ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ശക്തമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ടീം. മത്സരത്തിൽ ഒരു ദുരന്ത തുടക്കം ലഭിച്ചിട്ടും വളരെ മികച്ച രീതിയിൽ ദക്ഷിണാഫ്രിക്കൻ ബോളിങ്ങിനെ പ്രതിരോധിക്കാൻ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് സാധിച്ചു. മത്സരത്തിൽ ഇന്ത്യയ്ക്കായി റിങ്കൂ സിങ്ങും സൂര്യകുമാർ യാദവുമാണ് മികച്ച പ്രകടനങ്ങൾ പുറത്തെടുത്തത്. ഇരുവരും അർത്ഥ സെഞ്ച്വറികൾ സ്വന്തമാക്കുകയുണ്ടായി. ഇതോടെ ഇന്ത്യ ശക്തമായ ഒരു സ്കോറിലേക്ക് കുതിക്കുകയായിരുന്നു. ഇന്നിംഗ്സിന്റെ അവസാന ഓവറിൽ മഴ അതിഥിയായി എത്തിയെങ്കിലും, 19.3 ഓവറുകളിൽ 180 റൺസാണ് ഇന്ത്യ മത്സരത്തിൽ സ്വന്തമാക്കിയിട്ടുള്ളത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ഒരു ദുരന്ത തുടക്കം തന്നെയായിരുന്നു ലഭിച്ചത്. ഓപ്പണർമാരായ ജയസ്വാളിന്റെയും ഗില്ലിന്റെയും വിക്കറ്റ് ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. ഇരുവരും പൂജ്യരായായിരുന്നു മടങ്ങിയത്. ഇതോടെ ഇന്ത്യ 6 റൺസിന് 2 വിക്കറ്റ് എന്ന നിലയിൽ തകരുകയുണ്ടായി. പിന്നാലെയാണ് ഇന്ത്യയ്ക്കായി നായകൻ സൂര്യകുമാർ യാദവും തിലക് വർമയും ചേർന്ന് ഭേദപ്പെട്ട ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്തത്. ഇരുവരും മൂന്നാം വിക്കറ്റിൽ ഇന്ത്യക്കായി 49 റൺസ് കൂട്ടിച്ചേർക്കുകയുണ്ടായി. മത്സരത്തിൽ തിലക് വർമ 20 പന്തുകളിൽ 29 റൺസാണ് നേടിയത്. തിലക് വർമ പുറത്തായ ശേഷം റിങ്കു സിംഗും സൂര്യക്കൊപ്പം ക്രീസിലുറയ്ക്കുകയുണ്ടായി.
ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ ഇന്ത്യയ്ക്ക് മികച്ച അടിത്തറ തന്നെ നൽകി. സൂര്യകുമാർ മത്സരത്തിൽ 30 പന്തുകളിൽ നിന്നാണ് തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ചത്. 36 പന്തുകളിൽ 5 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 56 റൺസാണ് സൂര്യ നേടിയത്. സൂര്യ പുറത്തായ ശേഷമെത്തിയ ജിതേഷ് ശർമ ചെറിയ ഇടവേളയിൽ തന്നെ കൂടാരം കയറിയെങ്കിലും റിങ്കൂ സിംഗ് ക്രീസിൽ ഉറക്കുന്നതാണ് കണ്ടത്. റിങ്കു ദക്ഷിണാഫ്രിക്കയ്ക്ക് വലിയ വെല്ലുവിളി തന്നെ ഉണ്ടാക്കുകയുണ്ടായി. മത്സരത്തിൽ ഒരു തകർപ്പൻ അർത്ഥ സെഞ്ചുറിയാണ് റിങ്കു നേടിയത്.
മത്സരത്തിൽ 39 പന്തുകളിൽ 68 റൺസാണ് റിങ്കു സിംഗ് നേടിയത്. ഇന്നിങ്സിൽ 9 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെട്ടു. രവീന്ദ്ര ജഡേജ മത്സരത്തിൽ 14 പന്തുകളിൽ 19 റൺസ് സ്വന്തമാക്കി. അവസാന ഓവറുകളിൽ ഇരുവരുടെയും പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യ 19.3 ഓവറുകളിൽ 180 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു. ശേഷമാണ് മഴ എത്തിയത്. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് മത്സരത്തിൽ മികച്ച ഒരു പ്രകടനം തന്നെയാണ് കാഴ്ച വച്ചിരിക്കുന്നത്. ഈ സ്കോർ പ്രതിരോധിക്കാൻ സാധിക്കും എന്ന വിശ്വാസത്തിലാണ് ഇന്ത്യ.