം
Next articleതിരിച്ചുവരവിൽ ബാറ്റിങ്ങിലും തീയായി മുഹമ്മദ്‌ ഷാമി. രഞ്ജി ട്രോഫിയിൽ ഷാമിയുടെ പ്രഹരം.