ഇതുവരെയുള്ള 2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ വിവാദമാണ് രാജസ്ഥാന്റെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഉണ്ടായിരിക്കുന്നത്. മത്സരത്തിൽ മലയാളി താരം സഞ്ജു സാംസനെ പുറത്താക്കാൻ ഹോപ്പ് സ്വന്തമാക്കിയ ക്യാച്ചാണ് വലിയ വിവാദമായിരിക്കുന്നത്.
ലോങ് ഓണിൽ നിന്ന് വളരെ വിദഗ്ധമായി തന്നെ ഹോപ്പ് പന്ത് കൈപ്പിടിയിൽ ഒതുക്കുകയുണ്ടായി. എന്നാൽ ഹോപ്പിന്റെ കാൽപാദം ബൗണ്ടറി ലൈനിൽ സ്പർശിച്ചിരുന്നോ എന്നറിയാൻ അമ്പയർ തീരുമാനം തേർഡ് അമ്പയർക്ക് വിട്ടു. റിപ്ലെകളിൽ ഹോപ്പിന്റെ കാൽപാദം കൊണ്ട് ബൗണ്ടറി ലൈൻ ഇളകുന്നത് കൃത്യമായി കാണാമായിരുന്നു. പക്ഷേ അമ്പയർ അത് ഔട്ട് വിധിക്കുകയുണ്ടായി. ഇതിനെ സംബന്ധിച്ചാണ് വലിയ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഇക്കാര്യത്തിൽ അമ്പയർക്കാണ് പിഴവ് പറ്റിയത് എന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം നവജ്യോത് സിംഗ് സിദ്ധു.
“മത്സരം തന്നെ മാറ്റിമറിച്ച തീരുമാനമായിരുന്നു സഞ്ജു സാംസന്റെ പുറത്താവൽ. ഒരുപക്ഷേ ആ തീരുമാനത്തിൽ ഒരുപാട് അഭിപ്രായങ്ങൾ ഉണ്ടാവാം. പക്ഷേ ആ സംഭവത്തിന്റെ സൈഡോൺ ആംഗിൾ പരിശോധിച്ചാൽ നമുക്ക് കാര്യങ്ങൾ വ്യക്തമാവും. 2 തവണ ഹോപ്പ് ബൗണ്ടറി ലൈനിൽ സ്പർശിച്ചിട്ടുണ്ട്. അത് വളരെ വ്യക്തമാണ്. ഇക്കാര്യത്തിൽ നമ്മൾ സാങ്കേതികത ഉപയോഗിച്ചില്ലെങ്കിലും ഉപയോഗിച്ചാലും ഇതേ പറയാൻ സാധിക്കൂ. ഒരുപക്ഷേ ടെക്നോളജിക്ക് പിഴവ് പറ്റിയതാവാം. അല്ലാതെ യാതൊരു സാധ്യതയും കാണുന്നില്ല.”- സിദ്ധു പറഞ്ഞു.
“2 തവണ ഹോപ്പിന്റെ കാൽപാദം ബൗണ്ടറി ലൈനിൽ സ്പർശിച്ചിട്ടുണ്ട്. അതിന് ശേഷം ആരെങ്കിലും ഇത് ഔട്ട് എന്ന് പറഞ്ഞാൽ എന്നെപ്പോലെയുള്ള സാധാരണ ആളുകൾക്ക് അത് നോട്ടൗട്ടാണ് എന്ന് തിരിച്ചു ബോധിപ്പിക്കാൻ മാത്രമേ സാധിക്കൂ. ഇതു തന്നെയാണ് കൊൽക്കത്തക്കെതിരായ മത്സരത്തിൽ വിരാട് കോഹ്ലിയുടെ കാര്യത്തിൽ സംഭവിച്ചതും. അന്ന് കോഹ്ലി പുറത്തായത് ഒരു നോ ബോളിലായിരുന്നു.”
“എന്നാൽ അമ്പയർമാർ അത് പരിശോധിച്ച് ഔട്ട് നൽകുകയായിരുന്നു. നിയമം എന്തായാലും നമുക്ക് നമ്മുടേതായ കണ്ണിൽ അതൊക്കെ കാണാൻ സാധിക്കും ഇതൊന്നും തന്നെ അമ്പയർ പ്രത്യേക ഉദ്ദേശത്തോടെ ചെയ്യുന്നതാണ് എന്ന് ഞാൻ പറയില്ല. ആരുടെയും തെറ്റല്ല. ഇത് മത്സരത്തിന്റെ ഭാഗം തന്നെയാണ്.”- സിദ്ധു കൂട്ടിച്ചേർത്തു.
മത്സരത്തിൽ വളരെ നിർണായകമായ ഒന്നായിരുന്നു സഞ്ജു സാംസന്റെ പുറത്താവൽ. രാജസ്ഥാൻ റോയൽസിനെ വലിയ രീതിയിൽ കൈപിടിച്ചു കയറ്റാൻ മത്സരത്തിൽ സഞ്ജുവിന് സാധിച്ചിരുന്നു. 46 പന്തുകൾ മത്സരത്തിൽ നേരിട്ട സഞ്ജു 86 റൺസാണ് നേടിയത്. എന്നാൽ നിർണായ സമയത്ത് സഞ്ജു പുറത്തായത് രാജസ്ഥാനെ മത്സരത്തിൽ ബാധിച്ചു. അവസാന സമയങ്ങളിൽ രാജസ്ഥാന്റെ ബാറ്റർമാർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയതും മത്സരത്തിലെ പരാജയത്തിന് കാരണമായി. മത്സരത്തിൽ 20 റൺസിന്റെ പരാജയമാണ് രാജസ്ഥാൻ റോയൽസ് ടീം നേരിട്ടത്.