അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ലഭിച്ച അവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ. മത്സരത്തിൽ ലഭിച്ച മികച്ച ഒരു അവസരം സഞ്ജു പൂർണമായും ഇല്ലാതാക്കുകയായിരുന്നു. മത്സരത്തിൽ ഗോൾഡൻ ഡക്കായി ആണ് സഞ്ജു മടങ്ങിയത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യ വലിയൊരു ബാറ്റിംഗ് ദുരന്തം നേരിടുകയും, സഞ്ജുവിന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ സമയം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് സഞ്ജു മത്സരത്തിൽ പുറത്താവുകയായിരുന്നു. ഇതോടെ സഞ്ജുവിന്റെ ട്വന്റി20 ലോകകപ്പ് സാധ്യതകൾക്ക് വലിയ രീതിയിൽ മങ്ങലേറ്റിട്ടുണ്ട്.
മത്സരത്തിൽ ഇന്ത്യ 4 ഓവറുകളിൽ 21 റൺസിന് 3 വിക്കറ്റ് എന്ന ദുരന്ത സാഹചര്യത്തിൽ നിൽക്കുമ്പോഴാണ് സഞ്ജു ക്രീസിലെത്തിയത്. അടുത്ത ഓവറിലെ രണ്ടാം പന്തിൽ രോഹിത് ശർമ സിംഗിൾ നേടുകയും, സഞ്ജുവിന് ബാറ്റ് ചെയ്യാൻ അവസരം ലഭിക്കുകയും ചെയ്തു. എന്നാൽ ആദ്യ പന്തിൽ തന്നെ സഞ്ജു ഒരു അനാവശ്യ ഷോട്ടിന് ശ്രമിക്കുകയാണ് ഉണ്ടായത്.
ഫരീദ് അഹമ്മദ് എറിഞ്ഞ പന്ത് പുൾ ചെയ്യാൻ ശ്രമിക്കുകയായിരുന്നു സഞ്ജു. എന്നാൽ പന്ത് ബാറ്റിന്റെ എഡ്ജിൽ കൊള്ളുകയും ഒരുപാട് മുകളിലേക്ക് ഉയരുകയും ചെയ്തു. അഫ്ഗാൻ താരം നബി ഇത് കൃത്യമായി കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഇതോടെ ആദ്യ പന്തിൽ തന്നെ സഞ്ജു സാംസൺ കൂടാരം കയറി.
മാത്രമല്ല 22ന് 4 എന്ന നിലയിൽ ഇന്ത്യ തകരുകയും ചെയ്തു. സഞ്ജുവിനെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു അവസരമാണ് ഇല്ലാതായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ട്വന്റി20 മത്സരങ്ങളിലും ഇന്ത്യ സഞ്ജു സാംസണിന് അവസരം നൽകിയിരുന്നില്ല. ശേഷമാണ് ജിതേഷ് ശർമയ്ക്ക് പകരക്കാരനായി സഞ്ജു മൂന്നാം ട്വന്റി20യ്ക്കുള്ള ടീമിലേക്ക് എത്തിയത്.
എന്നാൽ അവസരം മുതലാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സഞ്ജുവിന്റെ ട്വന്റി20 ടീമിലെ ഭാവി അനിശ്താവസ്ഥയിൽ തന്നെ തുടരുകയാണ്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ സഞ്ജുവിന് ഇനി ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ സാധിക്കൂ.
മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മോശം തുടക്കം തന്നെയാണ് ഇന്ത്യക്ക് ലഭിച്ചത്. തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് ഓപ്പണർ ജയസ്വാളിന്റെ(4) വിക്കറ്റ് നഷ്ടമായി. തൊട്ടുപിന്നാലെ വിരാട് കോഹ്ലിയും(0) ഗോൾഡൻ ഡക്കായി മടങ്ങുകയായിരുന്നു.
ശേഷമെത്തിയ ശിവം ദുബെ ക്രീസിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബോളർമാർക്ക് പിച്ചിൽ നിന്ന് ലഭിക്കുന്ന സഹായം അഫ്ഗാൻ താരങ്ങൾ പരമാവധി മുതലെടുക്കുന്നതാണ് കണ്ടത്. മത്സരത്തിൽ 150ന് മുകളിൽ സ്കോർ കണ്ടെത്തി വിജയം സ്വന്തമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.