17ആം ഓവർ എറിയാനെത്തിയ പാണ്ഡ്യയെ തടഞ്ഞ് രോഹിത്. വിജയം കണ്ട രോഹിതിന്റെ “പ്ലാൻ ബി”.

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ 9 റൺസിന്റെ ത്രില്ലിംഗ് വിജയമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ പഞ്ചാബ് ബാറ്റിംഗിനെ പൂർണമായും വിറപ്പിച്ചു കൊണ്ടായിരുന്നു മുംബൈ ബോളിംഗ് ആരംഭിച്ചത്. കേവലം 14 റൺസ് സ്വന്തമാക്കുന്നതിനിടെ പഞ്ചാബിന്റെ 4 വിക്കറ്റുകൾ പിഴുതെറിയാൻ മുംബൈയ്ക്ക് സാധിച്ചു. എന്നാൽ ശശാങ്ക് സിങും ആശുടോഷ് ശർമയും തങ്ങളുടെ പോരാട്ടവീര്യം കാത്തുസൂക്ഷിച്ചപ്പോൾ പഞ്ചാബ് വിജയത്തിൽ എത്തുമെന്ന് എല്ലാവരും കരുതി.

എന്നാൽ അവസാന ഓവറുകളിൽ മുംബൈ ബോളർമാർ തീയായി മാറിയതോടെ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കുകയായിരുന്നു. മുംബൈയുടെ വിജയത്തിൽ പ്രധാനമായി മാറിയത് ജസ്‌പ്രീറ്റ് ബുമ്ര എറിഞ്ഞ പതിനേഴാം ഓവറായിരുന്നു.

അവസാന 4 ഓവറുകളിൽ കേവലം 28 റൺസ് മാത്രമായിരുന്നു പഞ്ചാബിന് വിജയിക്കാൻ വേണ്ടിയിരുന്നത്. ഈ സമയത്താണ് ബൂമ്ര എല്ലാവരെയും ഞെട്ടിച്ചത്. ഓവറിൽ വിക്കറ്റ് സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും കേവലം 3 റൺസ് മാത്രമാണ് ബൂമ്ര വിട്ട് നൽകിയത്. ഇത് പഞ്ചാബിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയും പരാജയത്തിലേക്ക് തള്ളിവിടുകയും ചെയ്തു.

പക്ഷേ ഇവിടെ വിജയം കണ്ടത് മുംബൈ നായകൻ ഹർദിക് പാണ്ട്യയുടെ തന്ത്രമായിരുന്നില്ല. രോഹിത് ശർമ നൽകിയ ഉപദേശമാണ് മത്സരത്തിൽ മുംബൈയുടെ ജയത്തിൽ നിർണായ പങ്കുവഹിച്ചത്. 24 പന്തുകളിൽ 28 റൺസ് വിജയിക്കാൻ വേണമെന്നിരിക്കെ ഹർദിക് പാണ്ട്യയായിരുന്നു പതിനേഴാം ഓവർ എറിയാൻ തീരുമാനിച്ചത്.

ആ സമയത്ത് ബുമ്രയ്ക്ക് അവശേഷിച്ചിരുന്നത് കേവലം ഒരു ഓവർ മാത്രമാണ്. അതിനാൽ തന്നെ പതിനേഴാം ഓവർ താൻ എറിയാനും പതിനെട്ടാം ഓവർ ബൂമ്രയ്ക്ക് നൽകാനുമാണ് ക്യാപ്റ്റൻ പാണ്ഡ്യ തീരുമാനിച്ചത്. പക്ഷേ പതിനേഴാം ഓവറെറിയാൻ പാണ്ഡ്യ തയ്യാറെടുപ്പുകൾ നടത്തിയ സമയത്ത് രോഹിത് ശർമ ഉപദേശവുമായി പാണ്ഡ്യയുടെ അടുത്തെത്തി.

ശേഷം പതിനേഴാം ഓവർ ബൂമ്രയെ കൊണ്ട് എറിയിക്കണമെന്ന നിർദ്ദേശവും ഹർദ്ദിക്കിന് നൽകുകയുണ്ടായി. ഇത് ഹർദിക്ക് പാലിക്കുകയായിരുന്നു. ഓവറിൽ വിക്കറ്റ് നേടാൻ സാധിച്ചില്ലെങ്കിലും 3 റൺസ് മാത്രമാണ് ബൂമ്ര വിട്ടു നൽകിയത്.

ഇതോടെ പഞ്ചാബിലേക്ക് പൂർണ്ണമായ സമ്മർദ്ദമെത്തി. അടുത്ത ഓവറിൽ തന്നെ കോയറ്റ്സി ഈ സമ്മർദ്ദം മുതലാക്കി. തന്റെ സ്ലോ ഷോർട്ട് ബോളുകൾ നന്നായി ഉപയോഗിച്ച കോയറ്റ്സിയ്ക്ക് അപകടകാരിയായ ആശുതോഷിന്റെ വിക്കറ്റ് ലഭിക്കുകയും ചെയ്തു.

ഇങ്ങനെ മത്സരം മുംബൈയ്ക്ക് അനുകൂലമായി മാറുകയായിരുന്നു. മത്സരത്തിന്റെ 18ആം ഓവറിൽ 2 റൺസ് മാത്രമാണ് കോയറ്റ്സി വിട്ടു നൽകിയത് ശേഷം 19 ആം ഓവറിൽ ഹർദിക് പാണ്ഡ്യ 11 റൺസ് വിട്ടുനൽകി. ഈ ഓവറിൽ ഹർപ്രിറ്റ് ബ്രാറിന്റെ വിക്കറ്റും പാണ്ഡ്യ സ്വന്തമാക്കിയിരുന്നു.

Previous articleഹർദിക്കിനെതിരെ കടുത്ത നടപടിയുമായി ബിസിസിഐ. പഞ്ചാബിനെതിരായ വിജയത്തിന് ശേഷവും മുട്ടൻ പണി.
Next article7 കളികളിൽ നിന്ന് നേടിയത് 131 റൺസ്, ബോളിങിലും മോശം. പൂർണ പരാജയമായി ഹർദിക് പാണ്ഡ്യ.