ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം ശക്തമായ ബാറ്റിംഗ് പ്രകടനവുമായി ഇംഗ്ലണ്ടിന്റെ തിരിച്ചടി. മത്സരത്തിന്റെ രണ്ടു ദിവസങ്ങളിലും ഇന്ത്യ ആധിപത്യം പുലർത്തിയിരുന്നു. ഇംഗ്ലണ്ട് ഉയർത്തിയ ആദ്യ ഇന്നിംഗ്സ് സ്കോർ മറികടന്ന് 190 റൺസിന്റെ ലീഡ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.
ന്നാൽ രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ഒരു തട്ടുപൊളിപ്പൻ പ്രകടനം പുറത്തെടുക്കുകയായിരുന്നു. ഓലി പോപ്പിന്റെ സെഞ്ചുറിയുടെ മികവിലാണ് ഇംഗ്ലണ്ട് മൂന്നാം ദിവസം ഇന്ത്യൻ ബോളർമാരെ ഞെട്ടിച്ചത്. രണ്ടാം ഇന്നിങ്സിൽ ഇതുവരെ 126 റൺസിന്റെ ലീഡ് സ്വന്തമാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചിട്ടുണ്ട്. മറുവശത്ത് ഇംഗ്ലണ്ടിന്റെ ബാസ്ബോൾ തന്ത്രത്തിനെതിരെ ബുദ്ധിമുട്ടുന്ന ഇന്ത്യൻ ബോളർമാരെയാണ് കാണാൻ സാധിച്ചത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 246 റൺസായിരുന്നു നേടിയത്. ഇംഗ്ലണ്ടിനായി 70 റൺസ് നേടിയ ബെൻ സ്റ്റോക്സാണ് ആദ്യ ഇന്നിംഗ്സിൽ മികച്ച പ്രകടനം കാഴ്ചവച്ചത്. മറുപടി ബാറ്റിംഗിൽ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ജയസ്വാൾ നൽകിയത്. 74 പന്തുകളിൽ 80 റൺസ് നേടാൻ ജയസ്വാളിന് സാധിച്ചു.
പിന്നീട് 86 റൺസ് നേടിയ കെഎൽ രാഹുൽ കൂടി മികവ് പുലർത്തിയതോടെ ഇന്ത്യ ആദ്യ ഇന്നിങ്സിൽ മികച്ച നിലയിലെത്തി. ശേഷം രവീന്ദ്ര ജഡേജ 87 റൺസുമായി ഇന്ത്യൻ നിരയുടെ ടോപ് സ്കോററായി മാറിയതോടെ ആദ്യ ഇന്നിങ്സിൽ 436 എന്ന വമ്പൻ സ്കോർ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.
ആദ്യ ഇന്നിങ്സിൽ 190 റൺസിന്റെ ലീഡായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്m ശേഷം എത്രയും വേഗം ഇംഗ്ലണ്ടിനെ കെട്ടുകെട്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇന്ത്യ രണ്ടാം ഇന്നിങ്സിന് തയ്യാറായത്. എന്നാൽ തങ്ങളുടെ സ്വതസിദ്ധമായ ബാസ്ബോൾ ശൈലി പുറത്തെടുത്താണ് ഇംഗ്ലണ്ട് ആരംഭിച്ചത്.
ഓപ്പണർമാരായ ക്രോളി(31) ഡക്കറ്റ്(47) എന്നിവർ ഇന്ത്യൻ ബോളന്മാർക്കെതിരെ ആക്രമണോത്സുകമായി മുന്നോട്ടു വന്നു. ഒപ്പം മൂന്നാമതായി ക്രീസിലെത്തിയ ഒലി പോപ്പ് ക്രീസിലുറച്ചത് ഇന്ത്യയ്ക്ക് വലിയ തലവേദന സൃഷ്ടിച്ചു. ഇങ്ങനെ ഇംഗ്ലണ്ടിന്റെ സ്കോർ ഉയരുകയായിരുന്നു. ഒരു വശത്ത് വിക്കറ്റുകൾ നഷ്ടമായപ്പോഴും പോപ്പ് ഇന്ത്യയ്ക്ക് വലിയ ഭാരമായി മാറി.
ഇംഗ്ലണ്ടിനായി ആറാം വിക്കറ്റിൽ ഫോക്സിനൊപ്പം ചേർന്ന് 112 റൺസിന്റെ വമ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ പോപ്പിന് സാധിച്ചു. ഇതോടെ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്കോർ അനായാസം ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ശേഷം ഏറ്റവുമധികം ലീഡ് കണ്ടെത്താനാണ് ഇംഗ്ലണ്ട് ശ്രമിച്ചത്. ഇതിനിടെ ഒരു തകർപ്പൻ സെഞ്ചുറിയും പോപ്പ് സ്വന്തമാക്കി.
ഇന്ത്യൻ സ്പിന്നർമാർക്കെതിരെ വ്യത്യസ്ത തരം ഷോട്ടുകളുമായാണ് പോപ്പ് സെഞ്ച്വറി നേടിയത്. മൂന്നാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 208 പന്തുകളിൽ 17 ബൗണ്ടറികൾ അടക്കം 148 റൺസ് നേടിയ പോപ്പ് ക്രീസിൽ തുടരുകയാണ്. 6 വിക്കറ്റ് നഷ്ടത്തിൽ 316 റൺസാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ നേടിയിട്ടുള്ളത്. 126 റൺസാണ് ഇംഗ്ലണ്ടിന്റെ നിലവിലെ ലീഡ്.