ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ശക്തമായ പ്രകടനം പുറത്തെടുത്ത് ഇന്ത്യ. മത്സരത്തിൽ ഒരു അനായാസ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ 44 റൺസിന്റെ വിജയമായിരുന്നു ഇന്ത്യയുടെ യുവനിര നേടിയത്. മത്സരത്തിൽ ഇന്ത്യയ്ക്കായി മുൻനിര ബാറ്റർമാരൊക്കെയും തിളങ്ങുകയുണ്ടായി.
ഋതുരാജ്, ഇഷാൻ കിഷൻ, ജയസ്വാൾ എന്നിവർ ഇന്ത്യക്കായി മത്സരത്തിൽ അർത്ഥ സെഞ്ച്വറികൾ സ്വന്തമാക്കി. ബോളിങ്ങിൽ സ്പിന്നർ ബിഷണോയും പ്രസീദ് കൃഷ്ണയും മികവ് പുലർത്തുകയായിരുന്നു. ഈ വിജയത്തോടെ പരമ്പരയിൽ 2-0ന് മുൻപിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല ഇന്ത്യൻ യുവനിരയ്ക്ക് ഒരുപാട് ആത്മവിശ്വാസവും ഈ വിജയം നൽകുന്നു.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയിക്കുകയായിരുന്നു. വളരെ മികച്ച തുടക്കമാണ് ജയിസ്വാൾ ഇന്ത്യയ്ക്ക് നൽകിയത്. പവർപ്ലേ ഓവറുകളിൽ തന്നെ ഓസ്ട്രേലിയയെ പൂർണമായും സമ്മർദ്ദത്തിലാക്കാൻ ജയിസ്വാളിന് സാധിച്ചു. മത്സരത്തിൽ 24 പന്തുകളിൽ നിന്നാണ് ജെയിസ്വാൾ തന്റെ അർദ്ധ സെഞ്ച്വറി പൂർത്തീകരിച്ചത്. 25 പന്തുകളിൽ 9 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 53 റൺസായിരുന്നു ജയിസ്വാൾ നേടിയത്. ജയിസ്വാളിന് ശേഷം ഇഷാൻ കിഷനും മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി. ഋതുരാജിനെ കൂട്ടുപിടിച്ച് കിഷന് ഇന്ത്യയുടെ സ്കോറിങ് ഉയർത്താൻ സാധിച്ചു. കിഷൻ മത്സരത്തിൽ 32 പന്തുകളിൽ 52 റൺസ് ആണ് നേടിയത്.
ഋതുരാജ് മത്സരത്തിൽ 43 പന്തുകളിൽ 58 റൺസ് നേടി. അവസാന ഓവറുകളിൽ റിങ്കു സിംഗും സംഹാരമാടിയപ്പോൾ ഇന്ത്യൻ സ്കോർ കുതിക്കുകയായിരുന്നു. മത്സരത്തിൽ 9 പന്തുകളിൽ 31 റൺസ് റിങ്കു നേടിയപ്പോൾ നിശ്ചിത 20 ഓവറുകളിൽ ഇന്ത്യ 235 റൺസിൽ എത്തി. വമ്പൻ സ്കോർ മറികടക്കുക എന്ന ലക്ഷ്യത്തോടെ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്ക് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമാവുകയുണ്ടായി. സ്കോറിങ് റൈറ്റ് ഉയർത്താൻ ശ്രമിച്ചപ്പോഴൊക്കെയും ഇന്ത്യൻ ബോളർമാർ മികവ് പുലർത്തി. ഇതോടെ ഓസ്ട്രേലിയ മത്സരത്തിൽ 58ന് 4 എന്ന നിലയിൽ തകർന്നു. ശേഷം സ്റ്റോയിനിസും ഡേവിഡും ചേർന്നാണ് ഓസ്ട്രേലിയയെ കരകയറ്റിയത്.
ഇരുവരും ഇന്ത്യൻ ബോളർമാർക്ക് മേൽ കൃത്യമായ ആധിപത്യം സ്ഥാപിക്കുകയുണ്ടായി. സ്റ്റോയിനീസ് മത്സരത്തിൽ 45 റൺസും, ഡേവിഡ് 38 റൺസുമാണ് നേടിയത്. എന്നാൽ ശേഷം ഇന്ത്യൻ ബോളന്മാർ കൃത്യമായ സമയത്ത് തിരിച്ചെത്തി ഇരുവരുടെയും വിക്കറ്റ് സ്വന്തമാക്കി. എന്തായാലും മത്സരത്തിൽ മികച്ച ബോളിംഗ് പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. ഇന്ത്യയ്ക്കായി ബോളിംഗിൽ ബിഷണോയും പ്രസീദ് കൃഷ്ണയുമാണ് തിളങ്ങിയത്. ഈ വിജയത്തോടെ പരമ്പരയിൽ കൃത്യമായി ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.