സഞ്ജു ലോകകപ്പിലും ഏഷ്യകപ്പിലും ടീമിലുണ്ടാവില്ല. രാഹുൽ സഞ്ജുവിന്റെ വില്ലനാവുമെന്ന് ചോപ്ര.

മലയാളി താരം സഞ്ജു സാംസന്റെ ലോകകപ്പിലെ സ്ഥാനത്തെ സംബന്ധിച്ച് സംശയം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ബാറ്റർ ആകാശ് ചോപ്ര. നിലവിൽ ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ പര്യടനത്തിലാണ് സഞ്ജു സാംസൺ. വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഒരു തകർപ്പൻ അർത്ഥസെഞ്ച്വറി സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു.

എന്നിരുന്നാലും കെ എൽ രാഹുൽ തന്റെ ഫിറ്റ്നസ് വീണ്ടെടുത്ത് ലോകകപ്പിലേക്ക് എത്തിയാൽ സഞ്ജു സാംസണിന്റെ ടീമിലെ സ്ഥാനം നഷ്ടമാകും എന്നാണ് ചോപ്ര കരുതുന്നത്. നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ് കെ എൽ രാഹുൽ. രാഹുലിനൊപ്പം ശ്രേയസ് അയ്യരും ടീമിലേക്ക് മടങ്ങിയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചോപ്ര തന്റെ സംശയം പ്രകടിപ്പിച്ചത്.

ലോകകപ്പ് ടീമിൽ മാത്രമല്ല, ഏഷ്യാകപ്പ് ടീമിലും സഞ്ജു സാംസൺ ഉണ്ടാവുമെന്ന് താൻ കരുതുന്നില്ല എന്നാണ് ചോപ്ര പറഞ്ഞത്. “ഈ സമയത്ത് വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. കെ എൽ രാഹുൽ പരിക്കിൽ നിന്ന് തിരിച്ചുവരികയാണെങ്കിൽ ലോകകപ്പ് ടീമിൽ ഞാൻ സഞ്ജു സാംസണെ കാണുന്നില്ല. മാത്രമല്ല ഇന്ത്യയുടെ ഏഷ്യാകപ്പിനുള്ള ടീമിലും അങ്ങനെയെങ്കിൽ സഞ്ജു സാംസൺ കളിക്കുമെന്ന് ഞാൻ കരുതുന്നില്ല.”- ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. നിലവിലെ ഇന്ത്യൻ ടീമിന്റെ ഘടന പരിശോധിച്ച ശേഷമാണ് ചോപ്ര ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ 28 കാരനായ സഞ്ജു സാംസണ് ഇനിയും ഒരുപാട് സമയം ബാക്കിയുണ്ടെന്നും, ഒരുപാട് അവസരങ്ങൾ അയാൾക്ക് കൈവരുമെന്നുമാണ് ചോപ്ര പറയുന്നത്. “സഞ്ജു സാംസിന് ഇപ്പോൾ കേവലം 28 വയസ്സ് മാത്രമാണ് പ്രായം. അയാൾക്ക് ഒരുപാട് സമയം ഇനിയും ബാക്കിയുണ്ട്. ഇത് ലോകാവസാനം ഒന്നുമല്ല. അടുത്ത വർഷം ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കുന്നു. മാത്രമല്ല അതിനുശേഷം ഒരുപാട് ക്രിക്കറ്റ് വരാനിരിക്കുന്നു.”- ചോപ്ര കൂട്ടിചേർത്തു.

മുൻപ് സഞ്ജു സാംസൺ തന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിനെതിരെ ചോപ്ര സംസാരിച്ചിരുന്നു. സഞ്ജു സാംസൺ അവസരങ്ങൾ ഇത്തരത്തിൽ നഷ്ടപ്പെടുത്തുകയാണെങ്കിൽ ഇഷാൻ കിഷനും ജിതേഷ് ശർമയ്ക്കും ഇന്ത്യൻ ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും ചോപ്ര പറയുകയുണ്ടായി. എന്തായാലും വളരെ ശക്തമായ പ്രകടനങ്ങൾ നടത്തിയാൽ മാത്രമേ സഞ്ജുവിന് ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമാവാൻ സാധിക്കൂ എന്ന കാര്യത്തിൽ സംശയമില്ല.