ഇത്തവണത്തെ ഏകദിന ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള രണ്ട് ടീമുകളാണ് ദക്ഷിണാഫ്രിക്കയും ഇന്ത്യയും. ഇന്ത്യ ഇതുവരെ 7 മത്സരങ്ങൾ കളിച്ചപ്പോൾ എല്ലാ മത്സരങ്ങളിലും വിജയം നേടി സെമി ഫൈനലിലേക്ക് യോഗ്യത കണ്ടെത്തി. ദക്ഷിണാഫ്രിക്ക 7 മത്സരങ്ങളിൽ 6 വിജയങ്ങളുമായാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. അതിനാൽ തന്നെ ഇരു ടീമുകൾക്കും ഇത്തവണത്തെ കിരീടം നേടാൻ വലിയ സാധ്യത തന്നെയാണ് മുൻപിലുള്ളത്. ഈ സാഹചര്യത്തിൽ ഒരു വ്യത്യസ്ത പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ നായകൻ എബി ഡിവില്ലിയേഴ്‌സ്. ദക്ഷിണാഫ്രിക്കയ്ക്ക് ഇത്തവണ കിരീടം നേടാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യ കിരീടം നേടണമെന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന് ഡിവില്ലിയേഴ്‌സ് പറയുകയുണ്ടായി.
നിലവിലെ ഏകദിന ലോകകപ്പിൽ ഏറ്റവും ശക്തമായ ടീം ഇന്ത്യയാണ് എന്ന് സമ്മതിച്ചുകൊണ്ടാണ് ഡിവില്ലിയേഴ്‌സ് സംസാരിച്ചത്. മാത്രമല്ല ഇന്ത്യൻ മണ്ണിൽ കളിക്കുന്നതിന്റെ മുൻതൂക്കവും ഇന്ത്യക്കൊപ്പമുണ്ട് എന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. “എന്നെ സംബന്ധിച്ച് ഇന്ത്യ എപ്പോഴും എന്റെ രണ്ടാം ടീം തന്നെയാണ്. ദക്ഷിണാഫ്രിക്കയ്ക്ക് ഈ ലോകകപ്പിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിൽ, ഇന്ത്യ കിരീടം ഉയർത്തണം എന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യയ്ക്ക് എല്ലാ മേഖലകളിലും മികച്ച ക്രിക്കറ്റർമാരാണുള്ളത്. അതുകൊണ്ടുതന്നെ അവരാണ് ഈ ലോകകപ്പിന്റെ ഏറ്റവും വലിയ ഫേവറേറ്റുകൾ. വളരെ വളരെ മികച്ച ടീമാണ് ഇന്ത്യയുടെ ശക്തി. ഒരുപാട് മാച്ച് വിന്നർമാർ ഇപ്പോഴത്തെ ഇന്ത്യൻ ടീമിലുണ്ട്. അവർക്ക് സാഹചര്യങ്ങൾ വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാനും അവരുടെ ആരാധകരുടെ മുൻപിൽ ഏറ്റവും നന്നായി കളിക്കാനും സാധിക്കുന്നുണ്ട്.”- ഡിവില്ലിയേഴ്‌സ് പറഞ്ഞു.
പലപ്പോഴും 2011 ലോകകപ്പ് ആവർത്തിക്കുന്നതായാണ് തനിക്ക് തോന്നുന്നത് എന്നും ഡിവില്ലിയേഴ്‌സ് പറയുകയുണ്ടായി. എന്നിരുന്നാലും ക്രിക്കറ്റ് എപ്പോഴും പ്രവചനാതീതമാണെന്നും ഏതുസമയവും ഏതു ടീമിനും ഒരു പിഴവ് പറ്റാമെന്നും ഡിവില്ലിയേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. “കാര്യങ്ങൾ എപ്പോഴും അപ്രതീക്ഷിതമാണ്. എപ്പോഴും അതിന് മറ്റൊരു വശം കൂടിയുണ്ട്. മത്സരങ്ങളിൽ സമ്മർദ്ദമുണ്ടോ എന്നതല്ല കാര്യം. ഒരുപക്ഷേ ഒരു പരിക്ക്, അല്ലെങ്കിൽ ഒരു മോശം ദിവസം, അങ്ങനെയുള്ള കാര്യങ്ങൾ മതിയാവും ഒരു ടീമിന്റെ ആധിപത്യം ഇല്ലാതാക്കാൻ. കായികത്തിൽ ഇത് പലപ്പോഴും സംഭവിച്ചിട്ടുണ്ട്. അതാണ് നമ്മൾ കളിക്കുന്ന മത്സരത്തിന്റെ ഭംഗിയും.”- ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേർത്തു.
“ഇക്കാരണങ്ങളാൽ തന്നെ ഒരുതരത്തിലും ഒന്നും പ്രവചിക്കാൻ സാധിക്കില്ല. നിലവിൽ ഇന്ത്യ ഇപ്പോൾ ഏറ്റവും ശക്തമായ ടീമായാണ് കളിക്കുന്നത്. എന്നിരുന്നാലും ഒരു പ്രത്യേക ദിവസം എന്ത് സംഭവിക്കുമെന്ന് നമുക്ക് പറയാൻ സാധിക്കില്ല. എന്നിരുന്നാലും അവർ ഫേവറൈറ്റുകൾ തന്നെയാണ്. ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യ വിജയം സ്വന്തമാക്കും എന്ന് ചിന്തിക്കാൻ ഒരുപാട് കാരണങ്ങളുണ്ട്.”- ഡിവില്ലിയേഴ്‌സ് പറഞ്ഞുവയ്ക്കുന്നു.