ഹാർദിക്കും ജഡേജയുമല്ല, അവനെയാണ് ഇന്ത്യ നായകനായി ഉയർത്തിക്കൊണ്ട് വരേണ്ടത്. മുൻ സെലക്ടറുടെ വാക്കുകൾ.

india vs afghan 3rd t20

രോഹിത് ശർമയ്ക്ക് ശേഷം ഇന്ത്യ ശ്രേയസ് അയ്യരെ തങ്ങളുടെ അടുത്ത നായകനായി ഉയർത്തിക്കൊണ്ടു വരാൻ തയ്യാറാവണം എന്ന് മുൻ ബിസിസിഐ സെലക്ടർ എംഎസ്കെ പ്രസാദ്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ നായകനാണ് നിലവിൽ ശ്രേയസ് അയ്യർ.

എന്നിരുന്നാലും ലീഗിന്റെ 2024 സീസണിൽ ഇതുവരെ വമ്പൻ പ്രകടനങ്ങൾ പുറത്തെടുക്കാൻ അയ്യർക്ക് സാധിച്ചിട്ടില്ല. 10 മത്സരങ്ങളിൽ നിന്ന് ഇതുവരെ 257 റൺസാണ് അയ്യരുടെ സമ്പാദ്യം. പക്ഷേ നായകൻ എന്ന നിലയിൽ ടീമിനെ മുൻപിലേക്ക് നയിക്കാൻ ശ്രേയസിന് സാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രസാദിന്റെ വിലയിരുത്തൽ.

രവീന്ദ്ര ജഡേജയെയും ഹർദിക് പാണ്ഡ്യയെയുമല്ല ഇന്ത്യ അടുത്ത നായകനായി ഉയർത്തിക്കൊണ്ടു വരേണ്ടത് എന്ന് പ്രസാദ് പറയുന്നു. പൂർണമായും അതിന് അവകാശി ശ്രേയസ് അയ്യരാണ് എന്നാണ് പ്രസാദ് കരുതുന്നത്. ഇന്ത്യയുടെ നായകനായി വലിയ വിജയം സ്വന്തമാക്കാൻ സാധിക്കുന്ന താരമാണ് അയ്യരെന്നും പ്രസാദ് വിശ്വസിക്കുന്നു. “ഹർദിക്കിനും രവീന്ദ്ര ജഡേജയ്ക്കും പകരം ശ്രേയസ് അയ്യരെയാണ് നമ്മൾ നായകനായി ഇനി അണിയിച്ചെടുക്കേണ്ടത്. അയാൾ നമ്മുടേതായ സിസ്റ്റത്തിന് കീഴിൽ വളർന്നുവന്ന താരമാണ്.”- പ്രസാദ് പറയുന്നു.

“അവന്റെ കഴിഞ്ഞ രണ്ടു വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാവും. ശ്രേയസ് അയ്യർ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഇന്ത്യ എ ടീമിനെ നയിച്ചിരുന്നു. ആ സമയത്ത് ഇന്ത്യ എ ടീം കളിച്ച 10 പരമ്പരകളിൽ എട്ടെണ്ണത്തിലും വിജയം സ്വന്തമാക്കാൻ നമുക്ക് സാധിച്ചു. അതുകൊണ്ടുതന്നെ നായകനായി നമുക്ക് ചുറ്റും എപ്പോഴുമുള്ള താരവുമാണ് ശ്രേയസ്. ആ തസ്തികയിലേക്ക് അവനെ തന്നെ ഉയർത്തിക്കൊണ്ട് വരേണ്ടത് ആവശ്യമാണ് വിരാട് കോഹ്ലിക്കും രോഹിത് ശർമയ്ക്കും ശേഷം നമുക്ക് ടീമിനെ നയിക്കാൻ അത്തരമൊരു താരത്തെയാണ് വേണ്ടത്. ഋഷഭ് പന്തിനേക്കാൾ മുകളിലാണ് ഇപ്പോൾ അയ്യർ.”- പ്രസാദ് കൂട്ടിച്ചേർത്തു.

Read Also -  "കൂടുതൽ ആംഗിളുകൾ നോക്കണമാരുന്നു. കാട്ടിയത് അബദ്ധം"- സഞ്ജു വിവാദത്തിൽ തേർഡ് അമ്പയറിനെതിരെ മുൻ താരം.

2018ലായിരുന്നു അയ്യർ ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യമായി നായകനായി എത്തിയത്. ഡൽഹി ക്യാപ്പിറ്റൽസ് ടീമിൽ നിന്ന് ഗൗതം ഗംഭീർ വിരമിച്ചതിന് ശേഷമാണ് അയ്യർ നായകനായത്. ശേഷം റിക്കി പോണ്ടിങ്ങിന് കീഴിൽ അയ്യർ മികച്ച പ്രകടനം പുറത്തെടുക്കുകയുണ്ടായി. അവിടെ നിന്നാണ് ശ്രെയസ് അയ്യർ എന്ന നായകൻ ഉദയം കൊണ്ടത് എന്ന് പ്രസാദ് വിശ്വസിക്കുന്നു. ശേഷം ഡൽഹിയിൽ നിന്ന് കൊൽക്കത്തയിലേക്ക് ചേക്കേറിയതോടെ ശ്രേയസ് പൂർണമായ ഉത്തരവാദിത്വമുള്ള നായകനായി മാറുകയായിരുന്നു എന്ന് പ്രസാദ് വിലയിരുത്തുന്നു.

Scroll to Top