ബിസിസിഐ തങ്ങളുടെ പുതിയ കേന്ദ്ര കരാറുകൾ പ്രഖ്യാപിക്കുകയുണ്ടായി. വൻ മാറ്റങ്ങളാണ് പുതിയ കരാറിൽ ബിസിസിഐ വരുത്തിയിരിക്കുന്നത്. ഇന്ത്യയുടെ കഴിഞ്ഞ സമയങ്ങളിലെ സൂപ്പർ താരങ്ങളായിരുന്ന ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, ചേതെശ്വർ പൂജാര എന്നിവരൊക്കെയും കരാറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ സമയങ്ങളിൽ വേണ്ട രീതിയിൽ ഇന്ത്യൻ ടീമിൽ ടെസ്റ്റ് മത്സരങ്ങളിൽ അണിനിരക്കാൻ പൂജാരയ്ക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ പൂജാരയെ ഇന്ത്യ കോൺട്രാക്ടിൽ നിന്ന് ഒഴിവാക്കിയത് തെറ്റ് പറയാനാവില്ല. പക്ഷേ ഇഷാൻ കിഷന്റെയും ശ്രേയസ് അയ്യരുടെയും പുറത്താക്കൽ വലിയ രീതിയിൽ ചർച്ചകൾക്ക് വഴി വച്ചിട്ടുണ്ട്.
ട്വന്റി20 ലോകകപ്പ് അടക്കമുള്ള വലിയ ടൂർണമെന്റുകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം ഒരു തീരുമാനം ഇന്ത്യ കൈക്കൊള്ളേണ്ടത് ഉണ്ടായിരുന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഒപ്പം ഇതിനെതിരെ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്. ഇഷാനെയും ശ്രേയസിനെയും പുറത്താക്കിയതിന് പിന്നാലെ ഹർദിക് പാണ്ട്യക്കെതിരെയാണ് വലിയ വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്.
ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ നിർദ്ദേശത്തിനനുസരിച്ച് രഞ്ജി ട്രോഫിയിൽ കളിക്കാതിരുന്നതിന്റെ പേരിലാണ് ഇഷാനെയും ശ്രേയസിനെയും ബിസിസിഐ പുറത്താക്കിയത്. എന്നാൽ ഹർദിക് പാണ്ട്യയെ സംബന്ധിച്ച് ഇതൊന്നും ബാധകമല്ലേ എന്ന് ആരാധകർ ചോദിക്കുകയുണ്ടായി.
പരിക്കിന്റെ പിടിയിലായതിന് ശേഷം ഇന്ത്യൻ ടീമിൽ നിന്നും മാറി നിൽക്കുകയായിരുന്നു ഹർദിക് പാണ്ഡ്യ. എന്നാൽ ഹർദിക് ഫിറ്റ്നസ് വീണ്ടെടുത്തിട്ട് വളരെ കാലമായി. പക്ഷേ രഞ്ജി ട്രോഫിയിൽ കളിക്കാൻ ഹർദിക് തയ്യാറായില്ല. ഇത്തവണത്തെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ നായകനാണ് ഹർദിക്.
അതിനായി ഹർദിക് പരിശീലനം ആരംഭിച്ചിട്ട് ഏകദേശം ഒരു മാസമാകുന്നു. പക്ഷേ ഇന്ത്യയുടെ പ്രധാന ആഭ്യന്തര ലീഗിൽ ഹർദിക് പങ്കെടുക്കാതിരുന്നത് വലിയ രീതിയിൽ വിമർശനങ്ങൾക്ക് വഴി വച്ചിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ നിന്നും മാറി നിന്നെങ്കിലും ഇന്ത്യയുടെ കേന്ദ്ര കരാറിൽ എ വിഭാഗത്തിൽ തന്നെ ഹർദിക്കിനെ ഉൾപ്പെടുത്തുകയും ചെയ്തു.
5 കോടി രൂപയാണ് ഹർദിക് പാണ്ട്യയ്ക്ക് വാർഷിക പ്രതിഫലമായി ഈ വിഭാഗത്തിലൂടെ ലഭിക്കുക. എന്നാൽ ബിസിസിഐ ഇവിടെ കാട്ടുന്നത് ഇരട്ട നീതിയാണ് എന്ന് ആരാധകരടക്കം വാദിക്കുന്നു. ഇഷാനെയും ശ്രേയസിനെയും പുറത്താക്കിയ മാനദണ്ഡം ഉപയോഗിച്ച് പരിശോധിച്ചാൽ ഹർദിക്കിനെയും പുറത്താക്കേണ്ടി വരും എന്നാണ് ആരാധകർ പറയുന്നത്.
ചില താരങ്ങളോട് മാത്രം അനുകമ്പ കാണിക്കുന്നത് യാതൊരു തരത്തിലും അംഗീകരിക്കാനാവില്ല എന്നും ആരാധകർ വാദിക്കുന്നു.