വെസ്റ്റിൻഡീസിനെതിരെ നാലാം ട്വന്റി20യിൽ ഒരു തട്ടുപൊളിപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 9 വിക്കറ്റുകളുടെ ആധികാരികമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ബോളിംഗിൽ ഇന്ത്യക്കായി അർഷദീപ് സിംഗ് തിളങ്ങിയപ്പോൾ ബാറ്റിംഗിൽ ശുഭ്മാൻ ഗില്ലിന്റെയും ജെയിസ്വാളിന്റെയും വെടിക്കെട്ട് പ്രകടനം തന്നെയാണ് കാണാൻ സാധിച്ചത്.
ഇരുവരും മത്സരത്തിൽ അർദ്ധസെഞ്ച്വറി പൂർത്തീകരിക്കുകയുണ്ടായി. ഇരുവരുടെയും ബാറ്റിൽ നിന്ന് വന്ന തീപാറുന്ന ഷോട്ടുകൾക്ക് മറുപടിയില്ലാത്ത വിൻഡീസ് ബോളിംഗ് നിരയെയാണ് മത്സരത്തിൽ കണ്ടത്. ആദ്യ രണ്ട് ട്വന്റി20കളിൽ പരാജയമറിഞ്ഞ ഇന്ത്യയ്ക്ക് വലിയ ആശ്വാസം തന്നെയാണ് ഈ വിജയം നൽകുന്നത്.
മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അങ്ങേയറ്റം അനുകൂലമായ പിച്ചിൽ അടിച്ചുതകർത്താണ് വിൻഡിസ് തുടങ്ങിയത്. എന്നാൽ കൃത്യമായ ഇടവേളകളിൽ വിൻഡീസിന്റെ വിക്കറ്റുകൾ തുരത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. 39 പന്തുകളിൽ 61 റൺസ് നേടിയ ഹെറ്റ്മെയറാണ് വിൻഡീസ് നിരയിൽ മികച്ച പ്രകടനം കാഴ്ചവച്ചത്. ഇന്നിങ്സിൽ 3 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു. ഒപ്പം 29 പന്തുകളിൽ 45 റൺസ് നേടിയ ഹോപ്പ് വിൻഡിസിന് പ്രതീക്ഷ നൽകി. ഇങ്ങനെ വിൻഡിസ് സ്കോർ നിശ്ചിത 20 ഓവറുകളിൽ 178 റൺസിൽ എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണർമാർ റെക്കോർഡ് പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ആദ്യബോള്‍ മുതൽ വെസ്റ്റിൻഡീസിനെ ആക്രമിച്ചു തുടങ്ങിയ ഗില്ലും ജെയിസ്വാളും മത്സരത്തിൽ നിറഞ്ഞാടി. വെസ്റ്റിൻഡീസിന്റെ ഒരു ബോളർക്കുപോലും ഇന്ത്യയുടെ യുവനിരയെ പിടിച്ചുനിർത്താൻ സാധിച്ചില്ല. ആദ്യ 10 ഓവറുകളിൽ തന്നെ 100 റൺസ് സ്വന്തമാക്കി ഇന്ത്യ വിൻഡീസിനെ പൂർണമായും സമ്മർദ്ദത്തിൽ ആക്കുകയായിരുന്നു. പിന്നീട് മത്സരം പൂർണമായും ഇന്ത്യ പിടിച്ചെടുത്തു.
ആദ്യ വിക്കറ്റിൽ ഇന്ത്യയ്ക്കായി 165 റൺസാണ് ഗില്ലും ജെയിസ്വാളും ചേർന്ന് കൂട്ടിച്ചേർത്തത്. മത്സരത്തിൽ 47 പന്തുകളിൽ 77 റൺസാണ് ശുഭ്മാൻ ഗിൽ നേടിയത്. ഇന്നിംഗ്സിൽ 3 ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെട്ടു. ജയിസ്വാൾ 51 പന്തുകളിൽ 84 റൺസ് സ്വന്തമാക്കി. ഇന്നിങ്സിൽ ഉൾപ്പെട്ടത് 11 ബൗണ്ടറുകളും 4 സിക്സറുകളുമാണ്. ഇങ്ങനെ ഇന്ത്യ മത്സരത്തിൽ 9 വിക്കറ്റുകളുടെ കൂറ്റൻ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ പരമ്പര 2-2 എന്ന സമനിലയിലെത്തിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. നാളെ വൈകിട്ട് 8 മണിക്കാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.