ഏകദിന പരമ്പരയിൽ നിന്ന് പിന്മാറി രാഹുൽ ദ്രാവിഡ്. ലക്ഷ്മണുമില്ല, ഇന്ത്യയ്ക്ക് പുതിയ കോച്ച്.

GBKvKAIXgAAE7ce scaled

ട്വന്റി20 പരമ്പരക്ക് ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കളിക്കുന്നത്. ആദ്യ ഏകദിന മത്സരം നാളെ ജോഹന്നാസ് ബർഗിലാണ് നിശ്ചയിച്ചിരിക്കുന്നത്. രോഹിത് ശർമയുടെ അഭാവത്തിൽ കെഎൽ രാഹുലാണ് ഇന്ത്യയെ ഏകദിന മത്സരങ്ങളിൽ നയിക്കുന്നത്.

എന്നാൽ ഏകദിന മത്സരങ്ങളിൽ ഇന്ത്യൻ പരിശീലകനായി രാഹുൽ ദ്രാവിഡ് ടീമിനൊപ്പം ഉണ്ടാവില്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ടെസ്റ്റ് മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിനായി രാഹുൽ ദ്രാവിഡ് ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് വിട്ടുനിൽക്കുകയാണ് എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ദക്ഷിണാഫ്രിക്കൻ എ ടീമിനെതിരെ ഇന്ത്യ എ ടീമിന്റെ ത്രിദിന മത്സരത്തിൽ ചുമതല വഹിക്കുന്നതിനായാണ് ദ്രാവിഡ് ഏകദിന പരമ്പരയിൽ നിന്ന് മാറി നിൽക്കുന്നത്. ഡിസംബർ 20 മുതൽ 22 വരെയാണ് എ ടീമുകളുടെ ടെസ്റ്റ് മത്സരം നടക്കുന്നത്. രാഹുലിന്റെ അഭാവത്തിൽ ഇന്ത്യയുടെ ടീമിനെ ഇതുവരെ പരിശീലിപ്പിച്ചിട്ടുള്ളത് മറ്റൊരു മുൻ ഇന്ത്യൻ താരമായ വിഎസ് ലക്ഷ്മണനാണ്.

എന്നാൽ ഇത്തവണ ഇന്ത്യക്കൊപ്പം ലക്ഷ്മണനും കാണില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബിസിസിഐയുടെ ഔദ്യോഗികമായ റിപ്പോർട്ട് പ്രകാരം നാഷണൽ ക്രിക്കറ്റ് അക്കാദമി സ്റ്റാഫായ സൗരാഷ്ട്ര മുൻ താരം സിദാൻഷൂ കൊടക്കാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന മത്സരങ്ങളിലെ പരിശീലകൻ.

Read Also -  250 അടിക്കണ ടീമിനെ 200 ല്‍ താഴെ ഒതുക്കി. 6 മത്സരങ്ങള്‍ക്ക് ശേഷം ബാംഗ്ലൂരിന് വിജയം.

ഒപ്പം അജയ് രാത്ര ഇന്ത്യയുടെ ഫീൽഡിങ് കോച്ചായും, രാജീവ് ദത്ത ഇന്ത്യയുടെ ബോളിങ് കോച്ചായും പരമ്പരയിൽ കളിക്കും. പ്രധാനമായും ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര വിജയിക്കുക എന്നതാണ് ഇന്ത്യ ലക്ഷ്യമായി കാണുന്നത്. ഇതിന് മുമ്പ് ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര ഇന്ത്യ വിജയിച്ചിട്ടില്ല.

അതിനാൽ തന്നെ വരാനിരിക്കുന്ന 2 ടെസ്റ്റ് മത്സരങ്ങളും ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ സർക്കിളിൽ വരുന്ന മത്സരങ്ങളാണ് ഇന്ത്യ കളിക്കാൻ പോകുന്നത്. ഈ സാഹചര്യത്തിൽ ടെസ്റ്റ് മത്സരങ്ങളിലേക്ക് പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ദ്രാവിഡ് ഏകദിനങ്ങളിൽ നിന്നും മാറി നിൽക്കുന്നത്.

അതേസമയം പല സീനിയർ താരങ്ങളും ഇല്ലാതെയാണ് ഇന്ത്യ ഏകദിന മത്സരങ്ങൾക്കായി നാളെ ഇറങ്ങുന്നത്. രോഹിത് ശർമ, വിരാട് കോഹ്ലി, ശുഭമാൻ ഗിൽ തുടങ്ങി ഇന്ത്യയുടെ ഏകദിന മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യങ്ങൾ ഒന്നും തന്നെ പരമ്പരയിൽ കളിക്കുന്നില്ല. പകരം സഞ്ജു സാംസൺ, റിങ്കു സിങ് അടക്കമുള്ള യുവ താരങ്ങൾ ഇന്ത്യക്കായി അണിനിരക്കും.

ഒരുപാട് തുടക്കക്കാരെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഏകദിന പരമ്പരക്കുള്ള ടീം അണിയിച്ച് ഒരുക്കിയിരിക്കുന്നത്. എന്തായാലും ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളിൽ ഈ യുവതാരങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കുമോ എന്ന ചോദ്യം നിലനിൽക്കുകയാണ്.

Scroll to Top