“15 റൺസ് ഞങ്ങൾക്ക് കുറവായിരുന്നു. പവർപ്ലേയിലെ ബോളിങും പാളി “- പരാജയകാരണം പറഞ്ഞ് പാണ്ഡ്യ.

രാജസ്ഥാനെതിരായ മത്സരത്തിൽ 9 വിക്കറ്റുകളുടെ പരാജയമാണ് മുംബൈ ഇന്ത്യൻസിന് നേരിടേണ്ടി വന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 9 വിക്കറ്റ് നഷ്ടത്തിൽ 179 റൺസായിരുന്നു നേടിയത്. രാജസ്ഥാൻ ബോളർ സന്ദീപ് ശർമയുടെ പ്രകടനമാണ് മുംബൈയെ 179 എന്ന സ്കോറിൽ ഒതുക്കിയത്.

മറുപടി ബാറ്റിംഗിൽ രാജസ്ഥാനായി ജയസ്വാൾ ഒരു കിടിലൻ സെഞ്ചുറി സ്വന്തമാക്കുകയുണ്ടായി. ഇതോടെ രാജസ്ഥാൻ വമ്പൻ വിജയം തന്നെ മത്സരത്തിൽ നേടുകയായിരുന്നു. മത്സരത്തിലേറ്റ പരാജയത്തെപ്പറ്റി മുംബൈ നായകൻ ഹർദിക് പാണ്ഡ്യ സംസാരിക്കുകയുണ്ടായി.

പവർപ്ലേ ഓവറുകളിൽ മോശം ബോളിങ്‌ പ്രകടനം കാഴ്ചവച്ചതാണ് മത്സരത്തിലെ പരാജയത്തിന് പ്രധാന കാരണമായി മാറിയത് എന്ന് പാണ്ഡ്യ പറഞ്ഞു. “മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഞങ്ങൾ ഒരുപാട് ദുർഘടാവസ്ഥയിലൂടെ കടന്നു പോവുകയുണ്ടായി. എന്നിരുന്നാലും തിലക് വർമയും നേഹൽ വദേരയും അവിസ്മരണീയമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്.”

“തുടക്കത്തിൽ കുറച്ച് വിക്കറ്റുകൾ നഷ്ടമായതിനാൽ തന്നെ 180 എന്ന സ്കോറിൽ പോലും എത്താൻ ഞങ്ങൾക്ക് സാധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. എന്നിരുന്നാലും ഇന്നിംഗ്സ് നല്ല രീതിയിൽ ഫിനിഷ് ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചില്ല. അതുകൊണ്ടാണ് ഞങ്ങളുടെ സ്കോറിൽ 10-15 റൺസ് കുറവ് വന്നത്.”- പാണ്ഡ്യ പറയുന്നു.

“ബോളിങ്ങിൽ ഞങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ടിയിരുന്നത് സ്റ്റമ്പിൽ പന്ത്റിയാനാണ്. പക്ഷേ പവർപ്ലയുടെ തുടക്കത്തിൽ തന്നെ ഞങ്ങൾ ഒരുപാട് വൈഡായി പന്ത് എറിയുകയുണ്ടായി. മാത്രമല്ല ഫീൽഡിലും ഞങ്ങളുടെ ഒരു മികച്ച ദിനം ആയിരുന്നില്ല ഇന്ന്. എല്ലാം കണക്കിലെടുക്കുമ്പോൾ ഞങ്ങൾ നന്നായി കളിച്ചില്ല എന്നത് തന്നെയാണ് വസ്തുത.”

”രാജസ്ഥാൻ വളരെ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. മത്സരത്തിന് ശേഷം കളിക്കാരിലേക്കെത്തി ഉപദേശങ്ങൾ നൽകുക എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. എല്ലാവരും പ്രൊഫഷണൽ താരങ്ങളാണ്. എല്ലാവർക്കും അവരുടെ റോളുകളിൽ വ്യക്തതയുണ്ട്. മത്സരത്തിലെ പിഴവുകളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുക എന്നത് മാത്രമാണ് ഞങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നത്. ഇത്തരം പിഴവുകൾ കണ്ടെത്തി വ്യക്തത വരുത്തി മുൻപോട്ട് പോവുകയാണ് വേണ്ടത്.”- പാണ്ഡ്യ കൂട്ടിച്ചേർത്തു.

“പുരോഗമനങ്ങൾ ഉണ്ടാവുക എന്നതിനാണ് പ്രാധാന്യം. ടീമിനുള്ളിലും വ്യക്തിപരമായും ഞങ്ങൾ കൃത്യമായി ഞങ്ങളുടെ പ്രശ്നങ്ങൾ അംഗീകരിക്കേണ്ടതുണ്ട്. അതിൽ കൂടുതലായി ശ്രദ്ധ ചെലുത്തുകയും ചെയ്യണം. നല്ല ക്രിക്കറ്റ്, മൈതാനത്ത് കളിക്കുന്നതിനായി താരങ്ങൾ കൂടുതൽ ശ്രദ്ധിക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഞങ്ങളുടെ തന്ത്രങ്ങളിൽ ഉറച്ചുനിൽക്കുകയും, അടിസ്ഥാനപരമായ തെറ്റുകൾ വരാതെ കളിക്കുകയും ചെയ്യുക എന്നതിന് മത്സരങ്ങളിൽ വലിയ റോളുണ്ട്, ക്രിക്കറ്റ് എല്ലായിപ്പോഴും ലളിതമായതാണ്. എത്ര ലളിതമായി കാണാൻ സാധിക്കുന്നുവോ അത്ര മികച്ചതായി നമുക്കത് തോന്നും.”- പാണ്ഡ്യ പറഞ്ഞുവെക്കുന്നു.

Previous articleസഞ്ജുവിന്റെ “ക്യാപ്റ്റൻസ്” ഇന്നിങ്സ്. ജയസ്വാളിനെ സെഞ്ച്വറി നേടാനും സഹായിച്ചു.
Next article“നിർണായകമായത് ആ നിമിഷമാണ്. വിജയത്തിന്റെ ക്രെഡിറ്റ് എല്ലാവർക്കും നൽകുന്നു”- സഞ്ജുവിന്റെ വാക്കുകൾ.