ട്വന്റി20 പവർപ്ലെ റെക്കോർഡ് ഭേദിച്ച് ഓസീസ്. 6 ഓവറിൽ നേടിയത് 113 റൺസ്. ഹെഡ് 25 പന്തിൽ 80 റൺസ്.

20240905 001610

സ്കോട്ട്‌ലൻഡിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ വമ്പൻ റെക്കോർഡുകൾ മറികടന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം. അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ പവർപ്ലേ ഓവറുകളിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന ടീമെന്ന റെക്കോർഡാണ് ഓസ്ട്രേലിയ മത്സരത്തിൽ നേടിയത്. മത്സരത്തിൽ തങ്ങളുടെ ഇന്നിങ്സിലെ ആദ്യ 6 ഓവറിൽ 113 റൺസാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്.

ഓപ്പണർ ട്രാവീസ് ഹെഡിന്റെ വെടിക്കെട്ടാണ് ഓസ്ട്രേലിയയ്ക്ക് ഈ തകർപ്പൻ റെക്കോർഡ് സമ്മാനിച്ചത്. ഇതിന്റെ ബലത്തിൽ ഓസ്ട്രേലിയ മത്സരത്തിൽ അനായാസം വിജയം സ്വന്തമാക്കുകയും ചെയ്തു. കേവലം പത്താം ഓവറിൽ തന്നെ വിജയം നേടാൻ ഓസ്ട്രേലിയയ്ക്ക് മത്സരത്തിൽ സാധിച്ചു.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കം തന്നെയാണ് ഓപ്പണർ മൻസി സ്കോട്ട്‌ലൻഡിന് നൽകിയത്. 16 പന്തുകളിൽ 28 റൺസ് നേടാൻ മൻസിയ്ക്ക് സാധിച്ചു. പിന്നീടെത്തിയ ബാറ്റർമാർ ക്രീസിലുറയ്ക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു.

മധ്യഓവറുകളിൽ മാത്യു ക്രോസ് 21 പന്തുകളിൽ 27 റൺസ് എടുത്തത് ഒഴിച്ചുനിർത്തിയാൽ മറ്റൊരു സ്കോട്ടിഷ് ബാറ്റർക്കും ഓസ്ട്രേലിയൻ ബോളിങ്‌ നിരയ്ക്കു മുമ്പിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കി ഓസ്ട്രേലിയ സ്കോട്ട്ലൻഡിനെ തുരത്തുകയായിരുന്നു.

Read Also -  ജഡേജയോട് അസൂയയില്ല, എന്നെ ഒഴിവാക്കി അവനെ കളിപ്പിച്ചാലും വിരോധമില്ല. അശ്വിൻ തുറന്ന് പറയുന്നു.

നിശ്ചിത 20 ഓവറുകളിൽ 154 റൺസ് മാത്രമാണ് സ്കോട്ട്‌ലൻഡിന് സ്വന്തമാക്കാൻ സാധിച്ചത്. ഓസ്ട്രേലിയക്കായി 3 വിക്കറ്റുകൾ നേടിയ അബോട്ട് തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു. മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് യുവതാരം ഫ്രീസർ മക്ഗർക്കിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ പിന്നീട് മത്സരത്തിൽ കാണാൻ സാധിച്ചത് ഹെഡിന്റെ ഒരു അഴിഞ്ഞാട്ടം ആയിരുന്നു.

കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ പുറത്തെടുത്ത അതേ ആക്രമണം തന്നെ ഹെഡ് സ്കോട്ട്‌ലൻഡിനെതിരെയും പുറത്തെടുക്കുകയായിരുന്നു. പവർപ്ലേ ഓവറുകളിൽ സ്കോട്ട്‌ലൻഡിനെ തലങ്ങും വിലങ്ങും പായിക്കാൻ ഹെഡിന് സാധിച്ചു.

കേവലം 25 പന്തുകളിൽ 80 റൺസാണ് ഹെഡ് മത്സരത്തിൽ നേടിയത്. 12 ബൗണ്ടറികളും 5 സിക്സറുകളും ഈ അത്യുഗ്രൻ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഒപ്പം ഓസീസ് നായകൻ മാർഷും ആക്രമണം തീർത്തു. 12 പന്തുകളിൽ 39 റൺസാണ് മാർഷ് സ്വന്തമാക്കിയത്. 5 ബൗണ്ടറികളും 3 സിക്സറുകളും മാർഷിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു.

ഇംഗ്ലീസ് 13 പന്തുകളിൽ 27 റൺസാണ് മത്സരത്തിൽ നേടിയത്. ഇതോടെ ഓസ്ട്രേലിയ മത്സരത്തിന്റെ പത്താം ഓവറിൽ തന്നെ വിജയം സ്വന്തമാക്കുകയായിരുന്നു. 7 വിക്കറ്റുകളുടെ വിജയമാണ് ഓസ്ട്രേലിയ മത്സരത്തിൽ നേടിയത്.

Scroll to Top