ഇംഗ്ലണ്ട് വനിതകൾക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യൻ പെൺപട. മത്സരത്തിൽ 347 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയെ സംബന്ധിച്ച് ശക്തരായ ഇംഗ്ലണ്ടിനെതിരെ ഒരു ഐതിഹാസിക വിജയം തന്നെയാണ് മത്സരത്തിൽ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ സ്പിന്നർമാരുടെ മികവുറ്റ പോരാട്ടമായിരുന്നു മത്സരത്തിൽ വിജയം സമ്മാനിച്ചത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര 2-1ന് നഷ്ടമായ ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസമാണ് ടെസ്റ്റ് വിജയത്തിലൂടെ കൈവരിച്ചിരിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ആദ്യ ഇന്നിങ്സിൽ ശക്തമായ ഒരു ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചു. ഇന്ത്യയ്ക്കായി ശുഭ സതീഷ്(69), റോഡ്രിഗസ്(68), ദീപ്തി ശർമ(67), യാഷ്ടിക ഭാട്ടിയ(66) എന്നിവരാണ് ആദ്യ ഇന്നിങ്സിൽ തിളങ്ങിയത്. ഇവരുടെ മികവിൽ 428 എന്ന കൂറ്റൻ സ്കോർ ആദ്യ ഇന്നിങ്സിൽ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് വളരെ നിരാശയായിരുന്നു ഫലം. ഇംഗ്ലണ്ട് നിരയിലെ ഒരു ബാറ്റർക്ക് പോലും മികവ് പുലർത്താൻ സാധിച്ചില്ല. 59 റൺസെടുത്ത് നാറ്റ് സിവർ ബ്രെന്റെ മാത്രമാണ് അല്പമെങ്കിലും ക്രീസിൽ പിടിച്ചുനിന്നത്. മറ്റു ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് 136 റൺസിൽ അവസാനിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ഇന്നിങ്സിൽ 5 വിക്കറ്റുകൾ നേടിയ ദീപ്തി ശർമയാണ് മികവ് പുലർത്തിയത്.
രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ എത്രയും പെട്ടെന്ന് റൺസ് കണ്ടെത്താനാണ് ശ്രമിച്ചത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടപ്പോഴും കൂറ്റൻ ലീഡിലേക്ക് ഇന്ത്യ കുതിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ 44 റൺസ് നേടി പുറത്താവാതെ നിന്ന ഹർമൻപ്രീറ്റ് കോറാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂണായത്. 186ന് 6 എന്ന നിലയിലാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. ഇതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 479 റൺസായി മാറുകയായിരുന്നു. ഇത് ഇംഗ്ലണ്ടിനെ സംബന്ധിച്ച് മൂന്നാം ദിവസം ബാലികേറാ മല തന്നെയായിരുന്നു.
ഇത്ര കൂറ്റൻ വിജയലക്ഷ്യം മുന്നിൽക്കണ്ട് ഇറങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സിലും പിഴച്ചു. ഇന്ത്യൻ ബോളർമാരുടെ ശക്തമായ പ്രകടനത്തെ ചെറുത്തു നിൽക്കാൻ ഇംഗ്ലണ്ട് നിരയിലെ ഒരു ബാറ്റർക്കും സാധിച്ചില്ല. ഇതോടെ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിലും ഒരു ദുരന്തമായി അടിപതറുന്നതാണ് കാണാൻ സാധിച്ചത്.
ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സിൽ കേവലം 131 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ഇതോടെ ഇന്ത്യ മത്സരത്തിൽ 347 റൺസിന്റെ കൂറ്റൻ വിജയവും സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിലും ദീപ്തി ശർമ ഇന്ത്യക്കായി 4 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. ഏക ടെസ്റ്റിൽ വിജയം സ്വന്തമാക്കിയതോടെ വലിയ ആവേശത്തോടെ തന്നെ പരമ്പര അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.