രാജകീയ വിജയം. ആഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ വിജയഗാഥ,  പരമ്പര നേട്ടം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിൽ ഒരു വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. ബോളിങ്ങിലും ബാറ്റിങ്ങിലും പൂർണമായി ഇന്ത്യൻ താരങ്ങൾ ആധിപത്യം പുലർത്തിയ മത്സരത്തിൽ 135 റൺസിന്റെ കൂറ്റൻ വിജയമാണ് ടീം സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 284 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്താഫ്രിക്ക 148 റണ്‍സില്‍ എല്ലാവരും പുറത്തായി.

മത്സരത്തിൽ ഇന്ത്യയ്ക്കായി ബാറ്റിംഗിൽ തിളങ്ങിയത് സെഞ്ച്വറികൾ സ്വന്തമാക്കിയ സഞ്ജു സാംസണും തിലക് വർമയും ആയിരുന്നു. ബോളിംഗിൽ അർഷദ്ദീപ് സിംഗ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തപ്പോള്‍ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കി. ഈ വിജയത്തോടെ പരമ്പര 3-1 എന്ന നിലയിൽ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കമാണ് സഞ്ജു സാംസനും അഭിഷേക് ശർമയും ചേർന്ന് ഇന്ത്യയ്ക്കായി നൽകിയത്. ആദ്യ വിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർക്കാൻ ഇരുവർക്കും സാധിച്ചു. അഭിഷേക് ശർമ 18 പന്തുകളിൽ 36 റൺസ് ആണ് നേടിയത്. എന്നാൽ അഭിഷേക് പുറത്തായ ശേഷമാണ് ഇന്ത്യ ആക്രമണം വര്‍ധിപ്പിച്ചു. സഞ്ജു സാംസനും തിലക് വർമയും ചേർന്ന് പൂർണമായും ദക്ഷിണാഫ്രിക്കൻ ബോളർമാരെ അടിച്ചൊതുക്കുന്ന കാഴ്ചയാണ് ജോഹന്നാസ്ബർഗിൽ കണ്ടത്. ഇരുവരും സിക്സറുകൾ കൊണ്ട് അമ്മാനമാടിയപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് മുൻപിൽ ഉത്തരമൊന്നും തന്നെ ഉണ്ടായിരുന്നില്ല.

മത്സരത്തിൽ സഞ്ജു സാംസനും അഭിഷേക് ശർമയും സെഞ്ച്വറികൾ സ്വന്തമാക്കുകയുണ്ടായി. സഞ്ജു 56 പന്തുകളിൽ 6 ബൗണ്ടറികളും 9 സിക്സറുകളുമടക്കം 109 റൺസാണ് നേടിയത്. തിലക് വർമ 47 പന്തുകളിൽ 9 ബൗണ്ടറികളും 10 സിക്സറുകളുമടക്കം 120 റൺസ് നേടി. ഇങ്ങനെ ഇന്ത്യ ഒരു റെക്കോർഡ് സ്കോറിൽ എത്തുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 283 റൺസ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ട്വന്റി20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണ് മത്സരത്തിൽ പിറന്നത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം തന്നെ പാളി.

അർഷദീപ് സിംഗും ഹർദിക് പാണ്ഡ്യയും ചേർന്ന് തുടക്കത്തിൽ തന്നെ ദക്ഷിണാഫ്രിക്കയെ വരിഞ്ഞു മുറുകുകയായിരുന്നു. കേവലം 10 റൺസ് സ്വന്തമാക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് തങ്ങളുടെ 4 വിക്കറ്റുകൾ നഷ്ടമായി. അപ്പോൾ തന്നെ ടീം പരാജയം മണത്തു. ശേഷം നാലാമനായി ക്രീസിലെത്തിയ സ്റ്റബ്സും (43) ഡേവിഡ് മില്ലറുമാണ് (36) ദക്ഷിണാഫ്രിക്കയ്ക്കായി അല്പമെങ്കിലും പിടിച്ചുനിന്നത്. എന്നാൽ മത്സരത്തിൽ വിജയത്തിനടുത്ത് ദക്ഷിണാഫ്രിക്കയെ എത്തിക്കാൻ പോലും ഈ താരങ്ങൾക്ക് സാധിച്ചില്ല. എന്തായാലും ഒരു തട്ടുപൊളിപ്പൻ പ്രകടനമാണ് മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യക്കായി അര്‍ഷദീപ് 3 വിക്കറ്റും വരുണ്‍ ചക്രവര്‍ത്തിയും അക്സര്‍ പട്ടേലും 2 വിക്കറ്റ് വീതം സ്വന്തമാക്കി കഴിഞ്ഞു.

Previous articleകൂട്ടുകെട്ട് റെക്കോഡുമായി സഞ്ചു – തിലക് സംഖ്യം. ഇന്ത്യന്‍ റെക്കോഡും ലോക റെക്കോഡും സ്വന്തം.
Next article“ഈ വിജയം വളരെ സ്പെഷ്യൽ, കൃത്യമായി തന്ത്രങ്ങൾ നടപ്പിലാക്കി “- സൂര്യകുമാർ യാദവ്.