പടിക്കൽ കലമുടച്ച് സഞ്ജുവും കൂട്ടരും. മുംബൈയ്ക്ക് ആദ്യ ഇന്നിങ്സ് ലീഡ്. ശക്തമായ നിലയിലേക്ക്.

sanju kerala cricket

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരായ മത്സരത്തിന്റെ രണ്ടാം ദിവസം കൃത്യമായി ആധിപത്യം പുലർത്തി മുംബൈ. ആദ്യദിവസം മികച്ച പ്രകടനത്തോടെ മുംബൈയെ പുറത്താക്കാൻ കേരളത്തിന് സാധിച്ചിരുന്നു. രണ്ടാം ദിവസം തങ്ങളുടെ ബാറ്റിംഗിൽ മികവാർന്ന രീതിയിൽ കേരളം ആരംഭിച്ചെങ്കിലും മുംബൈ മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.

കേവലം 244 റൺസിന് കേരളത്തെ പുറത്താക്കാൻ മുംബൈയ്ക്ക് രണ്ടാം ദിവസം സാധിച്ചു. ശേഷം രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച മുംബൈ വിക്കറ്റ് നഷ്ടമില്ലാതെ 105 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ 112 റൺസിന്റെ ലീഡ് മുംബൈ സ്വന്തമാക്കി കഴിഞ്ഞു. കേരളത്തെ സംബന്ധിച്ച് മികച്ച ഒരു അവസരമാണ് രണ്ടാം ദിവസം നഷ്ടപ്പെടുത്തിയത്.

മത്സരത്തിന്റെ ആദ്യദിവസം ടോസ് നേടിയ മുംബൈ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച ബോളിംഗ് പ്രകടനമാണ് കേരളം ആദ്യ ദിവസം കാഴ്ചവച്ചത്. അപകടകാരികളായ ബാറ്റർമാരെയോക്കെയും കേരളത്തിന്റെ ബോളർമാർ തുടക്കത്തിൽ തന്നെ കൂടാരം കയറ്റി. എന്നാൽ തനിഷ് കൊട്ടിയൻ (56) ശിവം ദുബെ(51) ഭൂപന്‍ ലാൽവാണി(50) എന്നീ ബാറ്റർമാർ മുംബൈക്കായി അർത്ഥസെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി.

ഇതോടെ മുംബൈ 244 എന്ന ആദ്യ സ്കോർ സ്വന്തമാക്കുകയായിരുന്നു. കേരളത്തിനായി 4 വിക്കറ്റുകൾ സ്വന്തമാക്കിയ ശ്രേയസ് ഗോപാലായിരുന്നു ആദ്യദിവസം തിളങ്ങിയത്. രണ്ടാം ദിവസം വളരെ മികച്ച തുടക്കം തന്നെയാണ് കേരളത്തിന് ബാറ്റിംഗിൽ ലഭിച്ചത്.

Read Also -  ഉഗാണ്ടയെ അടിച്ചൊതുക്കി വിൻഡിസ്. 134 റൺസിന്റെ കൂറ്റൻ വിജയം.

കേരളത്തിനായി ഓപ്പണർ രോഹൻ കുന്നുമ്മൽ അർത്ഥസെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. 77 പന്തുകളിൽ 56 റൺസാണ് രോഹൻ നേടിയത്. ഒപ്പം നാലാമനായി എത്തിയ സച്ചിൻ ബേബി 65 റൺസുമായി കളം നിറഞ്ഞതോടെ കേരളം ആദ്യ ഇന്നിങ്സിൽ ലീഡ് കണ്ടെത്തുമെന്ന് എല്ലാവരും കരുതി. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി മുംബൈ മത്സരത്തിലേക്ക് തിരികെ വരുന്നതാണ് കാണാൻ സാധിച്ചത്.

കേരള നായകൻ സഞ്ജു സാംസണ് മത്സരത്തിൽ 38 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. കേരളത്തിന്റെ മധ്യനിര വാലറ്റ ബാറ്റർമാർ പോരാട്ടം കാഴ്ചവയ്ക്കാതെ വന്നതോടുകൂടി കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 244 റൺസിൽ അവസാനിക്കുകയായിരുന്നു. 7 റൺസിന്റെ ലീഡാണ് ആദ്യം ഇന്നിങ്സിൽ മുംബൈ സ്വന്തമാക്കിയത്.

രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച മുംബൈ വളരെ കരുതലോടെയാണ് കളിച്ചത്. രണ്ടാം ദിവസം പൂർണ്ണമായും കേരള ബോളർമാരെ ചെറുത്തുനിൽക്കാൻ മുംബൈയുടെ ഓപ്പണർമാർക്ക് സാധിച്ചു. 67 പന്തുകളിൽ 59 റൺസ് നേടിയ ജയ് ബിസ്തയും 90 പന്തുകളിൽ 41 റൺസ് നേടിയ ഭൂപൻ ലാൽവാണിയും മുംബൈക്കായി മികവ് പുലർത്തി.

രണ്ടാം ദിവസം മത്സരം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 105 റൺസ് സ്വന്തമാക്കാൻ മുംബൈയ്ക്ക് സാധിച്ചിട്ടുണ്ട്. മൂന്നാം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ മുംബൈയുടെ ബാറ്റിംഗ് നിരയെ എറിഞ്ഞിട്ടില്ലെങ്കിൽ കേരളത്തിന്റെ മത്സരത്തിലെ ഗതി കൂടുതൽ വഷളാവും.

Scroll to Top