2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്ത് ഇതിഹാസ താരം വീരേന്ദർ സേവാഗ്. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി കുട്ടി ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരങ്ങളെ ഉൾപ്പെടുത്തിയാണ് സേവാഗ് തന്റെ ലോകകപ്പിനുള്ള ടീം തിരഞ്ഞെടുത്തിരിക്കുന്നത്.
സേവാഗിന്റെ ടീമിലെ അത്ഭുതപ്പെടുത്തുന്ന കാര്യം ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയെ ഉൾപ്പെടുത്തിയിട്ടില്ല എന്നുള്ളതാണ്. നിലവിൽ ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റിലെ ഉപനായകനാണ് ഹർദിക് പാണ്ഡ്യ. മധ്യനിര ബാറ്റർ എന്ന നിലയിൽ റിങ്കു സിങ്ങിനെയോ ശിവം ദുബെയെയോ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തണമെന്നും സേവാഗ് നിർദ്ദേശിക്കുന്നു.
ബോളിങ്ങിലും വലിയ ചില മാറ്റങ്ങൾ സേവാഗ് വരുത്തിയിട്ടുണ്ട്. രാജസ്ഥാൻ റോയൽസിന്റെ താരമായ സന്ദീപ് ശർമ ഇന്ത്യയ്ക്കായി പ്ലെയിങ് ഇലവനിൽ ൽ ഉണ്ടാവണം എന്നാണ് സേവാഗിന്റെ അഭിപ്രായം. അർഷദീപ് സിംഗിനെയും മുകേഷ് കുമാറിനെയും ഒഴിവാക്കിയാണ് സന്ദീപ് ശർമയെ സേവാഗ് തിരഞ്ഞെടുത്തിരിക്കുന്നത്. നിലവിൽ രാജസ്ഥാനായി വമ്പൻ പ്രകടനങ്ങളാണ് സന്ദീപ് കാഴ്ച വെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ട്വന്റി20 ലോകകപ്പിലും സന്ദീപിന് തിളങ്ങാൻ സാധിക്കുമെന്ന് സേവാഗ് കരുതുന്നു.
രോഹിത് ശർമയും ജയസ്വാളും ഇന്ത്യക്കായി ട്വന്റി20 ലോകകപ്പിൽ ഓപ്പണറായി ഇറങ്ങണമെന്ന് സേവാഗ് പറയുന്നു. ഒപ്പം മൂന്നാം നമ്പരിൽ വിരാട് കോഹ്ലിയും നാലാം നമ്പറിൽ സൂര്യകുമാർ യാദവും ക്രീസിലെത്തണം എന്നാണ് സേവാഗിന്റെ നിർദ്ദേശം. ടീമിന്റെ വിക്കറ്റ് കീപ്പറായി സേവാഗ് തെരഞ്ഞെടുത്തിരിക്കുന്നത് റിഷാഭ് പന്തിനെയാണ്. അതിന് ശേഷം റിങ്കു സിങൊ ശിവം ദുബെയോ ക്രീസിലെത്തണം
ശേഷം ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഇറങ്ങേണ്ടതുണ്ട്. ഇവർക്ക് ശേഷം ബോളർമാരുടെ ഒരു നിരയെയും സേവാഗ് തന്റെ പ്ലെയിങ് ഇലവനിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. പേസ് നിരയിൽ സന്ദീപ് ശർമ, മുഹമ്മദ് സിറാജ്, ജസ്പ്രീറ്റ് ബൂമ്ര എന്നിവരെയാണ് സേവാഗ് തന്റെ ടീമിൽ തിരഞ്ഞെടുത്തിരിക്കുന്നത്. സ്പിന്നറായി കുൽദീവ് യാദവിനെയും ഉൾപ്പെടുത്തിയിരിക്കുന്നു.
എന്നാൽ ഇന്ത്യയുടെ 15 അംഗ സ്ക്വാഡിലേക്ക് ഹർദിക് പാണ്ഡ്യയെ ഉൾപ്പെടുത്തേണ്ടതുണ്ട് എന്ന കാര്യം സേവാഗ് വ്യക്തമാക്കുകയുണ്ടായി. എന്നാൽ പ്ലേയിംഗ് ഇലവനിൽ ഹർദ്ദിക്കിനെ ഉൾപ്പെടുത്തുന്നതിനെ സംബന്ധിച്ച് ആലോചിക്കേണ്ടതുണ്ട് എന്നാണ് സേവാഗിന്റെ വിലയിരുത്തൽ. നിലവിൽ ബാറ്റിങ്ങിലും ബോളിങ്ങിലും വളരെ മോശം ഫോമിലാണ് പാണ്ഡ്യ തുടരുന്നത്. അതിനാൽ തന്നെ പാണ്ഡ്യയ്ക്ക് പകരം ശിവം ദുബെയെ ഇന്ത്യ ഉൾപ്പെടുത്തണമെന്ന അഭിപ്രായവും സേവാഗ് മുൻപിലേക്ക് വയ്ക്കുന്നു. വിക്കറ്റ് കീപ്പർ തസ്തികയിൽ ഇഷാൻ കിഷനും സഞ്ജു സാംസനും ജിതേഷ് ശർമയ്ക്കും മുകളിലായി പന്തിനെയാണ് സേവാഗ് തിരഞ്ഞെടുത്തിരിക്കുന്നത്.