‘ഷോർട് ബോൾ എനിക്ക് ഭീഷണിയല്ല. നിങ്ങളൊക്കെയാണ് ഇല്ലാത്തത് പറയുന്നത്’. മാധ്യമങ്ങൾക്ക് അയ്യരുടെ മറുപടി.

shreys 82

2023 ഏകദിന ലോകകപ്പിലടക്കം ഇന്ത്യൻ ടീമിൽ വലിയ സമ്മർദ്ദങ്ങൾ നേരിട്ടുള്ള താരമാണ് ശ്രേയസ് അയ്യർ. പല സമയങ്ങളിലും ശ്രേയസ് അയ്യർ ഷോർട്ട് ബോളുകൾക്കെതിരെ കളിക്കാൻ ബുദ്ധിമുട്ടുന്നത് ആരാധകർക്കിടയിൽ പോലും വലിയ നിരാശ ഉണ്ടാക്കിയിട്ടുണ്ട്. പല മുൻ താരങ്ങളും ശ്രേയസിന്റെ ഷോർട്ട് ബോളുകൾ നേരിടുന്നതിലുള്ള പ്രശ്നം ചൂണ്ടിക്കാണിച്ചു രംഗത്ത് വരികയും ചെയ്തിരുന്നു. ഇതേ സംബന്ധിച്ച് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് ശ്രേയസ് അയ്യർ ഇപ്പോൾ. ഇന്ത്യയുടെ ശ്രീലങ്കക്കെതിരായ മത്സരത്തിനു ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് ശ്രേയസ് കൃത്യമായ മറുപടി നൽകി രംഗത്തെത്തിയത്.

ഇന്ത്യയുടെ അടുത്ത മത്സരം ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഷോർട്ട് ബോളുകൾക്കെതിരെ ശ്രേയസ് എന്ത് തന്ത്രം ഉപയോഗിക്കും എന്ന് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അയ്യർ. ദക്ഷിണാഫ്രിക്കൻ ബോളർമാർ ശ്രേയസിന്റെ വീക്നസ് മനസ്സിലാക്കി ബോൾ ചെയ്യില്ലേ എന്നായിരുന്നു റിപ്പോർട്ടറുടെ സംശയം. എന്നാൽ അതിന് ശ്രേയസ് നൽകിയ മറുപടി ഇങ്ങനെയാണ്. “ഷോർട്ട് ബോളുകൾ നേരിടുമ്പോൾ എനിക്ക് പ്രശ്നമുണ്ട് എന്ന് നിങ്ങൾ പറയുന്നു. എന്താണ് അതിനർത്ഥം?”- ശ്രേയസ് ചോദിച്ചു. ഇതിന് റിപ്പോർട്ടർ നൽകിയ മറുപടി ഇങ്ങനെയാണ് “ഒരു പ്രശ്നം എന്നല്ല ഞാൻ പറഞ്ഞത്. അത് നിങ്ങളെ പല സമയത്തും പ്രതിസന്ധിയിലാക്കിയിട്ടുണ്ട് എന്നാണ്”- റിപ്പോർട്ടറുടെ ഈ മറുപടി ശ്രേയസിനെ കൂടുതൽ പ്രകോപിതനാക്കി.

Read Also -  ഞാൻ സഞ്ജു ഫാനാണ്. അവന് ലോകകപ്പിൽ അവസരം കിട്ടിയതിൽ സന്തോഷം - ഡിവില്ലിയേഴ്സ് പറയുന്നു.

“എത്ര പുൾ ഷോട്ടുകളിൽ ഞാൻ റൺസ് കണ്ടെത്തിയിട്ടുണ്ട് എന്ന് നിങ്ങൾക്കറിയാമല്ലോ. പ്രത്യേകിച്ച് ഷോർട്ട് ബോളുകളിൽ ബൗണ്ടറികൾ നേടാനും എനിക്ക് സാധിക്കുന്നുണ്ട്. പിന്നെ, മത്സരത്തിൽ റൺസ് കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഏതെങ്കിലും വഴിയിൽ എല്ലാവരും ഔട്ട് ആകും. അതിന് ഷോർട് ബോൾ, ഓവർ പിച്ച് ബോൾ എന്നൊന്നുമില്ല. ഞാൻ ഒന്നോ രണ്ടോ തവണ ബൗൾഡായി പുറത്തായാൽ നിങ്ങൾ പറയും, ‘എനിക്ക് ഇൻസ്വിങ്ങിങ് ബോൾ കളിക്കാൻ സാധിക്കില്ലയെന്നും സീം ചെയ്യുന്ന പന്തിനെ കട്ട് ചെയ്യാൻ അറിയില്ലയെന്നും'”- ശ്രേയസ് അയ്യർ പറഞ്ഞു.

“കളിക്കാർ എന്ന നിലയ്ക്ക് ഞങ്ങൾ പലതരം പന്തുകളിലും പുറത്താവാറുണ്ട്. എന്നാൽ എനിക്ക് ഷോർട്ട് ബോളുകൾക്കെതിരെ നന്നായി കളിക്കാൻ അറിയില്ല എന്ന അന്തരീക്ഷം പുറത്തുണ്ടാക്കുന്നത് നിങ്ങൾ തന്നെയാണ്. അത് ആളുകൾ വിശ്വസിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്നു. ശേഷം മാധ്യമങ്ങളിലടക്കം ഇത് തുടർച്ചയായി സ്ഥാനം പിടിക്കുന്നു. നിങ്ങൾ അക്കാര്യത്തിൽ തന്നെയാണ് വീണ്ടും വീണ്ടും ശ്രദ്ധിക്കുന്നത്. മുംബൈയിൽ നിന്നാണ് ഞാൻ വരുന്നത്. വാങ്കഡേ സ്റ്റേഡിയം മറ്റു പിച്ചുകളെ അപേക്ഷിച്ച് വലിയ രീതിയിൽ ബൗൺസ് ലഭിക്കുന്ന മൈതാനമാണ്. അവിടെയാണ് ഞാൻ കൂടുതൽ മത്സരങ്ങളും കളിച്ചിട്ടുള്ളത്. അതിനാൽ തന്നെ ഏതു തരത്തിൽ ഷോർട്ട് ബോളുകളെ നേരിടണമെന്ന് എനിക്കറിയാം.”- ശ്രേയസ് പറഞ്ഞു വെക്കുന്നു.

Scroll to Top