2024 അണ്ടർ 19 ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ വമ്പൻ വിജയം നേടി ഇന്ത്യൻ ടീം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറുകളിൽ 251 റൺസ് സ്വന്തമാക്കുകയുണ്ടായി.
മറുപടി ബാറ്റിംഗിൽ ബംഗ്ലാനിരയെ 167 റൺസിൽ ഒതുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഓപ്പണർ ആദർശ് സിംഗും നായകൻ ഉദയ് സഹരാനുമാണ് ഇന്ത്യയ്ക്കായി ബാറ്റിംഗിൽ തിളങ്ങിയത്. ബോളിംഗിൽ സൗമി പാണ്ടെ 4 വിക്കറ്റുകളുമായി കളം നിറയുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച തുടക്കം തന്നെയാണ് ടൂർണമെന്റിന് ലഭിച്ചിരിക്കുന്നത്. ഈ വിജയം ഇന്ത്യയുടെ മുൻപോട്ടുള്ള മത്സരങ്ങളിലും ഗുണകരമാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് അണ്ടർ 19 ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും ഇന്ത്യക്കായി ആദർശ് സിംഗ് ക്രീസിൽ ഉറയ്ക്കുകയുണ്ടായി. നായകൻ ഉദയ് സഹരാനെയും കൂട്ടുപിടിച്ചാണ് ആദർശ് സിങ് റൺസ് ചലിപ്പിച്ചത്.
ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 116 റൺസിന്റെ ഉഗ്രൻ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. ആദർശ് സിംഗ് മത്സരത്തിൽ 96 പന്തുകളിൽ 76 റൺസ് സ്വന്തമാക്കുകയുണ്ടായി. 6 ബൗണ്ടറികളാണ് ആദർശിന്റെ ഇന്നിംഗ്സിൽ ഉൾപെട്ടത്. നായകൻ ഉദയ് സഹരാൻ 94 പന്തുകൾ നേരിട്ടായിരുന്നു 64 റൺസ് നേടിയത്.
മറുവശത്ത് ബംഗ്ലാദേശിനായി മരൂഫ് മൃത അഞ്ചു വിക്കറ്റുകൾ നേടി മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തു. അങ്ങനെ ഇന്ത്യ മത്സരത്തിൽ നിശ്ചിത 50 ഓവറുകളിൽ 251ന് 7 എന്ന നിലയിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിൽ തന്നെ പിഴച്ചു.
ആദ്യ ഓവറുകളിൽ വേണ്ട രീതിയിൽ റൺസ് ഉയർത്തുന്നതിൽ ബംഗ്ലാദേശ് പരാജയപ്പെടുകയായിരുന്നു. മാത്രമല്ല ഇന്ത്യൻ ബോളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് കണ്ടെത്തിയതും ബംഗ്ലാദേശിനെ കുഴപ്പിച്ചു. നാലാമനായി ക്രീസിലേത്തിയ അരീഫുൾ ഇസ്ലാം ബംഗ്ലാദേശിനായി 41 റൺസ് സ്വന്തമാക്കിയത് അവർക്ക് ആശ്വാസം നൽകി.
ഒപ്പം മധ്യനിരയിൽ മുഹമ്മദ് ശിഹാബ് ജെയിംസ് 54 റൺസുമായി കളം നിറഞ്ഞതും ബംഗ്ലാദേശിന് പ്രതീക്ഷകൾ നൽകിയിരുന്നു. എന്നാൽ മികച്ച ബോളിംഗ് പ്രകടനവുമായി സൗമ്യ പാണ്ടെ ബംഗ്ലാദേശിന്റെ വാലറ്റത്തെയും പിടിച്ചു കെട്ടി. മത്സരത്തിൽ 24 റൺസ് മാത്രം വിട്ടു നൽകിയാണ് പാണ്ടെ 4 വിക്കറ്റുകൾ സ്വന്തമാക്കിയത്.
ഇങ്ങനെ ബംഗ്ലാദേശിന്റെ ഇന്നിംഗ്സ് കേവലം 167 റൺസിൽ അവസാനിക്കുകയായിരുന്നു. 84 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ മത്സരത്തിൽ സ്വന്തമാക്കിയത്. അയർലൻഡ് ടീമിനെതിരെയാണ് ഇന്ത്യയുടെ ടൂർണമെന്റിലെ അടുത്ത മത്സരം നടക്കുന്നത്.