എമർജിങ് ഏഷ്യാകപ്പിന്റെ സെമിഫൈനലിൽ ബംഗ്ലാ കടുവകളുടെ നട്ടെല്ലൊടിച്ച് ഇന്ത്യൻ യുവനിര. ആവേശം നിറഞ്ഞ മത്സരത്തിൽ 51 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ എ ടീം നേടിയത്. ഇന്ത്യയ്ക്കായി നായകൻ യാഷ് ദൾ ബാറ്റിംഗിൽ തിളങ്ങിയപ്പോൾ 5 വിക്കറ്റുകളുമായി നിഷാന്ത് സിന്ധു ബോളിംഗ് ഗംഭീരമാക്കി. പല സമയത്തും ബംഗ്ലാദേശ് ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ അവിശ്വസനീയ തിരിച്ചുവരവിലൂടെയായിരുന്നു ഇന്ത്യ ഈ മാസ്മരിക വിജയം സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഇന്ത്യ എ എമർജിങ് ഏഷ്യാകപ്പിന്റെ ഫൈനലിൽ എത്തിയിട്ടുണ്ട്. ഫൈനലിൽ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ.
മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ബംഗ്ലാദേശ് എ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവിന് വിപരീതമായി ഇന്ത്യ എ ബാറ്റിംഗിൽ തകരുന്നതാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. എല്ലാ ബാറ്റർമാർക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. സായി സുദർശൻ(21) അഭിഷേക് ശർമ(34) നികിൻ ജോസ്(17) എന്നിവർ പ്രതീക്ഷ നൽകിയെങ്കിലും പെട്ടെന്ന് തന്നെ ക്രീസ് വിട്ടു. പക്ഷേ നായകൻ യാഷ് ദൾ ഇന്ത്യക്കായി ഒറ്റയാൾ പോരാട്ടം നയിക്കുകയുണ്ടായി. മത്സരത്തിൽ 85 പന്തുകളിൽ 66 റൺസാണ് ദൾ നേടിയത്. ഇന്നിംഗ്സിൽ 6 ബൗണ്ടറുകൾ ഉൾപ്പെട്ടു. ക്യാപ്റ്റന്റെ ഈ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യ എ 211 എന്ന ഭേദപ്പെട്ട സ്കോറിലെത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് എ ടീമിന് തട്ടുപൊളിപ്പൻ തുടക്കം തന്നെയാണ് ലഭിച്ചത്. ആദ്യ വിക്കറ്റിൽ തന്നെ ഇന്ത്യൻ ബോളർമാരെ കറക്കിയെറിയാൻ ബംഗ്ലാദേശിന് സാധിച്ചു. ഓപ്പണർമാരായ മുഹമ്മദ് നയിം(38) ടെൻസീദ് ഹസൻ(51) എന്നിവർ ബംഗ്ലാദേശിനെ വിജയത്തിലേക്ക് അടുപ്പിച്ചു. പക്ഷേ ഒരു വമ്പൻ തിരിച്ചുവരമായിരുന്നു ഇന്ത്യൻ ബോളർമാർ നടത്തിയത്. ഒരു സമയത്ത് 100ന് 2 എന്ന നിലയിൽ മികച്ച പൊസിഷനിൽ നിന്ന ബംഗ്ലാദേശിനെ ഇന്ത്യൻ ബോളർമാർ ചുരുട്ടികെട്ടി. കേവലം 160 റൺസിന് ബംഗ്ലാദേശിന്റെ ഇന്നിംഗ്സ് അവസാനിപ്പിക്കാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. ഇതോടെ മത്സരത്തിൽ ഇന്ത്യ 51 റൺസിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിൽ ഇന്ത്യയ്ക്കായി നിഷാന്ത് സിന്ധു 8 ഓവറുകളിൽ 20 റൺസ് മാത്രം വിട്ടുനൽകി 5 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. 3 വിക്കറ്റുകൾ നേടിയ സുതാർ മികച്ച പിന്തുണ സിന്ധുവിന് നൽകി. ഈ വിജയത്തോടെ ഇന്ത്യ എമർജിങ് ഏഷ്യകപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ജൂലൈ 23ന് പാക്കിസ്ഥാൻ എ ടീമിനെതിരെയാണ് ഇന്ത്യ ടൂർണമെന്റിന്റെ ഫൈനൽ കളിക്കുക. മുൻപ് ടൂർണമെന്റിൽ ഇന്ത്യ എയും പാക്കിസ്ഥാൻ എയും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യയ്ക്ക് ആയിരുന്നു വിജയം.