100% പരാജയപ്പെട്ട മത്സരം തിരിച്ചുപിടിച്ച് ലക്നൗ. പഞ്ചാബിനെതിരെ 21 റൺസിന്റെ ആവേശ വിജയം.

2e54a599 7874 4f2e 88c4 87e3c537abca

പൂർണ്ണമായും പരാജയപ്പെട്ട മത്സരത്തിൽ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി വിജയം സ്വന്തമാക്കി ലക്നൗ ടീം. മത്സരത്തിൽ ലക്നൗ ഉയർത്തിയ 200 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബ് ഒരു സമയത്ത് 128ന് 1 എന്ന നിലയിൽ ആയിരുന്നു.

എന്നാൽ അവിടെ നിന്ന് ലക്നൗ ബോളർമാരുടെ ഒരു തട്ടുപൊളിപ്പൻ പ്രകടനമാണ് കാണാൻ സാധിച്ചത്. യുവതാരം മായങ്ക് യാദവ് അടക്കമുള്ള ബോളർമാർ ലക്നൗവിനായി മികവ് പുലർത്തിയപ്പോൾ പഞ്ചാബ് പരാജയം അറിയുകയായിരുന്നു. ആവേശകരമായ മത്സരത്തിൽ 21 റൺസിന്റെ വിജയമാണ് ലക്നൗ സ്വന്തമാക്കിയത്. ശിഖർ ധവാന്റെ മികച്ച ഇന്നിംഗ്സാണ് പഞ്ചാബിന്റെ ഈ പരാജയത്തോടെ മങ്ങലിലായത്.

മത്സരത്തിൽ ടോസ് നേടിയ ലക്നൗ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു വെടിക്കെട്ട് തുടക്കം തന്നെയാണ് വിക്കറ്റ് കീപ്പർ ഡികോക്ക് ലക്നൗവിന് നൽകിയത്. മറുവശത്ത് വിക്കറ്റുകൾ നഷ്ടമായപ്പോഴും പതറാതെ മുന്നേറാൻ ഡികോക്കിന് സാധിച്ചു. ഓപ്പണിങ്ങിറങ്ങി 38 പന്തുകളിൽ 54 റൺസ് ഡികോക്ക് നേടുകയുണ്ടായി. ശേഷമെത്തിയ ബാറ്റർമാർ ക്രീസിലുറയ്ക്കാൻ ബുദ്ധിമുട്ടിയത് ലക്നൗവിന് തിരിച്ചടി സൃഷ്ടിച്ചു.

എന്നാൽ മധ്യനിരയിൽ നായകൻ നിക്കോളാസ് പൂറൻ അടിച്ചു തകർത്തു. 21 പന്തുകളിൽ 3 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 42 റൺസാണ് പൂറൻ സ്വന്തമാക്കിയത്. ഇതോടെ ലക്നൗ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു.

ഒപ്പം അവസാന ഓവറുകളിൽ 22 പന്തുകളിൽ 43 റൺസ് നേടിയ ക്രൂണാൽ പാണ്ട്യയും ആക്രമണം അഴിച്ചു വിട്ടതോടെ ലക്നൗ ഭേദപ്പെട്ട ഒരു സ്കോറിൽ എത്തുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 8 വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് ലക്നൗ സ്വന്തമാക്കിയത്.

Read Also -  ഹർദിക് പാണ്ഡ്യ ഗോൾഡൻ ഡക്ക്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്റെ അവസ്ഥ. വിമർശനവുമായി ആരാധകർ.

മറുപടി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബ് കിംഗ്സിന് ഒരു സ്വപ്നതുല്യമായ തുടക്കമാണ് നായകൻ ശിഖർ ധവാനും ജോണി ബെയർസ്റ്റോയും ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 70 പന്തുകളിൽ നിന്നും 102 റൺസ് ആണ് സ്വന്തമാക്കിയത്. ധവാൻ മത്സരത്തിൽ 30 പന്തുകളിൽ തന്റെ അർത്ഥസെഞ്ച്വറി പൂർത്തിയാക്കി. ബെയർസ്റ്റോ മത്സരത്തിൽ 29 പന്തുകളിൽ 3 ബൗണ്ടറികളും 3 സിക്സറുകളും അടക്കം 42 റൺസാണ് നേടിയത്.

ബെയർസ്റ്റോ പുറത്തായ ശേഷം ധവാൻ ക്രീസിലുറയ്ക്കാനാണ് ശ്രമിച്ചത്. മൂന്നാമനായി എത്തിയ പ്രഭസിമ്രാൻ 7 പന്തുകളിൽ 19 റൺസുമായി പഞ്ചാബിനെ വിജയത്തിലേക്ക് അടുപ്പിച്ചു. എന്നാൽ പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് പഞ്ചാബിനെ ബാധിക്കുകയായിരുന്നു. 50 പന്തുകളിൽ 70 റൺസ് നേടിയാണ് ധവാൻ കൂടാരം കയറിയത്.

ശേഷം ജിതേഷ് ശർമ 6 റൺസ് നേടിയും സാം കരൻ പൂജ്യനായും മടങ്ങിയതോടെ മത്സരത്തിലേക്ക് ലക്നൗ തിരിച്ചുവന്നു. പിന്നീട് അവസാന ഓവറുകളിൽ വളരെ മികച്ച ബോളിംഗ് പ്രകടനം പുറത്തെടുക്കാൻ ലക്നൗവിന് സാധിച്ചു. ഇതോടെ പഞ്ചാബ് മത്സരത്തിൽ 21 റൺസിന്റെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

Scroll to Top