ദക്ഷിണാഫ്രിക്കയ്ക്കെതിരായ അണ്ടർ 19 സെമിഫൈനൽ മത്സരത്തിൽ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 2 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ വലിയ പരാജയത്തിലേക്ക് നീങ്ങിയ ഇന്ത്യയെ സച്ചിൻ ദാസും നായകൻ ഉദയ് സഹരാനും ചേർന്നാണ് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തോടെ തിരികെ കൊണ്ടുവന്നത്.
ഈ വിജയത്തോടെ ഇന്ത്യ ലോകകപ്പ് ഫൈനലിൽ ഇടം പിടിച്ചിട്ടുണ്ട്. ടൂർണമെന്റിലുടനീളം ശക്തമായ പ്രകടനങ്ങൾ കാഴ്ചവെച്ചാണ് ഇന്ത്യ ലോകകപ്പിന്റെ ഫൈനലിൽ ഇടം പിടിച്ചിരിക്കുന്നത്. ഇതുവരെ ഇന്ത്യ ഈ ടൂർണമെന്റിൽ പരാജയമറിഞ്ഞിട്ടില്ല. ഓസ്ട്രേലിയയും പാക്കിസ്ഥാനും തമ്മിൽ നടക്കുന്ന രണ്ടാം സെമിഫൈനലിലെ വിജയികളാവും ഇന്ത്യയുടെ ഫൈനലിലെ എതിരാളികളായി എത്തുക.
മൽസരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർ പ്രട്ടോറിയസ് നൽകിയത്. മറുവശത്ത് തുടരെ വിക്കറ്റുകൾ നഷ്ടമായപ്പോഴും ഒരു വശത്ത് പ്രട്ടോറിയസ് ദക്ഷിണാഫ്രിക്കൻ സ്കോറിങ് ഉയർത്തി.
കൃത്യമായ രീതിയിൽ കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കാൻ പ്രട്ടോറിയസിന് സാധിച്ചിരുന്നു. മത്സരത്തിൽ 102 പന്തുകൾ നേരിട്ട പ്രട്ടോറിയസ് 6 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 76 റൺസാണ് നേടിയത്. ഒപ്പം നാലാമനായി ക്രീസിലെത്തിയ സെലട്സ്വെയ്ൻ റൺസ് കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്കൻ സ്കോർ കുതിക്കുകയായിരുന്നു. മധ്യ ഓവറുകളിൽ ഇന്ത്യൻ ബോളർമാരെ പലപ്പോഴും സമ്മർദ്ദത്തിലാക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു.
സെലട്സ്വെയ്ൻ മത്സരത്തിൽ 100 പന്തുകളിൽ 64 റൺസാണ് നേടിയത്. ശേഷം അവസാന ഓവറുകളിൽ 12 പന്തുകളിൽ 23 റൺസ് നേടിയ ട്രിസ്റ്റൻ ലൂസ് അടിച്ചു തകർന്നപ്പോൾ ദക്ഷിണാഫ്രിക്കയുടെ സ്കോർ നിശ്ചിത 50 ഓവറുകളിൽ 244ന് 7 എന്ന നിലയിൽ എത്തുകയായിരുന്നു.
ഇന്ത്യയ്ക്കായി തിളങ്ങിയത് 3 വിക്കറ്റുകൾ സ്വന്തമാക്കിയ രാജ് ലിംബാനിയാണ്. മുഷീർ ഖാൻ 2 വിക്കറ്റുകളുമായി കളം നിറയുകയുണ്ടായി. 245 റൺസ് എന്ന വിജയലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ പാളി. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ ആദർശ് സിംഗിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ മുഷീർ ഖാനും കൂടാരം കയറിയതോടെ ഇന്ത്യ ഒരു ബാറ്റിംഗ് ദുരന്തത്തിലേക്ക് കടക്കുകയായിരുന്നു. ഒരു സമയത്ത് ഇന്ത്യയുടെ സ്കോർ 4 വിക്കറ്റ് നഷ്ടത്തിൽ 32 റൺസിലെത്തി.
ഇവിടെ നിന്ന് ഒരു കൂട്ടുകെട്ടാണ് നായകൻ ഉദയ് സഹരാനും സച്ചിൻ ദാസും ചേർന്ന് ഇന്ത്യയ്ക്കായി കെട്ടിപ്പടുത്തത്. നേപ്പാളിനെതിരായ മത്സരത്തിലെതിന് സമാനമായ രീതിയിൽ ഇരുവരും ചേർന്ന് ഇന്ത്യയെ കൈപിടിച്ചു കയറ്റുകയായിരുന്നു. മധ്യ ഓവറുകളിൽ ദക്ഷിണാഫ്രിക്കൻ ബോളർമാർക്കെതിരെ ആക്രമണം അഴിച്ചുവിട്ടത് സച്ചിൻ ദാസ് ആയിരുന്നു.
ഒപ്പം ഉദയ് സഹരാനും അവസരത്തിനൊത്ത് ഉയർന്നതോടെ ഇന്ത്യ വിജയത്തിലേക്ക് നീങ്ങി. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 171 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. സച്ചിൻ ദാസ് മത്സരത്തിൽ 95 പന്തുകളിൽ 11 ബൗണ്ടറികളും ഒരു സിക്സറുമടക്കം 96 റൺസ് നേടി. ഉദയ് സഹരാൻ 124 പന്തുകളിൽ 81 റൺസാണ് നേടിയത്. ഇതോടെ ഇന്ത്യ മത്സരത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു.